Connect with us

Uae

17ാം വർഷത്തിലേക്ക്; ജീർണതയുടെ ഇരുട്ടിനെ മറികടക്കാൻ ഗൾഫ് സിറാജ്

ഗൾഫിൽ മലയാളി സമൂഹത്തിന്റെ കണ്ണാടിയായി, അവരുടെ കണ്ണും കാതും നാവുമായി സിറാജ് പ്രയാണം തുടരുകയാണ്.

Published

|

Last Updated

ഗൾഫ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ മാറ്റത്തിന്റെ മലവെള്ളപ്പാച്ചിൽ നടക്കുമ്പോഴാണ്, ഇന്ന്, സിറാജ് ദിനപത്രം യു എ ഇയിൽ 17ാം വർഷത്തിലേക്ക് കാലൂന്നുന്നത്. സിറാജിന് വേണ്ടി മനസും ശരീരവും അർപിച്ച എല്ലാവർക്കും അഭിമാന മുഹൂർത്തം. ചെറിയ നേട്ടമല്ല, കൈവരിച്ചിരിക്കുന്നത്. ധാർമിക നിലപാടുകളിൽ ഒത്തുതീർപ്പില്ലാതെ, 16 വർഷം. തുടർച്ചയായി സമൂഹത്തിന് വാർത്തയും വിശകലനവും നൽകിക്കൊണ്ടേയിരിക്കുകയാണ്. എളുപ്പമല്ലാത്ത ദൗത്യമായിരുന്നു. അനിശ്ചിതത്വത്തിന്റെ കാറ്റുംകോളും നിറഞ്ഞ കാലത്ത്, സാമ്പത്തികവും ചിന്താപരവും ധീരവുമായ തുഴച്ചിലായിരുന്നു. അഭ്യുദയകാംക്ഷികൾ എല്ലാവരും ഒത്തുപിടിച്ചു. കാലിടറുമ്പോൾ ഒരാളല്ലെങ്കിൽ മറ്റൊരാൾ താങ്ങിനിർത്തി. യുദ്ധത്തിൽ മുൻനിര പടയാളികൾ വീഴുമ്പോൾ പിന്നിൽ നിന്ന് അനേകം സന്നദ്ധസേവകർ ഇരച്ചുകയറുന്നതു പോലെ. അവരെ ഐ സി എഫുകാരെന്നോ ആർ എസ് സിക്കാരെന്നോ പരസ്യക്കാരെന്നോ ജീവനക്കാരെന്നോ തരംപോലെ പറയാം. എന്നാൽ യു എ ഇ ഭരണകൂടത്തിന്റെ ഔദാര്യം, ചെയർമാൻ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ധിഷണാപരമായ നേതൃത്വം എല്ലാത്തിനും ഉപരിയാണ്. ഉറപ്പാർന്ന ആ അടിക്കല്ലുകൾ എല്ലാം അചഞ്ചലമായി നിൽക്കുന്നു. പ്രതീക്ഷയോടെ മുന്നോട്ടുപോകാൻ അണിയറക്കാർക്കു കരുത്തും ഊർജവും നൽകുന്നു.

സമൂഹ മാധ്യമങ്ങൾ അച്ചടി മേഖലയെ വിഴുങ്ങുമെന്ന് ശങ്കിച്ചിരുന്ന നാളുകളാണ് കടന്നുപോയത്. മൂക്കാതെ പഴുത്തുപോയതിനാൽ സമൂഹ മാധ്യമങ്ങൾ വേഗം കെട്ടുപോയെന്ന് സമൂഹ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അച്ചടി മാധ്യമങ്ങൾ പുലർത്തുന്ന ഉത്തരവാദിത്ത ബോധം സമൂഹ മാധ്യമങ്ങൾക്ക് കൈവരിക്കാനായില്ല. മറ്റൊരർഥത്തിൽ, സാമ്പ്രദായിക മാധ്യമങ്ങൾക്ക് ബദലാകാൻ അവക്ക് സാധിച്ചില്ല. സമൂഹ മാധ്യമങ്ങൾക്ക് ഉള്ളടക്കം വേണമെങ്കിൽ, വ്യാപക ശൃംഖലകളുള്ള സാമ്പ്രദായിക മാധ്യമങ്ങൾ അനിവാര്യം. രണ്ട് വിഭാഗവും പരസ്പരം സഹകരിച്ചാലേ ഇരുകൂട്ടർക്കും മുന്നോട്ട് പോകാനാവൂ. അതേസമയം സമൂഹമാധ്യമ സാധ്യതയെ, തെളിമയാർന്ന പാരമ്പര്യ പ്രതലങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും തെളിഞ്ഞു. സിറാജ് ഓൺലൈൻ, സോഷ്യല്‍ മീഡിയ പേജുകൾ ഉദാഹരണം.

സിറാജിന് വസ്തുതകളായിരുന്നു എന്നും പ്രധാനം. നിഗമനങ്ങളല്ല. വിശകലനങ്ങളിൽ പോലും അഭ്യൂഹം കടന്നുവന്നില്ല. വായനക്കാരന്റെ ബോധ്യങ്ങളെ എപ്പോഴും മാനിച്ചിട്ടുണ്ട്. അവരെ ബഹുമാനിച്ചു കൊണ്ടല്ലാതെ അക്ഷരങ്ങൾ പകർത്തിയില്ല. യു എ ഇക്ക് ശേഷം മറ്റു ഗൾഫ് രാജ്യങ്ങൾ തേടിപ്പോയപ്പോഴും സിറാജ് ഇത്തരം മൂല്യങ്ങൾ കൈവിട്ടില്ല. എന്നാൽ സമൂഹത്തിന്റെ അപഭ്രംശങ്ങൾ തുറന്നു കാട്ടേണ്ടതുണ്ടായിരുന്നു. സ്വർണ കള്ളക്കടത്തിനെതിരെയുള്ള നിലപാട് അവയിലൊന്നാണ്. വേഗം പണം സമ്പാദിക്കാൻ ജീവൻ അപകടപ്പെടുത്തുന്ന വളഞ്ഞ വഴി ചിലർ തേടുന്നു. നിഷ്‌കളങ്കരായ, നിരാലംബരായ ആളുകൾ ചതിക്കുഴിയിൽപെട്ട് പോകുന്നു. പ്രതികരിക്കാതെ വയ്യ. മുമ്പ്, മനുഷ്യക്കടത്തിനെതിരെയും അവബോധം സൃഷ്ടിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി വിസ മാറ്റം വരുന്നു. ഇന്ന് മുതൽ അനേകം പുതിയ വിസകൾ യു എ ഇയിൽ പ്രാബല്യത്തിലാവുകയാണ്. വിദ്യാസമ്പന്നരായ ആളുകൾക്ക് അവസരങ്ങളുടെ പുതിയ കവാടങ്ങൾ തുറക്കുകയാണ്.

പോയ ദിവസങ്ങളിൽ സിറാജ് ദിനപത്രത്തിന്റെ വാർത്ത വിന്യാസത്തിന്റെ കാതൽ ഇതായിരുന്നു. സിറാജ് ഓൺലൈൻ വഴി നാട്ടിലും സമഗ്രമായി വിവരമെത്തിച്ചു. ഗൾഫിൽ മലയാളി സമൂഹത്തിന്റെ കണ്ണാടിയായി, അവരുടെ കണ്ണും കാതും നാവുമായി സിറാജ് പ്രയാണം തുടരുകയാണ്. സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നവർക്കും ഇത് ബോധ്യമായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. സിറാജ് വ്യക്തിഹത്യ ഒരിക്കലും നടത്തിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ചില മതങ്ങളെ അപഹസിച്ചു കുഴപ്പത്തിലായ മലയാളികളുണ്ടല്ലോ. മതവും രാഷ്ട്രീയവും വേറെയാണെന്നു തിരിച്ചറിയണമെന്നു അത്തരം ആളുകളെ ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു. “തന്റേതല്ലാത്തതെല്ലാം അപഹാസ്യമാണെന്ന് വിചാരിക്കരുത്. തന്റെ ചുറ്റിലും അനേകം ശത്രുക്കൾ ചടുല നൃത്തം ചെയ്യുന്നുവെന്ന അപകടകരമായ മതി വിഭ്രമത്തിലേക്ക് സ്വയം എടുത്തെറിയപ്പെടും.’ ഗൾഫിൽ ജീവിതോപാധി തേടിയാണ് മഹാഭൂരിപക്ഷം വിദേശികൾ, വിശേഷിച്ച് മലയാളികൾ എത്തിയിരിക്കുന്നത്. കുടുംബം പുലർത്താനുള്ള വക കണ്ടെത്തുകയാണ് ഓരോരുത്തരുടെയും കടമ. കുറേ പേർ കുടുംബവുമൊത്താണ് ഇവിടെ ജീവിക്കുന്നത്. അവർക്കും നാട്ടിലുള്ള ഉറ്റവർക്കും പ്രകാശം തീർക്കുകയാണ് ഓരോരുത്തരുടെയും പ്രാഥമിക കർതവ്യം. ജീർണതയുടെ ഇരുട്ട് വ്യാപിച്ചു വരുന്നതിനാൽ കുറേക്കൂടി ജാഗ്രതയും ഊർജവും ആവശ്യമായി വരുന്നു. അതിനായി സിറാജ് ഒപ്പംനിൽക്കുന്നു.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest