Kerala
അല്‍ നഹ്ദയില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ച സംഭവം: ഫോറന്‍സിക് റിപോര്‍ട്ട് പുറത്ത്
32കാരിയായ യുവതി തൂങ്ങിമരിച്ചതാണെന്നും കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് റിപോര്‍ട്ടിലുള്ളത്.

ഷാര്‍ജ | അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും അവരുടെ ഒരു വര്‍ഷവും നാല് മാസവും പ്രായമുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്നു. 32കാരിയായ യുവതി തൂങ്ങിമരിച്ചതാണെന്നും കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് റിപോര്‍ട്ടിലുള്ളത്.
ജൂലൈ എട്ട് ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഫ്‌ളാറ്റില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കാണുന്ന പാടുകള്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്നതായി ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. തലയിണ പോലുള്ള മൃദുവായ വസ്തുക്കള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതാവാം കുഞ്ഞിന്റെ മരണകാരണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപോര്‍ട്ടിലുള്ളത്. കുട്ടിയുടെ ശരീരത്തില്‍ മറ്റ് പരുക്കുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. മരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിന് കേസ് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അതിനിടെ, സംഭവത്തില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ‘മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. എന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍ ആണ് എന്നും യുവതി കുറിപ്പില്‍ വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പ് മരണത്തിന്റെ പിറ്റേന്ന് യുവതിയുടെ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യുവതി മരിക്കുന്നതിനു മുമ്പ് സമയം ക്രമീകരിച്ച് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് കരുതുന്നത്. തന്റെ സ്വര്‍ണാഭരണങ്ങളും ബേങ്ക് രേഖകളുമെല്ലാം യുവതി ബന്ധുവായ ഗുരുവായൂര്‍ സ്വദേശിനിയെ സുഹൃത്ത് വഴി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നടപടി ആവശ്യപ്പെട്ട് മാതാവ് ഷൈലജ മുഖ്യമന്ത്രി, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.