Connect with us

Editorial

ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാഠമാകണം

ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിലും മതേതര വോട്ടുകള്‍ ഭിന്നിക്കാതെ ഒരുമിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ത്രിപുര, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Published

|

Last Updated

ദേശീയതലത്തില്‍ തന്നെ സജീവ ശ്രദ്ധയാകര്‍ശിച്ചതാണ് സി പി എമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള പരമ്പരാഗതമായ ശത്രുത കൈവെടിഞ്ഞ് പരസ്പരം കൈകോര്‍ത്ത ഇത്തവണത്തെ ത്രിപുര സംസ്ഥാന തിരഞ്ഞെടുപ്പ്. എന്നാല്‍ ഈ സഖ്യവും തിപ്ര മോത്ത പാര്‍ട്ടിയും ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ത്രിപുര വീണ്ടും ബി ജെ പി പിടിച്ചടക്കിയിരിക്കുകയാണ്. 60 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ ബി ജെ പിയും ഒരിടത്ത് സഖ്യകക്ഷിയും വിജയിച്ചു. ബി ജെ പിയെ താഴെയിറക്കി മതേതര ഭരണം തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തില്‍ വലിയ പ്രതീക്ഷകളോടെയാണ് സി പി എം-കോണ്‍ഗ്രസ്സ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ത്രികോണ മത്സരത്തില്‍ വോട്ടുകള്‍ ഭിന്നിച്ചതോടെ പ്രതീക്ഷ വിഫലമായി. ബി ജെ പി, സി പി എമ്മും കോണ്‍ഗ്രസ്സും ചെറുകക്ഷികളും അടങ്ങുന്ന സെക്യുലര്‍ ഡെമോക്രാറ്റിക് ഫോഴ്സസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് ത്രിപുരയില്‍ നടന്നത്. മതേതര വോട്ടുകള്‍ ചിതറിയത് ബി ജെ പി ക്ക് ഗുണകരമാകുകയായിരുന്നു.
ബി ജെ പി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭരണവിരുദ്ധ വോട്ടുകളും തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷ കൂടിയുണ്ടായിരുന്നു മതേതര സഖ്യത്തിന്. 60 അംഗ നിയമസഭയില്‍ 36 സീറ്റുകള്‍ നേടിയാണ് കാല്‍ നൂറ്റാണ്ട് കാലത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ച് 2018ല്‍ സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറിയത്. എന്നാല്‍ ബി ജെ പിയുടെ യുവ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിന് ഭരണത്തില്‍ പ്രതീക്ഷക്കൊത്തുയരാനായില്ല. ബിപ്ലവിനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം പത്ത് മാസം മാത്രം ബാക്കിനില്‍ക്കെ അദ്ദേഹത്തെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കി. ഈ സംഭവവികാസങ്ങള്‍ ബി ജെ പിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും തുടര്‍ ഭരണം നഷ്ടമാക്കുമെന്നും സന്ദേഹമുയര്‍ന്നതോടെ, പ്രതിസന്ധി മറികടക്കുന്നതിന് ബി ജെ പി നേതൃത്വം പുതിയ തന്ത്രങ്ങള്‍ പുറത്തെടുത്തു.

ഉത്തര്‍ പ്രദേശിലെ ബി ജെ പി നേതാവും 2016ലെ അസം തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ശില്‍പ്പിയുമായ മഹേന്ദ്ര സിംഗിനെ ത്രിപുരയുടെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചു. ജന്‍ വിശ്വാസ് യാത്ര എന്ന പേരില്‍ രഥ യാത്രയായിരുന്നു രണ്ടാമത്തെ ആയുധം. അമിത് ഷാ ഉത്ഘാടനം ചെയ്ത ജന്‍ വിശ്വാസ് യാത്ര 1,600 കിലോമീറ്ററാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ചത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവത്തില്‍ കേന്ദ്ര മന്ത്രിമാരും ഇതര സംസ്ഥാനങ്ങിലെ ബി ജെ പി മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമാണ് ത്രിപുരയില്‍ പ്രചാരണം നടത്തിയത്. ഗോത്ര വര്‍ഗക്കാരെയും യുവാക്കളെയും വനിതകളെയും ലക്ഷ്യമിട്ട് വന്‍ വാഗ്ദാനങ്ങളും ബി ജെ പി നല്‍കിയിരുന്നു. ഇതെല്ലാം തിരഞ്ഞെടുപ്പിനെ വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്.

തുടക്കത്തില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള സി പി എം-കോണ്‍ഗ്രസ്സ് അഭിപ്രായവ്യത്യാസവും രണ്ട് പതിറ്റാണ്ട് സി പി എമ്മിന്റെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ പോലുള്ള പ്രമുഖ സ്ഥാനാര്‍ഥികളുടെ അഭാവവുമാണ് മതേതര സഖ്യത്തിന് ത്രിപുരയില്‍ തിരിച്ചടിയായത്. എങ്കിലും സഖ്യം രാഷ്ട്രീയമായി കോണ്‍ഗ്രസ്സിന് നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ 59 ഇടത്ത് മത്സരിച്ചിട്ടും ഒരു സീറ്റ് പോലും കോണ്‍ഗ്രസ്സ് നേടിയിരുന്നില്ല. ഇത്തവണ സഖ്യത്തിലെ ധാരണയനുസരിച്ച് 13 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി മൂന്നിടത്ത് വിജയിച്ചു. സി പി എം 43 സീറ്റില്‍ മത്സരിച്ചെങ്കിലും 11 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണ ആരുമായും സഖ്യമില്ലാതെ 57 സീറ്റില്‍ മത്സരിച്ച് 16 സീറ്റില്‍ ജയിച്ചിരുന്നു. രാഷ്ട്രീയമായി സി പി എമ്മിന് നഷ്ടമാണ് സഖ്യം.

രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ്സ് നേതാവുമായ പ്രദ്യോത് മാണിക്യ ദേബര്‍മ നയിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി (ടി എം പി)യുടെ മുന്നേറ്റമാണ് ത്രിപുര തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നത്. ഗോത്ര വിഭാഗങ്ങള്‍ക്കായി “ഗ്രേറ്റര്‍ തിപ്ര ലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യവുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത പാര്‍ട്ടി എട്ട് സീറ്റ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ത്രിപുര ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി വന്‍വിജയം നേടിയിരുന്നു. 28 സീറ്റില്‍ അവര്‍ തനിച്ച് മത്സരിച്ച് 20 എണ്ണത്തില്‍ വിജയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ സി പി എം- കോണ്‍ഗ്രസ്സ് സഖ്യവും ബി ജെ പിയും തിപ്ര മോത്തയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം നിരാകരിച്ചതിനെ തുര്‍ന്ന് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിപ്ര മോത്ത പാര്‍ട്ടി സി പി എമ്മുമായി സഖ്യത്തിലായിരുന്നെങ്കില്‍ വര്‍ഗീയ ഫാസിസ്റ്റ് ആധിപത്യത്തില്‍ നിന്ന് ത്രിപുര മോചിതമാകുമായിരുന്നു. 2018ല്‍ ബി ജെ പിയും ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ത്രിപുരയോടൊപ്പം മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലും എന്‍ ഡി പി പി-ബി ജെ പി കക്ഷികള്‍ ഉള്‍ക്കൊള്ളുന്ന എന്‍ ഡി എക്കാണ് ഭൂരിപക്ഷം. 60 അംഗ സഭയില്‍ 37 സീറ്റില്‍ സഖ്യം വിജയിച്ചു. 2018ല്‍ 27 സീറ്റുകളായിരുന്നു എന്‍ ഡി പി പി-ബി ജെ പി സഖ്യം നേടിയത്. 2014ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ബി ജെ പിയുടെ ആധിപത്യത്തില്‍ വരാന്‍ തുടങ്ങിയത്. മേഘാലയയില്‍ 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 26 മണ്ഡലങ്ങളില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോണ്‍ഗ്രസ്സ്, ദയനീയ പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. 2018ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ്സ് വെറും അഞ്ച് സീറ്റില്‍ ഒതുങ്ങി ഇത്തവണ. ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിലും മതേതര വോട്ടുകള്‍ ഭിന്നിക്കാതെ ഒരുമിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ത്രിപുര, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.