National
വന്‍ വിജയം പ്രതീക്ഷിക്കുന്നവര്‍ വോട്ടെണ്ണുമ്പോള്‍ അമ്പരക്കും: ശശി തരൂര്‍ എം പി
താന്‍ പരാജയപ്പെടില്ലെന്നും തരൂര്‍

തിരുവനന്തപുരം | കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ എം പി. തനിക്കെതിരെ വോട്ട് ചെയ്യാന്‍ പല നേതാക്കളും വോട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ഇവര്‍ അമ്പരപ്പെടുമെന്നും താന്‍ പരാജയപ്പെടില്ലെന്നും തരൂര്‍ ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നെ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 1997-ലെയും 2000-ലെയും തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ചത് പോലെ വന്‍വിജയം പ്രതീക്ഷിക്കുന്നവര്‍ വോട്ടെണ്ണുമ്പോള്‍ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്- തരൂര്‍ വ്യക്തമാക്കി. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂര്‍ പറഞ്ഞു.
അതേ സമയം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയും ശശി തരൂരും പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനുള്ള ശ്രമത്തിലാണ്.