Connect with us

Travelogue

ബാബിലോണിയയിലേക്ക്...

ഖുർആനിൽ പേരെടുത്ത് പറഞ്ഞ നാടാണ് ബാബിലോണിയ. ഇവിടേക്ക് ഹാറൂതെന്നും മാറൂതെന്നും പേരുള്ള രണ്ട് മാലാഖമാരെ അയച്ചിരുന്നു. മനുഷ്യർ ധാരാളം തെറ്റുകൾ ചെയ്യുന്നല്ലോ എന്ന് ആക്ഷേപിച്ച മലക്കുകൾക്ക് മാനുഷിക വികാരങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അനുഭവതലത്തിൽ കാണിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു അത്.

Published

|

Last Updated

ബഗ്ദാദിൽ നിന്ന് ആരംഭിച്ച് കുവൈത്ത് വരെ പോകുന്ന എട്ടാം നമ്പർ ആറുവരിപ്പാത. ഇതിലൂടെ തലസ്ഥാന നഗരിയിൽ നിന്ന് പുരാതന നഗരമായ ബാബിലോണിയയിൽ എത്താൻ ഏതാണ്ട് ഒരു മണിക്കൂറാണ് വേണ്ടിവന്നത്. നൂറ്റി ഇരുപത് കിലോമീറ്റർ. കോഴിക്കോട് നിന്നും പാലക്കാടും തൃശൂരും കണ്ണൂരുമൊക്കെ എത്താൻ ഇങ്ങനെ സാധിച്ചിരുന്നെങ്കിൽ എന്ന് അറിയാതെ ആലോചിച്ചുപോയി.
വിജനമായ സ്ഥലങ്ങളാണ് നിരത്തു വക്കിൽ. കൃഷിയിടങ്ങൾ. ഇറാഖിന്റെ കാർഷിക കലവറകളാണ്. ഇടക്ക് ചെമ്മരിയാട്ടിൽ കൂട്ടങ്ങളും ഈന്തപ്പന തോട്ടങ്ങളും ചെറിയ ചെറിയ മണൽക്കുന്നുകളുമുണ്ട്.

വഴിയിലൊരിടത്ത് സദ്ദാം ഹുസൈന്റെ വലിയൊരു കൊട്ടാരമുള്ളത് ഡ്രൈവർ കാണിച്ചു തന്നു. ചുറ്റും വലിയ മരങ്ങളുള്ള കാടുപോലെ തോന്നിക്കുന്നയിടം. അകത്തേക്ക് കാണാനാകുന്നില്ല. മുസ്തഖ്‌ബൽ യൂനിവേഴ്സിറ്റി, ബാബിലോൺ യൂനിവേഴ്സിറ്റി, ഹില്ല കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കവാടങ്ങളും ഇടക്ക് കാഴ്ചയിലെത്തി. ബാബിലോൺ നല്ല ഒരു നഗരമാണ്. പ്രൗഢിയും പുതുമയുള്ള നഗരം. ഈ പ്രദേശത്താണ് പുരാതന മൊസോപൊട്ടോമിയൻ സംസ്കാരവുമായും ഇബ്റാഹീം നബി(അ)യുമായും ബന്ധപ്പെട്ട നിരവധി ചരിത്ര പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.

അതിപുരാതന നഗരമാണ് ബാബിലോൺ. ഹമ്മുറാബിയാണ് പ്രദേശത്തെ അറിയപ്പെട്ട ആദ്യ രാജാവ്. മദീനതു ഹമ്മുറാബി എന്ന പേരിൽ ഒരു നഗരഭാഗം അദ്ദേഹത്തിന്റെ സ്മരണക്കായി ഇപ്പോഴും ബാബിലോണിയയിലുണ്ട്. ബുക്ത് നസർ, അലക്സാണ്ടർ, നംറൂദ് തുടങ്ങിയവരും പലഘട്ടങ്ങളിലായി നഗരം ഭരിച്ചു. ഇവിടെയുള്ള തൂങ്ങുന്ന ഉദ്യാനം ആദ്യകാല സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു. ഇന്ന് നഗരം ഹില്ല പ്രവിശ്യക്ക് കീഴിലാണ്. ലോകത്താദ്യമായി രൂപപ്പെട്ട ലിപികളിലൊന്നായ ക്യൂണിഫോം ബാബിലോണിയൻ ജനതയുടെ സംഭാവനയായിരുന്നു. 2019ൽ നഗരത്തിന്റെ പൈതൃക പ്രാധാന്യം തിരിച്ചറിഞ്ഞ് യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിലൊന്നായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഖുർആനിൽ പേരെടുത്ത് പറഞ്ഞ നാടാണ് ബാബിലോണിയ. ഇവിടേക്ക് ഹാറൂതെന്നും മാറൂതെന്നും പേരുള്ള രണ്ട് മാലാഖമാരെ അയച്ചിരുന്നു. മനുഷ്യർ ധാരാളം തെറ്റുകൾ ചെയ്യുന്നല്ലോ എന്ന് ആക്ഷേപിച്ച മലക്കുകൾക്ക് മാനുഷിക വികാരങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അനുഭവതലത്തിൽ കാണിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു അത്. ആദ്യഘട്ടത്തിൽ മനുഷ്യർക്കിടയിൽ വിധികർത്താക്കളായി നിലകൊണ്ട ഇരുവരും പിന്നീട് ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. ശേഷം പശ്ചാത്താപ വിവശരായി ഇദ്‌രീസ് നബി(അ)യെ സമീപിച്ച അവർക്ക് അല്ലാഹു ശിക്ഷ വിധിച്ചു. അന്ത്യനാൾ വരെയാണ് അതിന്റെ കാലാവധി. ഇന്നും അത് അനുഭവിച്ചു അവർ ബാബിലിൽ കഴിയുന്നു.

ഇബ്റാഹിം നബി(അ)യുടെ ജന്മസ്ഥലവും അഗ്നിയിൽ എറിയപ്പെട്ട കുന്നും സന്ദർശിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബാബിലോണിയയുടെ ഭാഗമായുള്ള ഹില്ലയിൽ എത്തിയത്. മനോഹരമായ ഒരു പ്രദേശമാണിത്. നല്ല പ്രകൃതി കാഴ്ചകൾ സമ്മാനിക്കുന്ന ഇടം. മരുഭൂമിയും ഈന്തപ്പന തോട്ടങ്ങളും അതിന് മിഴിവേകി. ഇബ്റാഹിം നബിയുടെ ജന്മസ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനോടനുബന്ധിച്ച് ഒരു പള്ളിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. അൽപ്പം മുന്നോട്ടു നടന്നാൽ മണൽപരപ്പിലൂടെ മരപ്പലകകൾ വിരിച്ച് തയ്യാറാക്കിയ നടപ്പാത കാണാം. അത് നേരെ ചെന്നെത്തുന്നത് ഇബ്റാഹിം നബിയെ അഗ്നിയിലേക്ക് എറിയാൻ വേണ്ടി നിർമിച്ച കൂറ്റൻ വില്ലിന്റെ അടുത്തേക്കാണ്. മരുക്കാറ്റേറ്റ് അതുവഴി നടക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതി. കടൽത്തീരത്തേത് പോലെയുണ്ട്.
കുന്നിൻ മുകളിലാണ് വില്ല് സ്ഥിതി ചെയ്യുന്നത്. അവിടേക്ക് പ്രവേശനമില്ല. ചുറ്റും വേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്. ആൾപ്പാർപ്പില്ലാത്ത പ്രദേശമാണ്. ആകെയുള്ളത് സന്ദർശകർ മാത്രം. ധാരാളം തദ്ദേശീയരെയും വിദേശികളെയും അക്കൂട്ടത്തിൽ കാണാം.