Aksharam Education
8 തവണ തോറ്റ എബ്രഹാം ലിങ്കൺ
പലപ്പോഴും ചെറിയ തോൽവികളിൽ പോലും നിരാശ ബാധിച്ച് ശ്രമങ്ങൾ ഉപേക്ഷിക്കുന്ന നമുക്ക് വലിയൊരു പാഠമാണ് എബ്രഹാം ലിങ്കന്റെ ജീവിതം
അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവ് എബ്രഹാം ലിങ്കനെ അറിയാത്ത വിദ്യാർഥികൾ ഉണ്ടാകില്ല. പക്ഷേ തിരഞ്ഞെടുപ്പിൽ എട്ട് തവണ തോറ്റ ശേഷമാണ് എബ്രഹാം ലിങ്കൺ അമേരിക്കയുടെ അമരക്കാരനായതെന്ന കാര്യം എത്ര പേർക്കറിയാം. പലപ്പോഴും ചെറിയ തോൽവികളിൽ പോലും നിരാശ ബാധിച്ച് ശ്രമങ്ങൾ ഉപേക്ഷിക്കുന്ന നമുക്ക് വലിയൊരു പാഠമാണ് എബ്രഹാം ലിങ്കന്റെ ജീവിതം. പരിശ്രമിച്ചുകൊണ്ടേയിരുന്നാൽ ഏത് തോൽവിയും വിജയത്തിലേക്ക് എത്തുമെന്നതിന് വലിയൊരു സാക്ഷികൂടിയാണ് ലോകം ഒന്നാകെ ബഹുമാനിക്കുന്ന എബ്രഹാം ലിങ്കന്റെ ജീവിത കഥ.
ജീവിത യാത്ര
പലതവണ തോറ്റിട്ടും നിരാശനാകാതെ തന്റെ ആഗ്രഹങ്ങളിൽ ഉറച്ചുനിന്ന് ഒടുവിൽ അമേരിക്കയുടെ തലപ്പത്തേക്ക് നടന്നടുക്കുകയായിരുന്നു ലിങ്കൺ. പടിഞ്ഞാറൻ അതിർത്തിയിലെ ദരിദ്ര കുടുംബത്തിലായിരുന്നു ലിങ്കന്റെ ജനനം. സ്വന്തമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇല്ലിനോയിയിൽ അഭിഭാഷകനായാണ് ജോലി ആരംഭിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകനും കച്ചവടക്കാരനും പോസ്റ്റ്മാസ്റ്ററും സർവേയറായുമൊക്കെയായി ജീവിച്ചു. അദ്ദേഹത്തിന്റെ പിതാവ് തോമസ് ലിങ്കൺ കർഷകനായിരുന്നു. പുസ്തകങ്ങൾ വായിക്കാനും എഴുതാനുമൊക്കെയായിരുന്നു ലിങ്കണ് കൂടുതൽ താത്പര്യം. ഔപചാരിക വിദ്യാഭ്യാസത്തിന് പ്രാപ്തിയില്ലാതിരുന്നതുകൊണ്ട് ലിങ്കൺ സ്വയം വിദ്യാഭ്യാസം നേടുകയായിരുന്നു.
പ്രശസ്തരുടെ ആത്മകഥകളും പൗരാണിക കഥകളും ധാരാളം വായിക്കാൻ ചെറുപ്പകാലത്തിൽ തന്നെ ലിങ്കന് കഴിഞ്ഞു. 23മാത്തെ വയസ്സിൽ കച്ചവടസംരംഭം ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. ആ സമയത്താണ് പ്രസംഗങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. പക്ഷേ, വിദ്യാഭ്യാസത്തിന്റെ അഭാവവും പണമില്ലാത്തതും ഒപ്പം നിൽക്കാൻ സുഹൃത്തുക്കൾ ഇല്ലാത്തതും അദ്ദേഹത്തെ പൊതുപ്രവർത്തന രംഗത്ത് നിന്ന് പിന്നോട്ടടിപ്പിച്ചു. പിന്നീട് നിരന്തര പരിശ്രമത്തിലൂടെ അദ്ദേഹം പടിപടിയായി ഉയർന്നുവന്നു. അങ്ങനെയാണ് ഇല്ലിനോയിയിൽ അഭിഭാഷകനായി ജോലി നേടുന്നത്. തുടർന്ന് രാഷ്ട്രീയരംഗത്തേക്ക് എത്തുകയായിരുന്നു.
രാഷ്ട്രീയ ജീവിതം
1830കളിലാണ് ലിങ്കൺ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എട്ട് തവണ പരാജയം രുചിച്ചു. രണ്ട് തവണ അദ്ദേഹത്തിന്റെ ബിസിനസ്സ് തകർന്നു. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടി. 1832ൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ലിങ്കണിന്റെ ആദ്യ പരാജയം. 1834ൽ നിയമസഭയിലേക്ക് വീണ്ടും മത്സരിച്ച് ജയിച്ചെങ്കിലും 1838ൽ സംസ്ഥാന നിയമസഭയുടെ സ്പീക്കറാകാൻ മത്സരിച്ച് പരാജയപ്പെട്ടു. 1840ലും 1843ലും വീണ്ടും പരാജയം ഏറ്റുവാങ്ങി. 1846ൽ അമേരിക്കൻ കോൺഗ്രസ്സിലേക്ക് മത്സരിച്ച് വിജയിച്ചു. 1848ലെ മത്സരത്തിൽ വീണ്ടും തോൽവി. 1854ൽ അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. 1856ൽ മറ്റൊരു പരാജയംകൂടി ഏറ്റവാങ്ങി. 1858ൽ യു എസ് സെനറ്റിലേക്ക് മത്സരിച്ച് വീണ്ടും പരാജയപ്പെട്ടു. ഒടുവിൽ 1860ലാണ് അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായി എബ്രഹാം ലിങ്കൺ വിജയക്കൊടി പാറിക്കുന്നത്.
അടിമത്തം നിർത്തലാക്കി
1863 ലാണ് അടിമത്തം നിർത്തലാക്കുന്ന ലിങ്കന്റെ ചരിത്രപരമായ വിമോചന വിളംബരം നടക്കുന്നത്. ഈ പ്രഖ്യാപനത്തോടെ അടിമകളെയെല്ലാം സ്വതന്ത്രരാക്കി. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി വിമോചന വിളംബരം മാറി. ലിങ്കൺ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ആഭ്യന്തരയുദ്ധം വിജയിക്കുകയും ചെയ്തു. ഒരു മികച്ച പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ലിങ്കൺ.
ലിങ്കന്റെ കഠിനാധ്വാനവും സമർപ്പണവും നേതൃത്വഗുണവും ലോകത്ത് ഏറെ പ്രശംസിക്കപ്പെട്ടു. 1865 ഏപ്രിൽ 14 ന് വാഷിംഗ്ടൺ ഡി സിയിലെ ഫോർഡ്‌സ് തിയറ്ററിൽ നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് എബ്രഹാം ലിങ്കൺ.



