Connect with us

Malappuram

വര്‍ഗീയത തൊഴിലാക്കിയവരെ അവജ്ഞയോടെ തള്ളിക്കളയണം: ഖലീല്‍ ബുഖാരി തങ്ങള്‍

വിവിധ മതസ്ഥര്‍ എല്ലാവര്‍ക്കും മാതൃകയായി ഒരുമയോടെ ജിവിക്കുന്ന മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ കുത്സിതശ്രമങ്ങള്‍ അപഹാസ്യമാണ്.

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | രാജ്യത്ത് വര്‍ഗീയതയും വിദ്വേഷവും ആളിക്കത്തിക്കുവാനും സ്വസ്ഥജീവിതം തകര്‍ക്കാനും ശ്രമിക്കുന്നവരെ സമൂഹം അവജ്ഞയോടെ തള്ളിക്കളയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വിവിധ മതസ്ഥര്‍ എല്ലാവര്‍ക്കും മാതൃകയായി ഒരുമയോടെ ജിവിക്കുന്ന മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ കുത്സിതശ്രമങ്ങള്‍ അപഹാസ്യമാണ്. ഇത്തരക്കാര്‍ക്ക് കടിഞ്ഞാണിടാന്‍ ഭരണകൂടം തയ്യാറാകണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സമ്മേളനവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മമ്പുറം തങ്ങള്‍, വെളിയംകോട് ഉമര്‍ ഖാളി തുടങ്ങിയവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നില്‍ നിന്ന് പടനയിച്ചവരാണെന്നും അവരില്‍ നിന്ന് ലഭിച്ച മൂല്യങ്ങളാണ് സമുദായത്തെ വഴിനടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവ നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.

കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബഖാരി കരുവന്‍തിരുത്തി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എന്‍ എം കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.

 

Latest