Kerala
രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ല, യഥാര്‍ഥ ജെ ഡി എസ് തങ്ങളുടേത്: മാത്യു ടി തോമസ്
'കേരളത്തിലെ പാര്‍ട്ടി ഒറ്റക്കെട്ടായി ദേശീയ അധ്യക്ഷന്‍ സ്വീകരിച്ച നിലപാടിനെ തള്ളി.'

തിരുവനന്തപുരം | രാഷ്ട്രീയ നിലപാടില്‍ അവ്യക്തതയില്ലെന്ന് വ്യക്തമാക്കി ജെ ഡി എസ് സംസ്ഥാന ഘടകം. പുതിയ പാര്‍ട്ടി രൂപവത്കരിക്കില്ലെന്നും നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടി ഒറ്റക്കെട്ടായി ദേശീയ അധ്യക്ഷന്‍ സ്വീകരിച്ച നിലപാടിനെ തള്ളിയെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. കേന്ദ്ര നേതൃത്വത്തിനൊപ്പമില്ലെന്ന ഒക്ടോബര്‍ ഏഴിനെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ജെ ഡി എസ് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് ഇടതു മുന്നണിയുടെ അന്ത്യശാസനമില്ല. അവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളാണ് യഥാര്‍ഥ ജെ ഡി എസ് എന്നും മാത്യു ടി തോമസ് അവകാശപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന ജെ ഡി എസ് കേരള ഘടകത്തിന്റെ വിശാല യോഗത്തിനു ശേഷമാണ് മാത്യു ടി തോമസ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.
പാര്‍ട്ടി നേതൃത്വം എന്‍ ഡി എക്കൊപ്പം പോയിട്ടില്ല. ദേശീയ നേതൃത്വത്തിലെ ചില വ്യക്തികളാണ് പോയത്. അത് പാര്‍ട്ടി ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിനെതിരാണ്. ദേവഗൗഡയുടെ പ്രസിഡന്റ് പദം സ്വയം ഇല്ലാതായെന്നും മാത്യു ടി തോമസ് പറഞ്ഞു.
എന്‍ ഡി എ ക്കൊപ്പം പോകാനുള്ള തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതല്ല. കേന്ദ്ര നിര്‍വാഹക സമിതിയോ ദേശീയ സമിതിയോ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. പ്രസിഡന്റ് ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിയും ഏകപക്ഷീയമായെടുത്ത തീരുമാനമാണ് അത്. ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബി ജെ പിയും സഖ്യകക്ഷികളും തങ്ങളുടെ ശത്രുപക്ഷത്താണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കാത്ത പല സംസ്ഥാനങ്ങളുമുണ്ട്. അവരെ യോജിപ്പിച്ച് നീങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തും ആ തരത്തിലുള്ള നീക്കങ്ങള്‍ പാര്‍ട്ടി നടത്തിവരികയാണ്. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി നവംബര്‍ 14-ന് ഒത്തുചേരല്‍ നടത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ച വിവരവും മാത്യു ടി തോമസ് അറിയിച്ചു.