International
ട്രംപിന്റെ പ്രചാരകന്‍ വെടിയേറ്റുമരിച്ചു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്

വാഷിങ്ടണ്‍ | അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തില്‍ എത്തിക്കാന്‍ പ്രയത്‌നിച്ച അടുത്ത അനുയായി ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂനിവേഴ്സിറ്റി കാമ്പസിലെ പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. മൂവ്വായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുന്നതിനിടെ കഴുത്തിനു പിന്നിലാണ് വെടിയേറ്റത്. ഉടനെ ഇദ്ദേഹം തളര്‍ന്നു വീണു. പട്ടാപ്പകല്‍ നടന്ന കൊല അമേരിക്കയെ നടുക്കി.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ചാര്‍ളി കിര്‍ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. യുവാക്കളെ വലതു വല്‍ക്കരിക്കുന്നതില്‍ ഇയാള്‍ മുഖ്യ പങ്കുവഹിച്ചു. ടേണിങ് പോയിന്റ് യു എസ് എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. ഈ വലതുപക്ഷ സംഘടനക്ക് എല്ലാ കോളജുകളിലും ചാപ്റ്ററുകള്‍ ഉണ്ടായിരുന്നു.
ഏറെ പ്രചാരമുള്ള പോഡ്കാസ്റ്റുകളുടെ അവതാകരനാണ് ചാര്‍ളി. മുസ്്‌ലിംകള്‍ക്കെതിരെ വിരോധം പ്രചരിപ്പിക്കുന്നതില്‍ ഇയാള്‍ വലിയ പങ്കു വഹിച്ചു. നിരന്തരം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു ഇദ്ദേഹം. ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. സംഭവത്തെ രാഷ്ട്രീയ കൊലപാതകം എന്നാണ് കരുതുന്നത്.