Kerala
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം| കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. സംഭവത്തില്‍ ശാസ്താംകോട്ട പോലീസാണ് കേസെടുത്തത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വൈദ്യുതി ലൈന്‍ സ്‌കൂളിന് മുകളിലൂടെ പോകുന്നുണ്ടെങ്കില്‍ എങ്ങനെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് ലഭിക്കുന്ന പ്രകാരം ആവശ്യമായ നടപടിയെടുക്കും. അപകടത്തെ ന്യായീകരിച്ചോ വിശദീകരിച്ചോ ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്നും അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.
ഹെഡ് മാസ്റ്റര്‍ക്കും പ്രിന്‍സിപ്പലിനും എന്താണ് പണിയെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രതികരിച്ചത്. ഇലക്ട്രിക് ലൈന്‍ പോകുന്നത് അധ്യാപകര്‍ കാണുന്നതല്ലേ. അനാസ്ഥ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
സംഭവത്തില്‍ കൊല്ലം കെഎസ് ഇ ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോടും ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറോടും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഡിഇഒയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ യോഗം ചേര്‍ന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ ചെരുപ്പ് ഷീറ്റിന്റെ മുകളിലേക്ക് എടുത്ത് എറിഞ്ഞു. തുടര്‍ന്ന് ചെരുപ്പ് എടുക്കാനായി കുട്ടി ഷീറ്റിന്റെ മുകളിലേക്ക് കയറുകയും ചെരുപ്പ് എടുത്ത ശേഷം അതേ ഷീറ്റിലൂടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നുകയുമായിരുന്നു. തെന്നിയതോടെ പെട്ടെന്ന് കയറി ലൈന്‍ കമ്പിയില്‍ പിടിക്കുകയുമായിരുന്നു. കളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരന്റെ ചെരിപ്പ് ഷീറ്റിലേക്ക് വീണപ്പോള്‍ അത് എടുത്തുതരാമെന്ന് പറഞ്ഞ് കയറിയതാണ് മരിച്ച മിഥുന്‍ എന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. ലൈന്‍ കമ്പി താഴ്ന്നത് കെഎസ്ഇബിയെ അറിയിച്ചിരുന്നു. കേബിള്‍ മാറ്റുമ്പോള്‍ ശരിയാക്കാമെന്ന് വാക്കാല്‍ അറിയിച്ചിരുന്നുവെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. അധ്യാപകര്‍ തന്നെയാണ് ബെഞ്ച് ഉപയോഗിച്ച് ഷോക്കേറ്റ കുഞ്ഞിനെ അടിച്ച് അവിടെ നിന്നും മാറ്റിയതെന്ന് അധ്യാപികയും പറഞ്ഞു. മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.