Uae
യുഎസുമായുള്ള ബന്ധം ശക്തം: പങ്കാളിത്തം ഒരു ട്രില്യണ്‍ ഡോളറായി ഉയര്‍ത്തും; സഊദി കിരീടാവകാശി
സഊദി അറേബ്യ അമേരിക്കയുമായി 300 ബില്യൺ ഡോളറിലധികം കരാറുകളിൽ ഒപ്പുവെച്ചു

റിയാദ്| യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ച്
റിയാദില്‍ നടന്ന സഊദി -യുഎസ് നിക്ഷേപ ഫോറത്തില്‍ അമേരിക്കയുമായി 300 ബില്യണ്‍ ഡോളറിലധികം കരാറുകളില്‍ ഒപ്പുവെച്ചതായി കിരീടാവകാശി സ്ഥിരീകരിച്ചു.
നേരത്തെ റിയാദില്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒരു തന്ത്രപരമായ സാമ്പത്തിക പങ്കാളിത്ത കരാറിലും ഒപ്പ് വെച്ചിരുന്നു.രാജ്യം 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ അവസരങ്ങള്‍ അമേരിക്കയുമായി പ്രതീക്ഷിക്കുന്നുണ്ടെന്നും ഇത് ഒരു ട്രില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ പ്രധാന അജണ്ടയിലെ ഏറ്റവും വലിയ പങ്കാളികളില്‍ ഒന്നാണ് അമേരിക്കയെന്നും സംയുക്ത നിക്ഷേപങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണെന്നും നിക്ഷേപ ഫോറത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
പൊതു നിക്ഷേപ ഫണ്ടിന്റെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് യുഎസ്. ഫണ്ടിന്റെ ആഗോള നിക്ഷേപത്തിന്റെ ഏകദേശം 40 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു.വാഷിംഗ്ടണുമായുള്ള സഹകരണം സാമ്പത്തിക സഹകരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല.സമസ്ത മേഖലയിലും ആഗോള സമാധാനം സ്ഥാപിക്കുന്നതിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും 1,300 അമേരിക്കന്‍ കമ്പനികള്‍ രാജ്യത്ത് നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഊദി -യു.എസ് ഫോറത്തില്‍ സംസാരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തെ പ്രശംസിച്ചു. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും നേതൃത്വമാണ് ഇതിന് കാരണമെന്നും കിരീടാവകാശിയെ ‘മറ്റാരെക്കാളും മികച്ച മനുഷ്യന്‍’ എന്നും ‘തന്റെ ജനങ്ങളുടെ ഏറ്റവും വലിയ പ്രതിനിധി’ എന്നും വിശേഷിപ്പിച്ച ട്രംപ്, സ്വന്തം രാജ്യത്തും മേഖലയിലും മൊത്തത്തില്‍ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഊദികള്‍ വഹിച്ച പങ്ക് പ്രശംസിച്ചു.
സഊദി അറേബ്യ അതിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ചതിനൊപ്പം ഭാവിയിലേക്കുള്ള ആധുനിക വിഷന്‍ 2030 പരിഷ്‌കരണ അജണ്ട സ്വീകരിച്ചതിനും പ്രശംസ അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ആഗോള ബിസിനസ് കേന്ദ്രമായി റിയാദിന്റെ ഉയര്‍ച്ചയെ ട്രംപ് ചൂണ്ടിക്കാട്ടി.എണ്ണ ഇതര മേഖലയുടെ വരുമാനം ഇപ്പോള്‍ എണ്ണ മേഖലയെ മറികടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
മേഖലയെ അസ്ഥിരപ്പെടുത്തുന്നതിനും ലെബനനെ കൊള്ളയടിക്കുന്നതിനും ഹിസ്ബുള്ളയെ അപലപിച്ചു സിറിയ, ലെബനന്‍, ഗാസ, ഇറാഖ്, യെമന്‍ എന്നിവിടങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അതേസമയം റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകളില്‍ സഊദി അറേബ്യയുടെ പങ്കിനെ ട്രംപ് പ്രശംസിക്കുകയും രാജ്യത്തിന് യുഎസ് പിന്തുണ സ്ഥിരീകരിക്കുകയും ചെയ്തു.