Connect with us

Kozhikode

ഇരുപത് വയസ്സ്, ഇരുപത് കേസുകള്‍; ട്വൻ്റി 20 സ്റ്റൈലിൽ അർഫാൻ്റെ ക്രിമിനൽ ലൈഫ്

അറസ്റ്റിലായത് കഴുത്തില്‍ കത്തിവെച്ച് പണവും മൊബൈല്‍ ഫോണും അപഹരിച്ച സംഭവത്തിൽ

Published

|

Last Updated

കോഴിക്കോട് | ഇരുപത് വയസ്സിനിടക്ക് ഇരുപത് മോഷണക്കേസുകള്‍ സ്വന്തം പേരിലാക്കിയ ചാപ്പയില്‍ അര്‍ഫാനെ പോലീസ് വലയിലാക്കി. ബൈക്ക് യാത്രക്കാരനായ യുവാവിനെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും അപഹരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലംഗ സംഘാംഗമാണ് അർഫാൻ.

നഗരത്തില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന ചെറുതും വലുതമായ സംഘങ്ങളെ നിരീക്ഷിക്കണമെന്ന പ്രത്യേക നിര്‍ദേശത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധനകള്‍. അര്‍ഫാന്‍ എന്ന മുന്‍ കുറ്റവാളിയുടെ നേതൃത്വത്തില്‍ കത്തിയുമായി ഒരു സംഘം നഗരത്തില്‍ രാത്രികാലങ്ങളില്‍ ഭീതി പരത്തി കറങ്ങുന്നതായി പോലീസ് കണ്ടെത്തി. ബൈക്കിലും സ്‌കൂട്ടറിലും കാറിലുമൊക്കെ സംഘം കറങ്ങാറുണ്ടെന്ന് വിവരം ലഭിച്ച സിറ്റി ക്രൈം സ്‌ക്വാഡ് അര്‍ഫാൻ്റെ രഹസ്യ സങ്കേതങ്ങളും താവളങ്ങളും കണ്ടെത്തുകയായിരുന്നു. സ്ഥിരമായി ഒരേ സ്ഥലത്ത് തമ്പടിക്കാത്ത സംഘത്തെ കുടുക്കാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പിടികൂടാന്‍ സാധിച്ചത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കുകയും വീട്ടിലെ എ ടി എം കാര്‍ഡ് വഴി പണം തട്ടുകയും ചെയ്ത കേസിലും അര്‍ഫാന്‍ പ്രതിയാണ്. അജ്മല്‍ ബിലാല്‍ നിരവധി കേസുകളില്‍ അര്‍ഫാൻ്റെ കൂട്ടുപ്രതിയായിരുന്നു. മാത്തോട്ടം സ്വദേശി റോഷന്‍ അലി പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കവര്‍ച്ച നടത്തിയ ഫോണും പ്രതികള്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ (21), അരക്കിണര്‍ സ്വദേശി പാളയം റഈസ് എന്ന റഹീസ് (30), മാത്തോട്ടം സ്വദേശി മോട്ടി എന്ന റോഷന്‍ അലി (25) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

നിരവധി സി സി ടി വി ക്യാമറകള്‍ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെകുറിച്ച് അന്വേഷണം നടത്തിയുമാണ് പ്രതികളിലേക്കെത്തിയത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ശാലു, സജേഷ് കുമാര്‍, സി കെ സുജിത്ത്, ശാഫി പറമ്പത്ത്, കസബ സബ് ഇന്‍സ്‌പെക്്ടര്‍ കെ എം റസാഖ്, സീനിയര്‍ സി പി ഒമാരായ മനോജ്, രതീഷ്, രജീഷ് നെരവത്ത്, സി പി ഒമാരായ അനൂപ്, സന്ദീപ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Latest