Connect with us

thrissur pooram

തൃശൂർ പൂരം ഇന്ന് സമാപിക്കും

ഇന്ന് പുലർച്ചെ മാനത്ത് വർണ വിസ്മയം തീർത്ത് വെടിക്കെട്ട് അരങ്ങേറി,

Published

|

Last Updated

തൃശൂർ | കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവായതിന് ശേഷം വന്നെത്തിയ തൃശൂർ പൂരത്തിന് ഇന്ന് സമാപനം. ഇന്ന് പുലർച്ചെ മാനത്ത് വർണ വിസ്മയം തീർത്ത് വെടിക്കെട്ട് അരങ്ങേറി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിലായിരുന്നു വെടിക്കെട്ട്. താള- വാദ്യ- വർണ മേളങ്ങൾ സൃഷ്ടിച്ച വിസ്മയക്കാഴ്ചകൾക്ക് സാക്ഷിയാകാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലിയാണ് പൂര നഗരിയിലേക്ക് ഇന്നലെ ഒഴുകിയെത്തിയത്. ആളും ആരവവും അകമ്പടിയേകുന്ന പൂരക്കാഴ്ചകൾ പൂരപ്രേമികളുടെ മനം കുളിർപ്പിച്ചു. ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ ആവേശം ഇരട്ടിച്ചു. താള വിസ്മയം പകർന്ന ഇലഞ്ഞിത്തറ മേളവും ദൃശ്യചാരുതയേകിയ കുടമാറ്റവും മേളപ്പെരുക്കത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഗജവീരന്മാരും മേള പ്രമാണിമാരും തൃശൂർ പൂരത്തെ ഒരിക്കൽക്കൂടി ലോക ശ്രദ്ധയിലെത്തിച്ചു.

ഘടക പൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ ജനം ആവേശത്തിമിർപ്പിലായി. ഇന്നലെ രാവിലെ ഏഴ് മണിയോടെ ഏഴ് ആനകളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവാണ് ആദ്യം ശ്രീമൂലസ്ഥാനത്ത് പ്രവേശിച്ചത്. പിന്നാലെ ചെമ്പൂക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടക പൂരങ്ങളുമെത്തി വണങ്ങി. ഓരോ ഘടക പൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറി. 11 മണിയോടെ തിരുവമ്പാടി ദേവസ്വത്തിന്റെ മഠത്തിൽ വരവ് പഞ്ചവാദ്യം നടന്നു. കോങ്ങോട് മധുവായിരുന്നു മേള പ്രമാണി. തുടർന്ന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെ എഴുന്നള്ളിപ്പ് ചടങ്ങിനൊപ്പം കിഴക്കൂട്ട് അനിയൻ മാരാരുടെ പെരുമ്പട മേളം നടന്നു.

ഉച്ചക്ക് രണ്ടേമുക്കാലോടെ വടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയിലെ ഇലഞ്ഞിമരച്ചുവട്ടിൽ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. തുടർന്ന് ശ്രീമൂലസ്ഥാനത്ത് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. മേളങ്ങൾ കലാശിച്ച ശേഷം വൈകിട്ട് ആറോടെയാണ് തെക്കേഗോപുര നടയിൽ കുടമാറ്റ ചടങ്ങിന് തുടക്കമായത്. പൂര ദിനത്തിലെ സായംസന്ധ്യയിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് കുടമാറ്റ ചടങ്ങ് നടന്നത്. അഭിമുഖമായി നിരന്ന തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകൾ ദൃശ്യവിസ്മയം പകർന്നു. ലയണൽ മെസ്സിയുടെ ലോകകപ്പ് വിജയവും കുടമാറ്റത്തിൽ തെളിഞ്ഞു.

ഇന്ന് രാവിലെ നടക്കുന്ന ചെറുപൂരത്തിന് ശേഷം ശ്രീമൂല സ്ഥാനത്ത് ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂര ചടങ്ങുകൾക്ക് കൊടിയിറങ്ങും. നഗരത്തിൽ സുരക്ഷക്ക് 4,100 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.

Latest