FIRE
മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവം; ഹോട്ടലിന് സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അഗ്‌നിസുരക്ഷാ സേനയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം | മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിന് സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അഗ്‌നിസുരക്ഷാ സേനയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലിന് ഫയര്‍ എന്‍ ഒ സി ഇല്ലായിരുന്നെന്ന് അഗ്‌നിസുരക്ഷാ സേന വ്യക്തമാക്കി. 20,000 ലിറ്റര്‍ സംഭരണശേഷിയുള്ള സിമന്റില്‍ തീര്‍ത്ത ജലസംഭരണി വേണമെന്ന വ്യവസ്ഥയും ഹോട്ടല്‍ ലംഘിച്ചു. ഹോട്ടലില്‍ ഉണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിത്തില്‍ ഫയര്‍ ഇന്‍ലെറ്റും ഔട്ട് ലെറ്റും ഇല്ലെന്നും അഗ്‌നിസുരക്ഷാ സേന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചത്. അപകടത്തില്‍ കോട്ടക്കല്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടര്‍ന്നത്. തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. പെരുന്തല്‍മണ്ണയില്‍ നിന്നും മണ്ണാര്‍ക്കാട് നിന്നുമെത്തിയ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
അതേസമയം, തീപിടുത്തത്തില്‍ അഗ്‌നിശമന സേനയ്ക്കെതിരെ ആരോപണവുമായി ഹോട്ടലുടമ ഫായിദാ ബഷീര്‍ രംഗത്തെത്തിയിരുന്നു. അഗ്‌നിശമന സേന എത്താന്‍ വൈകിയതാണ് തീപടരാന്‍ കാരണമായതെന്ന് ഹോട്ടല്‍ ഉടമ ആരോപിച്ചു. ഹോട്ടലും ഫയര്‍സ്റ്റേഷനും തമ്മില്‍ ആകെ ആറ് കിലോമീറ്റര്‍ ദൂരം മാത്രമാണെന്നും പത്ത് മിനിറ്റിനുള്ളില്‍ എത്താവുന്നിടത്ത് ഒന്നര മണിക്കൂര്‍ എടുത്തുവെന്നും ഹോട്ടല്‍ ഉടമ ആരോപിച്ചു.




