Malappuram
ഭരണ സാമൂഹിക സേവന മേഖലയിലുള്ളവര്‍ വിനയാന്വിത നേതൃത്വമാകണം : ഖലീല്‍ തങ്ങള്‍
ഓരോ സ്ഥലത്തേക്കും സ്ഥാനങ്ങളിലേക്കും അതിനനുയോജ്യമായവരെ നിയോഗിച്ച പ്രവാചക തിരുമേനിയുടെ മാതൃക എക്കാലത്തും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്.

മലപ്പുറം | ഭരണ സാമൂഹിക സേവന മേഖലയിലുള്ളവര്‍ വിനയാന്വിത നേതൃത്വമായി മാറാന്‍ കഠിനപരിശ്രമം നടത്തണമെന്ന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍. മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള മുസ്‌ലിം ജമാഅത്ത് ക്രിയേഷന്‍-25 സംസ്ഥാന നേതൃ ക്യാമ്പില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്ഥലത്തേക്കും സ്ഥാനങ്ങളിലേക്കും അതിനനുയോജ്യമായവരെ നിയോഗിച്ച പ്രവാചക തിരുമേനിയുടെ മാതൃക എക്കാലത്തും ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. സംഘടനാ രംഗത്തും ഭരണ മേഖലയിലും കാര്യങ്ങള്‍ പറയുന്നത് മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടാകരുതെന്നും പ്രവര്‍ത്തന രംഗത്ത് മുന്നില്‍ നിന്ന് നേതൃത്വം നല്‍കാന്‍ നേതാക്കള്‍ക്കാകണമെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
സംസ്ഥാന ഉപാധ്യക്ഷന്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസ്സ് റൂമുകളിലായി അംഗത്വ കാമ്പയിന്‍, കര്‍മസാമയികം; കര്‍മപദ്ധതികള്‍, കേരള യാത്ര തുടങ്ങിയ പഠന സെഷനുകള്‍ക്ക് റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കര്‍ പടിക്കല്‍, പി കെ മുഹമ്മദ് ബശീര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, ഷൗക്കത്ത് ഹാജി പാലക്കാട്, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അഫ്‌സല്‍ കൊളാരി, ഹനീഫ് പാനൂര്‍ എ പി, ബശീര്‍ ചെല്ലക്കൊടി, സലിം അണ്ടോണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ ജൂലൈ 15 മുതല്‍ ഡിസംബര്‍ വരെയുള്ള കര്‍മപദ്ധതികളുടെ പഠനമാണ് ക്യാമ്പില്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 200 ലധികം കൗണ്‍സിലര്‍മാരും കര്‍മസാമയികം ഉപസമിതി എക്‌സിക്യൂട്ടീവ് കണ്‍വീനര്‍മാരുമായിരുന്നു പ്രതിനിധികള്‍. കേരളത്തിലെ മുസ്‌ലിംകളുടെ വിശ്വാസ സംരക്ഷണമെന്ന മഹാദൗത്യമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേടിയെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി പറഞ്ഞു. ഹൃസ്വ, ദീര്‍ഘ കാലയളവിലായി സംസ്ഥാനത്തും രാജ്യത്താകമാനവും സ്വയം പര്യാപ്തമായ മുസ്‌ലിം സമൂഹത്തെ പരിവര്‍ത്തിപ്പിച്ചെടുക്കാനാവശ്യമായ ദൗത്യമാണ് സമസ്ത വിഭാവനം ചെയ്യുന്നത്. അതിന് മഹല്ല് ശാക്തീകരണം അടിസ്ഥാന പ്രമാണമായി സ്വീകരിച്ച് പ്രസ്ഥാനം മുന്നോട്ട് പോകുമെന്നും സുലൈമാന്‍ സഖാഫി പറഞ്ഞു. എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ വണ്‍ ട്രോപ്പ് ഇന്‍ഡ്യ ഫ്യൂച്ചര്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രതിനിധികളോടും ക്യാമ്പ് ആഹ്വാനം ചെയ്തു. മജീദ് കക്കാട്, പി എം മുസ്തഫ കോഡൂര്‍ പ്രസംഗിച്ചു. കെ അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍ സ്വാഗതവും സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം നന്ദിയും പറഞ്ഞു.