Saudi Arabia
നെസ്‌ലെയുടെ ബേബി മില്‍ക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സഊദി
സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.
റിയാദ് | നെസ്‌ലെയുടെ ബേബി മില്‍ക് ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി സഊദി അറേബ്യ. നെസ്‌ലെയുടെ ശിശു ഫോര്‍മുലയില്‍ ഉള്‍പ്പെടുന്ന നാന്‍, ആല്‍ഫാമിനോ, എസ്-26 ഗോള്‍ഡ്, എസ്-26 അള്‍ട്ടിമ എന്നിവ ഉപയോഗിക്കുന്നതിനെതിരെയാണ് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ് എഫ് ഡി എ) മുന്നറിയിപ്പ് നല്‍കിയത്.
കുട്ടികളില്‍ ഭക്ഷ്യവിഷബാധക്ക് കാരണമായേക്കാവുന്നതുമായ ചില ഉത്പന്നങ്ങള്‍ ലോകമെമ്പാടും തിരിച്ചുവിളിക്കാന്‍ നെസ്‌ലെ ഗ്ലോബല്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് അതോറിറ്റി നടപടികള്‍ സ്വീകരിച്ചത്. പാചകം ചെയ്യുന്നതിലൂടെയോ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ ശിശു പാല്‍ ഉണ്ടാക്കുമ്പോഴോ നിര്‍ജീവമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലാത്ത ‘ഒരു വിഷവസ്തുവാണ് സെറ്യൂലൈഡ് ഇത് ഉപയോഗിക്കുന്നതോടെ ഓക്കാനം, ഛര്‍ദി എന്നിവക്ക് കാരണമാകുന്നതാണ് ആഗോളവ്യപകമായി 37 രാജ്യങ്ങളില്‍ നെസ്‌ലെയുടെ ഉത്പന്നങ്ങള്‍ കാരണമായത്.
ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളുടെ റിപോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതോറിറ്റി സ്ഥിരീകരിച്ചു. തിരിച്ചുവിളിച്ച ബാച്ചുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും വിപണിയില്‍ നിന്നും ഉത്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലെന്നാണ് ഓസ്ട്രിയയുടെ ആരോഗ്യ മന്ത്രാലയം പറഞ്ഞത്. രാജ്യത്തെ പത്തിലധികം നെസ്‌ലെ ഫാക്ടറികളില്‍ നിന്നുള്ള 800 ലധികം ഉത്പന്നങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ബാച്ച് നമ്പറുകള്‍ ഉള്‍പ്പെടെ നിരോധിത ഉത്പന്നങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി വെബ്സൈറ്റില്‍ ലഭ്യമാണെന്നും 19999 എന്ന നമ്പറില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യ സുരക്ഷാ ആശങ്കകള്‍ റിപോര്‍ട്ട് ചെയ്യാമെന്നും സഊദി ഫുഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.




