Connect with us

ഈ കര്‍ഷകര്‍ പുതിയ ഇന്ത്യക്ക് വെളിച്ചമാകും

ഏത് ലക്ഷ്യവും നേടാന്‍ ക്ഷമയോടെ ദീര്‍ഘകാല സമരത്തിന് തയ്യാറായാല്‍ സാധ്യമാകും എന്നതാണ് സ്വാതന്ത്ര്യ സമരം നല്‍കുന്ന സന്ദേശം

Published

|

Last Updated

2021ലെ ഗുരു നാനാക്കിന്റെ ജയന്തി ദിനത്തില്‍ രാവിലെ രാഷ്ട്രത്തോട് നടത്തിയ സംബോധനയില്‍ വളരെ നിര്‍ണായകമായ ഒരു കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. കര്‍ഷകരുമായോ പാര്‍ലിമെന്റില്‍ തന്നെയുള്ള അംഗങ്ങളുമായോ കാര്യമായ ചര്‍ച്ചകളൊന്നും നടത്താതെ പാസ്സാക്കിയ മൂന്ന് നിയമങ്ങളും വൈദ്യുതി നിയമ ഭേദഗതികളും പിന്‍വലിക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം.

ഈ തീരുമാനം മോദിയുടെ ഒരു മാസ്റ്റര്‍ സ്ട്രോക്ക് ആണെന്ന് മോദിപക്ഷ മാധ്യമങ്ങള്‍ അന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഈ നിയമങ്ങള്‍ പാസ്സാക്കിയപ്പോഴും ഇതേ മാധ്യമങ്ങള്‍ അതൊരു മാസ്റ്റര്‍ സ്ട്രോക്ക് ആണെന്ന് തന്നെ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തോളമായി നടന്നുവന്ന സമരങ്ങള്‍ അവസാനിപ്പിച്ചു എന്ന രീതിയില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത് കര്‍ഷക സമരത്തെ ആത്മാര്‍ഥമായി പിന്തുണച്ചു വരുന്ന സമൂഹങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് എന്നും വ്യക്തമായിരുന്നു. ഇത്രയും നീണ്ട കാലം ഒരു സഹനസമരം നടത്താന്‍ ശേഷിയുള്ള ഒരു കര്‍ഷക നേതൃത്വത്തെ അത്ര എളുപ്പത്തില്‍ വഞ്ചിക്കാമെന്ന് കരുതാന്‍ പാടില്ല. കര്‍ഷക സമരം ഉന്നയിച്ച നിരവധി ആവശ്യങ്ങളില്‍ കേവലം നിയമത്തിന്റെ വിഷയത്തില്‍ മാത്രമാണ് ചില നീക്കങ്ങള്‍ക്ക് അന്ന് സര്‍ക്കാര്‍ തയ്യാറായത്.

ഒരു വര്‍ഷത്തോളം കാലം ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം നടത്തിയ കര്‍ഷക സമരക്കാരുമായി ഒരു വട്ടം പോലും ചര്‍ച്ച നടത്താന്‍ തയ്യാറാകാതിരുന്ന ഇദ്ദേഹം പെട്ടെന്ന് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് എന്തു കൊണ്ടാകാം? കര്‍ഷകരുടെ നന്മക്കു വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്നും അത് അവരെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയമായി എന്നും ഇതുവഴി കര്‍ഷകര്‍ക്കുണ്ടായ വിഷമങ്ങളില്‍ ഖേദിക്കുന്നു എന്നുമാണ് ഇതിനുള്ള കാരണമായി പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചില ചലനങ്ങളാണ് ഇതിനു കാരണമായത് എന്ന് വ്യക്തം. ഈ സമരകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ച് ഹരിയാന, യു പി, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണം ഈ സമരമാണ് എന്ന തിരിച്ചറിവാണ് ഈ നടപടിക്ക് പിന്നില്‍ എന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് വരാനിരുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ ഭാവിയെ തന്നെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള ഉത്തര്‍ പ്രദേശും ഉണ്ടായിരുന്നു. മാത്രമല്ല, നവംബര്‍ 22ന് ഉത്തര്‍ പ്രദേശിന്റെ

തലസ്ഥാനമായ ലഖ്നൗവില്‍ നടക്കാന്‍ പോകുന്ന മഹാ പഞ്ചായത്ത് രാജ്യത്തിന്റെ ഭാവിയെ തന്നെ നിര്‍ണയിക്കാന്‍ കഴവുള്ള ഒന്നാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ മഹാ പഞ്ചായത്തിനുള്ള ഒരുക്കങ്ങള്‍ തന്നെ ബി ജെ പിയെയും ഉത്തര്‍ പ്രദേശിലെയും കേന്ദ്രത്തിലെയും സര്‍ക്കാറുകളെയും ഗുരുതരമായ പ്രതിസന്ധിയിലാക്കും. ഇത്രയും കാലം കര്‍ഷക സമരത്തിന് സ്വാധീനം ഇല്ലാതിരുന്ന യു പിയുടെ മേഖലകളിലേക്ക് കൂടി (ജാട്ട് ഭൂരിപക്ഷമുള്ള പശ്ചിമ യു പിയില്‍ കൂടി) ഇത് വ്യാപിക്കുന്നതിനെ ബി ജെ പിക്ക് അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സമരത്തെ തണുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ കര്‍ഷകര്‍ സമരമെല്ലാം നിര്‍ത്തി തിരിച്ചു പോകും എന്നാകാം ഇവര്‍ കരുതിയത്. എന്നാല്‍ ഈ സമരത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ആവശ്യത്തോടൊപ്പം തന്നെ കാര്‍ഷിക വിളകള്‍ക്ക് ഏറ്റവും കുറഞ്ഞ താങ്ങുവില (മിനിമം സപ്പോര്‍ട്ട് പ്രൈസ് -എം എസ് പി) നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക എന്ന ആവശ്യവും ഉണ്ട്. ഇക്കാര്യത്തെ കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കും പറഞ്ഞില്ല. മര്‍മപ്രധാനമായ ഈ ആവശ്യത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് സമരം തുടരാനാണ് കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചത്.

ഇതിന് സമാന്തരമായി മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ കര്‍ഷകരും ആദിവാസികളും ചേര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ ഒരു സമര രംഗത്തിറങ്ങിയിരുന്നു. ഭൂമിസേന എന്ന സംഘടനയുടെ ബാനറില്‍ ആ സമരം നടന്നത് നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായാണ്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ മുന്നണിപ്പോരാളിയായ ഭാരതീയ കിസാന്‍ യൂനിയന്റെ നേതാവ് രാകേഷ് ടികായത് തന്നെയാണ് ഇവിടെയും സമരത്തിന്റെ മുന്നിലുണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന, യു പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നു വരുന്ന സമരം മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു എന്ന തിരിച്ചറിവും സര്‍ക്കാറിന്റെ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്ന് പറയാം. ജനകീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കര്‍ഷകര്‍ നടത്തിയ ഈ ധീരോദാത്ത സമരവും അതില്‍ ഉണ്ടായ വിജയവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് ആവേശമായി മാറും എന്ന ബോധ്യവും സര്‍ക്കാറിനുണ്ടായി.

ഇത്തരമൊരു സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ എന്ന ഒരൊറ്റ വിഷയത്തില്‍ താത്കാലികമായി വിട്ടുവീഴ്ച ചെയ്തു കൊണ്ട് മറ്റു വിഷയങ്ങള്‍ മറച്ചു പിടിക്കാം എന്നാണ് സര്‍ക്കാര്‍ കരുതിയത്. അങ്ങനെ തിരഞ്ഞെടുപ്പ് എന്ന കടമ്പ കടക്കാം എന്നും അവര്‍ കരുതി. ആ പാലം കടന്നാല്‍ പിന്നെ കൂരായണ എന്ന് പറയാനും ഇവര്‍ക്ക് ഒരു മടിയും ഇല്ല. അതുകൊണ്ട് തന്നെ കേവലം നിയമങ്ങള്‍ക്കപ്പുറം ഒട്ടനവധി വിഷയങ്ങളില്‍ ജനങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങള്‍ക്കെതിരായ സമരം കൂടിയാണ് കര്‍ഷക സമരം എന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ട്. വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കണം എന്നത് ഒരു പ്രധാന ആവശ്യമാണ്. പൊതു സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിറ്റു തുലക്കുന്ന നയങ്ങളെ കര്‍ഷകര്‍ ചോദ്യം ചെയ്യുന്നു. കോര്‍പറേറ്റ് ഭീമന്മാരായ അംബാനി, അദാനിമാരെ വെല്ലുവിളിച്ചു കൊണ്ട് തന്നെയാണ് ഈ സമരം മുന്നോട്ടു പോയത്. അവരുടെ ചില സ്ഥാപനങ്ങളെ പൂട്ടിക്കാന്‍ പോലും കഴിഞ്ഞിട്ടുണ്ട്.

എങ്ങനെയാണ് ഈ സമരത്തെ ചരിത്രം വിലയിരുത്തിയത്?
കേന്ദ്രത്തില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സംഘ്പരിവാര്‍ മുന്നണിയുടെ യഥാര്‍ഥ പ്രശ്നം അവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വസിക്കുന്നില്ല എന്നതാണ്. അതിലെ മതേതരത്വം, ജനാധിപത്യം, പൗരാവകാശങ്ങള്‍ മുതലായവ ഇവര്‍ക്ക് അനാവശ്യം മാത്രം. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, പിന്നാക്കക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്യേണ്ടവര്‍. ഭരണഘടനാ സ്ഥാപനങ്ങളായ സുപ്രീം കോടതി, പാര്‍ലിമെന്റ്, റിസര്‍വ് ബേങ്ക്, ആസൂത്രണ ബോര്‍ഡ്, യു ജി സി, സി ബി ഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തന രഹിതമാക്കി. മാധ്യമങ്ങളെയെല്ലാം ദാസരാക്കി. രാഷ്ട്രീയ പ്രതിപക്ഷത്തെ നിരായുധരാക്കി. ഈ സര്‍വാധിപത്യ സര്‍ക്കാറിനെ എങ്ങനെ നേരിടാമെന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ധാരണയും ഇല്ലാതിരുന്ന സമയത്താണ് കര്‍ഷക സമരം തുടങ്ങുന്നത്. ഈ സമരം വിജയിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് നിലനില്‍പ്പില്ല എന്ന് വ്യക്തമായി അറിയാവുന്നവരാണ് കര്‍ഷകര്‍. കൊടും തണുപ്പിലും ചൂടിലും മഴയിലുമെല്ലാം മാസങ്ങളോളം സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഏറെ സഹനത്തോടെ തുടര്‍ന്ന ഒരു സമരം.

ക്ഷമയോടെ എത്ര കാലം വേണമെങ്കിലും ഈ സമരം തുടരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ തെളിയിച്ചതാണ്.
ബ്രിട്ടീഷ് ഭരണം എക്കാലവും തുടരും എന്ന അവസ്ഥ വന്ന ഘട്ടത്തിലാണ് ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെത്തുന്നത്. അതിലൂടെ സമരത്തിന്റെ ദിശ തന്നെ മാറി. മതാടിസ്ഥാനത്തില്‍ വിഭജിച്ചു നിന്നവരെ ഒരുമിപ്പിക്കാന്‍ അന്ന് കഴിഞ്ഞു. റാമിനും റാഹീമിനും സ്വീകാര്യമായ സമരമായി മാറി. സഹന സമരം എന്നത് മാര്‍ഗമായി. സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നതിനും മുമ്പാണ് (1917) ഗാന്ധിജി ചമ്പാരനിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നത്. അത് വരും കാല സമരങ്ങള്‍ക്കുള്ള വഴി തെളിച്ചു എന്നും കാണാം. ഏത് ലക്ഷ്യവും നേടാന്‍ ക്ഷമയോടെ ദീര്‍ഘകാല സമരത്തിന് തയ്യാറായാല്‍ സാധ്യമാകും എന്നതാണ് സ്വാതന്ത്ര്യ സമരം നല്‍കുന്ന സന്ദേശവും. മതേതര ഇന്ത്യക്കുള്ള പാതയും അതായിരുന്നു. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവും പുതിയ ഇന്ത്യക്കുള്ള രാഷ്ട്രീയ പോരാട്ടത്തിനുള്ള വെളിച്ചമാകും എന്ന് തീര്‍ച്ച.

ഒന്നാം കര്‍ഷക സമര വിജയത്തെ പറ്റി കവി സച്ചിദാനന്ദന്‍ എഴുതി: എന്താണ് കര്‍ഷക സമരത്തിന്റെ ഏതാണ്ട് മുഴുവനായ വിജയത്തിന്റെ സന്ദേശം? അതിനെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമായി തള്ളിക്കളയുന്നത് കര്‍ഷകരെ പരിഹസിക്കുന്നതിനു തുല്യമായിരിക്കും. അറുനൂറിലേറെ ജീവനുകള്‍ ബലി കൊടുത്തും, വെയിലും മഞ്ഞും മഴയും സഹിച്ചും നാനൂറിലേറെ ദിവസം അവര്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമാണത്.

അവര്‍ ഒരല്‍പ്പം അയഞ്ഞു കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അനേകം നുണപ്രചാരണങ്ങള്‍ ചെറുത്തു നിന്നു. ഈ വിജയത്തിന്റെ പല അര്‍ഥങ്ങളില്‍ ചിലത് ഇവയാണ്:
1. ജനാധിപത്യം പൂര്‍ണമായും ഇന്ത്യയില്‍ അസ്തമിച്ചിട്ടില്ല. മാധ്യമങ്ങള്‍ അദൃശ്യമാക്കിയാലും ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ ഇന്ത്യയില്‍ സജീവമായിത്തന്നെ ഉണ്ട്. അവര്‍ സമരങ്ങള്‍ തുടരുക തന്നെ ചെയ്യും. 2. ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യല്‍, പൗരാവകാശ നിയമ ഭേദഗതി ബില്‍ തുടങ്ങിയവക്കെതിരായ സമരങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കും. 3. പ്രതിരോധത്തിന്റെ ശക്തികള്‍ ഒന്നിച്ച് നില്‍ക്കുക എന്നത് വളരെ പ്രധാനമാണ്. ഈ സമരത്തില്‍ കക്ഷിഭേദം മാറ്റിവെച്ച് കോണ്‍ഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മറ്റു പ്രതിപക്ഷങ്ങളും ഒന്നിച്ച് നിന്ന് പങ്കെടുക്കുകയോ പിന്തുണക്കുകയോ ചെയ്തു. 4. ഭരണഘടനയുടെ ഓരോ ചെറിയ ലംഘനത്തെയും പൗരാവകാശ നിഷേധത്തെയും ചോദ്യം ചെയ്യുക എന്നത് പരമ പ്രധാനമാണ്. മൗനമാണ് ഈ കാലത്തെ ഏറ്റവും വലിയ കുറ്റം, അത് ജനശത്രുക്കളുമായുള്ള സഹകരണത്തിന്റെ ഒരു രൂപം തന്നെയാണ്. ഭയം ഒരു ക്ഷമാപണമല്ല. 5. ഹിംസാത്മകമായ ഒരു സമരവും പേരിനെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ വിജയിക്കുകയില്ല, ആശാസ്യവുമല്ല.

യുദ്ധസജ്ജമായ ഒരു രാഷ്ട്രത്തോട് വിജയകരമായി ഏറ്റുമുട്ടാം എന്ന് കരുതുന്നത് തന്ത്രപരമായിപ്പോലും തെറ്റാകും. ഇവിടെ വിജയിച്ചത് കര്‍ഷകരുടെ ഗാന്ധിയന്‍ മാതൃകയിലുള്ള സഹന സമരമാണ്. അതിനെ ഭരണകൂടം തകര്‍ക്കാന്‍ ശ്രമിച്ചത് സ്വന്തം ആളുകളെക്കൊണ്ട് ഹിംസ ചെയ്യിച്ചും ഹിംസക്ക് പ്രേരണ നല്‍കിയുമാണ്. അതില്‍ കര്‍ഷകര്‍ വീണു പോയിരുന്നെങ്കില്‍ ഈ സമരം പൊളിക്കുക ഭരണകൂടത്തിന് എളുപ്പമാകുമായിരുന്നു. ജനപിന്തുണയും കുറയുമായിരുന്നു. 6. കീഴാള ജനതയുടെയും മനുഷ്യാവകാശ സ്നേഹികളുടെയും വിശാലമായ കൂട്ടായ്മക്ക് മാത്രമേ ഈ ഹിന്ദുത്വ-കോര്‍പറേറ്റ് ജനവിരുദ്ധ സഖ്യത്തെ തകര്‍ക്കാനും ജനാധിപത്യം പൂര്‍ണമായി വീണ്ടെടുക്കാനുമാകൂ. അവിടെ ഗാന്ധിയും മാര്‍ക്സും നെഹ്റുവും അംബേദ്കറും പ്രസക്തരാണ്. എന്നാല്‍ പുതിയ സാഹചര്യമാണിതെന്നു മനസ്സിലാക്കി മുന്നോട്ട് വഴി തേടുകയും വേണം.

വീണ്ടും കര്‍ഷകര്‍ സമരരംഗത്തു വരുന്ന കാലം നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന കാലം കൂടിയാണ്. തീര്‍ച്ചയായും ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെയാണ്.

 

Latest