Connect with us

National

തുരങ്ക ദുരന്തം: തൊഴിലാളികൾക്ക് വിഷാദരോഗത്തിനുള്ള മരുന്ന് നൽകി; രക്ഷാദൗത്യം തുടരുന്നു

ഡ്രൈ ഫ്രൂട്ട്‌സ്, മൾട്ടി വൈറ്റമിൻ മരുന്ന് എന്നിവയും നൽകുന്നുണ്ട്.

Published

|

Last Updated

ഉത്തരകാശി | ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരന്നു. ഇതിനിടെ തൊഴിലാളികളെ വിഷാദരോഗത്തിൽ നിന്ന് രക്ഷിക്കാൻ വിഷാദരോഗത്തിനുള്ള മരുന്ന് പൈപ്പ്ലൈൻ വഴി അയച്ചുനൽകി. ഇതിന് പുറമെ ഡ്രൈ ഫ്രൂട്ട്‌സ്, മൾട്ടി വൈറ്റമിൻ മരുന്ന് എന്നിവയും നൽകുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കുകയാണ്.

മൾട്ടിവിറ്റാമിനുകൾ, ആന്റീ ഡിപ്രസന്റ്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ തൊഴിലാളികൾക്ക് അയച്ചുകൊടുക്കുന്നതായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ സെക്രട്ടറി അനുരാഗ് ജെയിൻ പറഞ്ഞു. പൈപ്പ് ലൈൻ വഴി വെള്ളവും എത്തിക്കുന്നുണ്ട്. ഇതിനായി, 4 ഇഞ്ച് പൈപ്പാണ് ഉപയോഗിക്കുന്നത്. ആദ്യ ദിവസം മുതൽ ഈ പൈപ്പ് വഴിയാണ് ഭക്ഷണം എത്തിക്കുന്നതെന്നും അദ്ദേഹ‌ം പറഞ്ഞു.

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്ഐഡിസിഎൽ) തുരങ്കം നിർമിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച (നവംബർ 12) പുലർച്ചെ 5.30 ഓടെയാണ് തുരങ്കം തകർന്നത്. അന്നുമുതൽ അവിടെ രക്ഷാപ്രവർത്തനം നടന്നുവരികയാണ്. എന്നിരുന്നാലും, അമേരിക്കൻ നിർമിത ഓഗർ മെഷീൻ ഉപയോഗിച്ചുള്ള ഡ്രില്ലിംഗിനിടെ ചില പ്രശ്‌നങ്ങൾ നേരിട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രക്ഷാപ്രവർത്തനം അൽപ സമയത്തേക്ക് നിർത്തിവച്ചു. എന്നിരുന്നാലും, അപ്പോഴേക്കും 60 മീറ്റർ അവശിഷ്ടങ്ങളിൽ 24 മീറ്ററും ഓഗർ യന്ത്രം തുരന്നിരുന്നു.

ഉത്തരകാശി ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിൽ നിന്ന് ഏഴ് മണിക്കൂർ യാത്ര ചെയ്യാവുന്നതുമായ സിൽക്യാര ടണൽ കേന്ദ്ര സർക്കാരിന്റെ ചാർ ധാം ഓൾ വെതർ റോഡ് പദ്ധതിയുടെ ഭാഗമാണ്

Latest