Kerala
കവര്‍ച്ചക്കിടെ സ്‌കൂളില്‍ ഉറങ്ങിപ്പോയ മോഷ്ടാവ് പിടിയില്‍
സ്‌കൂളില്‍ നിന്നു കവര്‍ന്ന യു പിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളുമായാണ് ഇയാള്‍ ഉറങ്ങിപ്പോയത്.

തിരുവനന്തപുരം | ആറ്റിങ്ങലില്‍ കവര്‍ച്ചക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് അറസ്റ്റിലായത്.ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചിരിക്കുന്നതു കണ്ടു.
പരിശോധന നടത്തിയ സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിലെ ആണ്‍കുട്ടികളുടെ ശുചിമുറിക്ക് സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയില്‍ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. സ്‌കൂളില്‍ നിന്നു കവര്‍ന്ന യു പിഎസും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ കാഷ് കളക്ഷന്‍ ബോക്സ് തകര്‍ത്ത് എടുത്ത പണവും ആയുധങ്ങളുമായാണ് ഇയാള്‍ ഉറങ്ങിപ്പോയത്.