National
യോഗ്യതയില്ലാത്ത വിദേശ നിക്ഷേപകര്‍ക്ക് ക്രെഡിറ്റ് സൂയിസ് ബോണ്ടുകള്‍ വിറ്റു; എച്ച് ഡി എഫ് സി ബേങ്കിനെതിരെ ഇന്ത്യയില്‍ അന്വേഷണം
എച്ച് ഡി എഫ് സി ബേങ്ക് ഉന്നത ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അധികൃതര്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.

ദുബൈ | യോഗ്യതയില്ലാത്ത വിദേശ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സൂയിസ് ബോണ്ടുകള്‍ വിറ്റുവെന്ന ആരോപണം നേരിടുന്ന എച്ച് ഡി എഫ് സി ബേങ്ക് ഉന്നത ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അധികൃതര്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ബേങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത എക്സിക്യൂട്ടീവുകളെയാണ് വിളിപ്പിച്ചത്.
മഹാരാഷ്ട്രയിലെ നാഗ്പുര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ ഒ ഡബ്ല്യു) ബേങ്കിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. നോട്ടീസില്‍ പേരുള്ള വ്യക്തികള്‍ കൂടുതല്‍ അന്വേഷണത്തിനായി നാഗ്പുരിലെ സാമ്പത്തിക കുറ്റകൃത്യ ശാഖയില്‍ ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്തു. യു എ ഇയിലെ ദുബൈ ആസ്ഥാനമായുള്ള ബേങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ വഴി അപകടസാധ്യതയുള്ള അഡീഷണല്‍ ടയര്‍-1 (എടി 1) ബോണ്ടുകള്‍ വാങ്ങാന്‍ തങ്ങളെ വഴിതെറ്റിച്ചുവെന്ന് ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. റിപോര്‍ട്ടുകള്‍ ദുബൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയിലും (ഡി എഫ് എസ് എ) ഫയല്‍ ചെയ്തിട്ടുണ്ട്.
‘ഇന്ത്യ ഈ വിഷയം ഗൗരവമായി എടുക്കുന്നുണ്ടെന്ന് നോട്ടീസ് കാണിക്കുന്നു. ഒന്നിലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് ഞങ്ങള്‍ കാണുന്നു.’-ദുബൈ ആസ്ഥാനമായുള്ള ഒരു നിക്ഷേപകന്‍ പറഞ്ഞു. അദ്ദേഹം ഇന്ത്യയില്‍ ബേങ്കിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’
2023 മാര്‍ച്ചില്‍ ക്രെഡിറ്റ് സൂയിസ് തകര്‍ന്നപ്പോള്‍ ബോണ്ടുകള്‍ തുടച്ചുനീക്കപ്പെട്ടു. നിയമ പ്രകാരം, അവ ‘പ്രൊഫഷണല്‍ ക്ലയന്റുകള്‍ക്ക്’ മാത്രമേ വാങ്ങാന്‍ കഴിയൂ. ഒരു ദശലക്ഷം ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ളവരോ സങ്കീര്‍ണമായ സാമ്പത്തിക ഉത്പന്നങ്ങളില്‍ തെളിയിക്കപ്പെട്ട പരിചയമുള്ളവരോ ആണ് ബോണ്ടിന് അര്‍ഹര്‍.