Connect with us

Articles

ശാന്തനിർഭരം; തെന്നൽപോലെ ശൈഖ് നവാഫ് അൽ അഹ്മദ്

വലിയ ഒച്ചകൾ സൃഷ്ടിക്കാതെ നടന്നു നീങ്ങാനായിരുന്നു കുവൈത്തിന്റെ 16ാമത് അമീറായ ശൈഖ് നവാഫ് ശ്രദ്ധിച്ചത്. അദ്ദേഹം അമീറായി സാരഥ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷം മിഡിൽ ഈസ്റ്റ് മേഖലയിൽ നിരവധി കൊടുങ്കാറ്റുകളാണ് ഉണ്ടായത്. ആ വിഷയങ്ങളിലൊക്കെ മാധ്യസ്ഥന്റെ റോൾ ഏറ്റെടുക്കാൻ അദ്ദേഹം മുന്നോട്ട് വന്നു.

Published

|

Last Updated

അരനൂറ്റാണ്ടോളം കുവൈത്ത് ഭരണത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായി മാത്രമല്ല അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുക. വലിയ ഒച്ചകൾ സൃഷ്ടിക്കാതെ നടന്നു നീങ്ങാനായിരുന്നു കുവൈത്തിന്റെ 16ാമത് അമീറായ ശൈഖ് നവാഫ് ശ്രദ്ധിച്ചത്. അദ്ദേഹം അമീറായി സാരഥ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷം മിഡിൽ ഈസ്റ്റ് മേഖലയിൽ നിരവധി കൊടുങ്കാറ്റുകളാണ് ഉണ്ടായത്. ആ വിഷയങ്ങളിലൊക്കെ മാധ്യസ്ഥന്റെ റോൾ ഏറ്റെടുക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. അൽ സബാഹ് കുടുംബത്തിൽ ജനപ്രീതി ഏറെ നേടിയ വ്യക്തിത്വം കൂടിയാണ് ശൈഖ് നവാഫ്. അത് അദ്ദേഹത്തിന്റെ എളിമത്വം കൊണ്ട് കൂടിയായിരുന്നു.

ഗവർണർ, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീർ എന്നീ നിലകളിൽ ഭരണസാരഥ്യത്തിൽ പ്രവർത്തിച്ച ആളാണ് ശൈഖ് നവാഫ്. രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ചക്കാൻ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിനായി.

2020 സെപ്റ്റംബർ 30-ന് കുവൈത്ത് അമീറായി ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ചുമതലയേൽക്കുന്നത്. രാജ്യത്തിന്റെ സ്ഥിരതയും ജനാധിപത്യ പാതയും പൈതൃകവും സംരക്ഷിക്കുകയെന്ന പ്രതിജ്ഞയോടെയാണ് 83-ാം വയസ്സിൽ ശൈഖ് നവാഫ് കുവൈത്തിന്റെ പരമാധികാരത്തിലെത്തുന്നത്. അതിലോലമായ സാഹചര്യങ്ങളും അപകടകരമായ വെല്ലുവിളികളും നിറഞ്ഞ നാളുകളിലൂടെയാണ് തങ്ങൾക്ക് കടന്നുപോകാനുള്ളതെന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു. കുവൈത്ത് പാർലമെന്റിൽ അധികാരമേറ്റ ഉടനെ ഇക്കാര്യം നിരവധി തവണകളിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആഗോള എണ്ണ വിലയിൽ ഇടിവ് നേരിട്ട കാലഘട്ടം കൂടിയായിരുന്നു അത്. അതിന്റെ പ്രതിഫലനം കുവൈത്തിന്റെ സാമ്പത്തിക മേഖലയിലും വലിയ തോതിൽ പ്രതിഫലനം സൃഷ്ടിച്ചു. തുടർന്ന് വന്ന കോവിഡ് മഹാമാരിയിലും അതിനെ ആടിയുലയാതെ നിലനിർത്തിയത് ശൈഖ് നവാഫിന്റെ വിശാലമായ ഭരണപാടവം ഒന്നു തന്നെയാണ്.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഖത്തറിനെതിരെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിന്റെ ഏറ്റവും മോശമായ വിള്ളലുകളിലൊന്ന് രൂപപ്പെടുകയും ചെയ്തപ്പോൾ തന്റെ മുൻഗാമിയുടെ മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ച ഉണ്ടാക്കാൻ ശൈഖ് നവാഫ് പരിശ്രമിച്ചു. 2021 ജനുവരിയിൽ സൗദി അറേബ്യയിലെ അൽ ഉല ഉച്ചകോടിയിൽ ഒരു അനുരഞ്ജന ഉടമ്പടി രൂപപ്പെടാനും അന്തർ-ജിസിസി തർക്കം അവസാനിപ്പിക്കാനും അമീർ നവാഫ് വഹിച്ച പങ്ക് എക്കാലവും ഓര്മിക്കപ്പെടുന്നതാണ്. 2021-ൽ ഗൾഫ് രാജ്യങ്ങളും ലെബനനും തമ്മിലുണ്ടായ നയതന്ത്ര തർക്കം പരിഹരിക്കുന്നതിലും ശൈഖ് നവാഫ് മധ്യസ്ഥ റോൾ വഹിച്ചു.

കുവൈത്തിൽ ദേശീയ ഐക്യത്തെ ബലപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. ഇറാനു വേണ്ടിയും അതിന്റെ ലെബനൻ സഖ്യകക്ഷിയായ ഹിസ്ബുല്ലക്ക് വേണ്ടിയും ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2016-ൽ ശിക്ഷിക്കപ്പെട്ട കുവൈത്തികൾക്ക് അനുരഞ്ജനത്തിന്റെ സന്ദേശവുമായി അദ്ദേഹം മാപ്പ് നൽകി. മുൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരായിരുന്നു തടവുകാർ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സർക്കാരും പാർലമെന്റും തമ്മിലെ തർക്കങ്ങൾ കുവൈത്ത് രാഷ്ട്രീയത്തിന്റെ ദുർബലത ഇടയ്ക്കിടെ പ്രകടമാക്കുന്ന പ്രതിസന്ധിയാണ്. രാജ്യത്ത് ആവശ്യമായ സാമ്പത്തിക പരിഷ്കാരങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഈ തർക്കങ്ങൾ വളരാറുണ്ട്. ഇടയ്ക്കിടെ പാർലമെന്റ് പിരിച്ചുവിടുന്നതും ഭരണകർത്താക്കൾ റാക്കിവെക്കുന്നതും 50 അംഗ പാർലമെന്റിലെ അംഗങ്ങൾ രാജിവക്കുന്നതുമൊക്കെ പതിവ് വാർത്തകളായി നിറയാറുണ്ട്. ഇത് കുവൈറ്റിനെ രാഷ്ട്രീയ സ്തംഭനത്തിലേക്ക് തള്ളിവിടുന്ന ഒന്നാണെന്ന് ശൈഖ് നവാഫിന് അറിയാമായിരുന്നു. 2022 ജൂൺ 22-ന് പാർലമെന്റ് പിരിച്ചുവിടൽ പ്രഖ്യാപിക്കുകയും നേരത്തെയുള്ള തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

തെറ്റായ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അത് മുൻവിധികളുടെയും കലഹങ്ങളുടെയും അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം മനസ്സിലാക്കി. സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടന്നു. എന്നാൽ 2023 മെയ് 1-ന് വീണ്ടും കുവൈത്ത് പാർലമെന്റ് പിരിച്ചുവിട്ടു. എന്നാൽ ഭരണഘടനാ കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാർച്ചിൽ പുനഃസ്ഥാപിക്കപ്പെട്ടു.

2023 ജനുവരിയിൽ അമീറിന്റെ മകനും പ്രധാനമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ സബാഹ് സർക്കാരിന്റെ രാജി സമർപ്പിച്ചു. മാർച്ചിൽ അദ്ദേഹത്തെ പ്രധാനമന്ത്രിയായി പുനർനാമകരണം ചെയ്യുകയും ഈ മാസം പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങിനെ കുഴഞ്ഞുമറിഞ്ഞ കുവൈത്ത് രാഷ്ട്രീയത്തിന്റെയും ഭരണകൂടത്തിന്റെയും ആഴമറിഞ്ഞ വ്യക്തിയായിരുന്നു ശൈഖ് നവാഫ്.

1937 ജൂൺ 25 നാണ് ശൈഖ് നവാഫ് ജനിക്കുന്നത്. അൽ മുബാറകിയ സ്കൂൾ ഉൾപ്പെടെ മാതൃരാജ്യത്തിലെ വിവിധ കലാലയങ്ങളിലെ പഠനത്തിന് ശേഷം 24-ാം വയസ്സിൽ, 1961ൽ കുവൈത്തിലെ പ്രധാന ഗവർണറേറ്റുകളിലൊന്നായ ഹവല്ലിയുടെ ഗവർണറാറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978-ൽ ആഭ്യന്തരമന്ത്രിയായി നിയമിതനാകുന്നതുവരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. ഒരു ദശാബ്ദത്തിനു ശേഷം 1988ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി.

1991-ൽ ഇറാഖീ അധിനിവേശ സേനയെ കുവൈത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം, വിമോചനാനന്തര സർക്കാരിൽ സാമൂഹ്യകാര്യ തൊഴിൽ മന്ത്രാലയത്തിന്റെ തലവനായി ശൈഖ്‌ നവാഫിനെ നിയമിതനായി. സാമൂഹിക-തൊഴിൽ മന്ത്രി എന്ന നിലയിൽ വിധവകൾ, പ്രായമുള്ളവർ, അനാഥർ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. തുടർന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. 2006 ഫെബ്രുവരിയിൽ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ അദ്ദേഹം ആ പദവി തുടർന്നു. അന്നത്തെ അമീർ ശൈഖ് സബാഹ് ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ ഘട്ടത്തിൽ ചുമതല ശൈഖ്‌ നവാഫിനായിരുന്നു.

കുവൈത്തിന്റെ ചരിത്രത്തിലെ പതിനാറാമത്തെയും ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആറാമത്തെയും അമീറാണ് ശൈഖ് നവാഫ്. നിലവിലെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് ഉൾപ്പെടെ അഞ്ച് മക്കളാണ് ശൈഖ്‌ നവാഫിന്.

Latest