Connect with us

National

ജോഷിമഠ് രക്ഷിക്കാന്‍ തുരങ്ക നിര്‍മ്മാണം നിര്‍ത്തി വെക്കണം: മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

പല വീടുകളും നിലംപൊത്തി, റോഡുകള്‍ വിണ്ടു കീറി.

Published

|

Last Updated

ന്യൂഡല്‍ഹി| ഒരു വര്‍ഷത്തോളമായി വീടുകളില്‍ ഭയന്നാണ് ജോഷിമഠിലെ ജനങ്ങള്‍ കഴിയുന്നത്. വീടുകളില്‍ വലിയ വിള്ളലുകളും ഭൂമിക്കടിയില്‍ നിന്ന് പുറത്തേക്കു വരുന്ന ശക്തമായ നീരൊഴുക്കും കണ്ടും അതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചും ഇവര്‍ക്ക് സമാധാനമില്ലാത്ത അവസ്ഥയാണ്. അതി ശൈത്യത്തില്‍ ഭൗമ പ്രതിഭാസത്തിന്റെ തീവ്രതയും കൂടിയിട്ടുണ്ട്. പല വീടുകളും നിലംപൊത്തി, റോഡുകള്‍ വിണ്ടു കീറി. രണ്ട് വാര്‍ഡുകളില്‍ കണ്ടു തുടങ്ങിയ പ്രശ്‌നം ഇപ്പോള്‍ പത്തിലേറെ വാര്‍ഡുകളില്‍ ഭീഷണിയായതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. ജോഷിമഠ് രക്ഷിക്കാനായി തുരങ്ക നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്ന് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

മൂന്നാം തിയതി മുതല്‍ പല രാഷ്ട്രീയ നേതാക്കള്‍ വന്നിട്ടും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പ്രശ്‌ന പരിഹാരത്തിന് ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ കുറച്ച് സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും തുരങ്ക നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 600 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കണ്‍ട്രോള്‍ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിര്‍ദേശം. ജോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

Latest