Uae
ദുബൈയില്‍ കരാര്‍ മേഖലക്ക് പുതിയ നിയമം; നഗരവികസന, സാമ്പത്തിക വളര്‍ച്ചക്കായി വ്യക്തമായ ചട്ടക്കൂട് രൂപപ്പെടുത്തുക ലക്ഷ്യം
ദുബൈ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള ഒരു പ്രതിനിധി ചെയര്‍മാനായുള്ള കരാര്‍ പ്രവര്‍ത്തന നിയന്ത്രണ, വികസന സമിതിയുടെ രൂപവത്കരണമാണ് പുതിയ നിയമത്തിലെ ഒരു പ്രധാന വശം.

ദുബൈ | കരാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ദുബൈയില്‍ പുതിയ നിയമം പുറത്തിറക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഈ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങളും രീതികളും സ്ഥാപിക്കുന്നതിനും കരാറുകാരെ വൈദഗ്ധ്യം, യോഗ്യത, ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനുമുള്ള വ്യക്തമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് നിയമം പ്രഖ്യാപിച്ചത്.
ദുബൈ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള ഒരു പ്രതിനിധി ചെയര്‍മാനായുള്ള കരാര്‍ പ്രവര്‍ത്തന നിയന്ത്രണ, വികസന സമിതിയുടെ രൂപവത്കരണമാണ് പുതിയ നിയമത്തിലെ ഒരു പ്രധാന വശം. ഈ സമിതി കരാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കും. മേല്‍നോട്ട അധികാരികളെ നിയമിക്കുക, നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുക, കൂടാതെ നിയന്ത്രണ സ്ഥാപനങ്ങള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്.
ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി ഐ എഫ് സി) പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളിലേതുള്‍പ്പെടെ ദുബൈയിലെ എല്ലാ കരാറുകാര്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട കരാര്‍ പ്രവര്‍ത്തനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ദുബൈ മുന്‍സിപ്പാലിറ്റിക്കാണ് എമിറേറ്റിലെ എല്ലാ കരാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു സംയോജിത ഇലക്ട്രോണിക് രജിസ്ട്രി സ്ഥാപിക്കാനും പരിപാലിക്കാനുമുള്ള ചുമതല.
നിയമം ലംഘിക്കുന്നവര്‍ക്ക് വലിയ പിഴ ചുമത്തും. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ പിഴ ഇരട്ടിയാക്കും. കൂടാതെ ഒരു വര്‍ഷം വരെ കരാര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താത്കാലികമായി വിലക്കല്‍, വര്‍ഗീകരണം കുറക്കല്‍, രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യല്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ ശിക്ഷകളും ഉണ്ടാകാം. നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കരാറുകാരും ഒരു വര്‍ഷത്തിനുള്ളില്‍ അവരുടെ നിലവിലെ സ്ഥിതി നിയമപരമാക്കണം. സമയപരിധി ആവശ്യമെങ്കില്‍ സമിതിക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാം. ഈ കാലയളവില്‍ രജിസ്‌ട്രേഷന്‍ കാലാവധി അവസാനിക്കുന്നവര്‍ക്ക് നിയമം അനുസരിക്കാമെന്ന് സത്യവാങ്മൂലം നല്‍കിയ ശേഷം പുതുക്കാന്‍ അനുമതി നല്‍കും.
പുതിയ നിയമം, ദുബൈ മുന്‍സിപ്പാലിറ്റി അടുത്തിടെ പ്രഖ്യാപിച്ച ‘കരാറുകാരും എന്‍ജിനീയറിങ് ഓഫീസുകളും വിലയിരുത്തുന്നതിനുള്ള സംവിധാന’ ത്തിലെ വലിയ പരിഷ്‌കരണത്തിനു ശേഷമായാണ് വരുന്നത്. 2026ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരുന്ന ഈ പരിഷ്‌കരിച്ച സംവിധാനം അതിവേഗത്തിലുള്ള നഗരവികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും അനുസൃതമായി കരാര്‍ മേഖലയെ മെച്ചപ്പെടുത്തും.