Kerala
ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും 'ഇന്ത്യ'യെ തോല്‍പ്പിക്കുന്നു; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡോ. പി സരിന്‍
രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാല്‍ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാന്‍ നില്‍ക്കരുത്.
പാലക്കാട്| ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയ്ക്ക് കനത്ത തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ. പി സരിന്‍. ജയിക്കാനറിയാത്തവര്‍ വീണ്ടും വീണ്ടും ‘ഇന്ത്യ’യെ തോല്‍പ്പിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. ജനത്തെ അറിയാത്തവര്‍ ഏതോ ഭൂതകാലക്കുളിരിന്റെ പേരില്‍ നയിക്കാന്‍ ഇനിയും മുന്നില്‍ നില്‍ക്കരുത്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാല്‍ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാന്‍ യോഗ്യതയില്ലാത്ത കോണ്‍ഗ്രസ്, ഇനിയും സംസ്ഥാന അസംബ്ലികളിലേക്ക് മത്സരിക്കാന്‍ നില്‍ക്കരുത്. ബിജെപിയുടെ തീവ്രവാദ വര്‍ഗ്ഗീയ അജണ്ടകളെ തോല്‍പ്പിക്കാന്‍ അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികള്‍ക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയമെന്ന് സരിന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സരിന്റെ വിമര്‍ശനം.
ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഏറെ മുന്നിലാണ് എന്‍ഡിഎ. 190ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. അതേസമയം 40 സീറ്റുകളില്‍ മാത്രമാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്.വിജയ പ്രതീക്ഷയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ബിഹാര്‍ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു.




