vd satheesan
ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ 2022 മുതല്‍ നീക്കം തുടങ്ങി: വി ഡി സതീശന്‍
2022ല്‍ പ്രിസണ്‍ ആക്ടില്‍ ഭേദഗത് വരുത്തി

തിരുവനന്തപുരം | ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ 2022 മുതല്‍ നീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. ഏഴാം പ്രതിക്കും ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടന്നു. ഇതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
2022ല്‍ പ്രിസണ്‍ ആക്ടില്‍ ഭേദഗത് വരുത്തിയെന്ന് വി ഡി സതീശന്‍ പറഞ്ഞു.പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് സര്‍ക്കാര്‍ ഒഴിവാക്കി. നിയമസഭ പാസാക്കിയ നിയമമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ റദ്ദാക്കിയതെന്നും ഇത് സഭ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം ഉത്തരവിലൂടെ റദ്ദാക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്ന് വിഡി സതീശന്‍ ചോദിച്ചു.
കേസിലെ ഏഴാം പ്രതി ട്രൗസര്‍ മനോജിന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടത്തി. ഇന്നലെ വൈകുന്നേരം ഇതിനായി കെ കെ രമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ടി പി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രിക്കായി മന്ത്രി എം ബി രാജേഷാണ് മറുപടി നല്‍കിയത്. ഹൈക്കോടതി ഇളവ് നല്‍കരുതെന്ന് പറഞ്ഞവര്‍ക്ക് ഇളവില്ലെന്നും നിയമവിരുദ്ധമായി ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നിലവിലെ മാനദണ്ഡപ്രകാരം പ്രതികള്‍ക്ക് ശിക്ഷായിളവിന് അര്‍ഹതയില്ല. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.