Connect with us

International

ഗസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലെന്ന് ട്രംപ്; ഇസ്‌റാഈല്‍ സമ്മതിച്ചതായും അവകാശവാദം

വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  ഇസ്‌റാഈല്‍ ആക്രമണം തുടരവെ ഗസയില്‍ വെടിനിര്‍ത്തലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ സമ്മതിച്ചതായി സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് പോസ്റ്റില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗസയില്‍ ശാശ്വത സമാധാനം കൊണ്ടുവരും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്വറും ഈജിപ്തും അവതരിപ്പിക്കും എന്നും ട്രംപിന്റെ പ്രഖ്യാപനത്തിലുണ്ട്. .

അതേ സമയം ജൂണ്‍ 13 ന് ഇറാനില്‍ ഇസ്‌റാഈല്‍ ബോംബാക്രമണം ആരംഭിച്ചതിനുശേഷം, 12 ദിവസത്തിനിടെ മാത്രം 860 പേരാണ് ഗസയില്‍ കൊല്ലപ്പെട്ടത്. അതില്‍ 549 പേരും മരിച്ചത് ഭക്ഷണ വിതരണ കേന്ദ്രത്തിലെ വെടിവെപ്പിലാണ്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെത്തുന്ന നിരായുധരായ സാധാരണക്കാരെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 74 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസില്‍ ഏഴ് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടു. കവചിത വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണ് മരണം.

അതേസമയം, ഇസ്‌റാഈലുമായി ചര്‍ച്ചകള്‍ക്ക് വഴി തുറക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ രേഖാമൂലം വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ സംഘര്‍ഷം ഉണ്ടാക്കില്ലെന്ന് ഇസ്‌റാഈല്‍ ഉറപ്പ് നല്‍കണം. ഗസയിലോ ലെബനോനിലോ പോലെ ആക്രമിക്കുന്നത് അനുവദിക്കില്ല. ഇതിന് യുഎന്‍ അംഗരാജ്യങ്ങള്‍ ഇടപെടണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുമ്പോഴാണ് ഈ നിലപാട്. വെടിനിര്‍ത്തലിന് ഇറാന്‍ സമ്മതിച്ചത് പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അതേ സമയം ഇസ്‌റാഈല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

Latest