Connect with us

stray dog bite

വളര്‍ത്തുനായ്ക്കളുണ്ട്; സൂക്ഷിക്കുക

ആക്രമണ സ്വഭാവമുള്ള നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നത് തടയുന്നതിന് നിയമനിര്‍മാണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല.

Published

|

Last Updated

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കള്‍ക്ക് പുറമെ വളര്‍ത്തുനായ്ക്കളും ജനജീവിതത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് സമീപകാല റിപോര്‍ട്ടുകള്‍. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് പുറമെയാണിത്. പാലക്കാട്ടും തൃശൂരുമായി രണ്ട് പേരാണ് ഏറ്റവുമൊടുവില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് മരിച്ചത്. അയല്‍പക്കത്തെ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടത് ഒരാഴ്ച മുമ്പാണ്.
പാലക്കാട് ജില്ലയിലെ മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിലെ സുഗുണന്‍-സിദ്ധു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി(19)യാണ് പേവിഷബാധയേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. വാക്സീന്‍ നല്‍കിയതിലെ പിഴവാണ് ശ്രീലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ഉയരുകയും ആരോഗ്യ വകുപ്പ് ഇത് നിഷേധിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും കടക്കുന്നില്ല. ഇതിലെ സത്യാവസ്ഥ ഉത്തരവാദപ്പെട്ടവര്‍ കണ്ടെത്തി പരിശോധിക്കട്ടെ. ഇവിടെ വിഷയം ഒരു വീട്ടില്‍ വളര്‍ത്തുന്ന നായ സമീപത്തെ കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും വലിയ ശല്യവും ഉപദ്രവവുമായി മാറുന്നുവെന്നതാണ്.

വളര്‍ത്തുനായ്ക്കള്‍ കടിക്കുന്ന സംഭവങ്ങള്‍ പതിവായിട്ടും ഇതിനെതിരെ നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ പല ഭാഗങ്ങളിലും നായ്ക്കളെ കൂട്ടിലിട്ട് വളര്‍ത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. വലിപ്പം കൂടിയതും കുറഞ്ഞതുമായ വിദേശ ഇനം നായ്ക്കളെയാണ് കൂടുതലായും വളര്‍ത്തുന്നത്. നാടന്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ താരതമ്യേന കുറവാണ്. പല രീതികളിലാണ് ഇത്തരം നായ്ക്കളെ വളര്‍ത്തുന്നത്. രാവിലെയും ഉച്ചക്കും രാത്രി മുഴുവനും നായയെ കൂട്ടില്‍ നിന്ന് പുറത്തേക്ക് തുറന്നുവിടുന്നവരുണ്ട്. എല്ലാ സമയത്തും കൂടുകളില്‍ തന്നെ തളച്ചിട്ട് അവിടെ തന്നെ വെള്ളവും ഭക്ഷണവും നല്‍കുന്നവരുമുണ്ട്. മിക്ക സമയങ്ങളിലും സ്വതന്ത്ര വിഹാരത്തിന് വിടുന്നവരും ഉണ്ട്. കൂട്ടിലിട്ട് വളര്‍ത്തുന്ന നായ്ക്കള്‍ പൊതുവെ ഹിംസ്രസ്വഭാവമുള്ള അപകടകാരികളാണ്. രാവിലെ ഒരു വീട്ടിലെ വളര്‍ത്തുനായയെ തുറന്നുവിട്ടുവെന്നിരിക്കട്ടെ. ആ സമയത്ത് വീട്ടിലേക്ക് വരുന്ന ആളുകളെ മാത്രമല്ല പൊതുവഴിയില്‍ കൂടി നടന്നുപോകുന്നവരെയും നായ ആക്രമിച്ചെന്നുവരാം. സ്‌കൂള്‍ കുട്ടികള്‍ക്കാണ് രാവിലെ പുറത്തിറങ്ങി കറങ്ങുന്ന വളര്‍ത്തുനായ്ക്കള്‍ ഏറ്റവും കൂടുതല്‍ ഭീഷണിയാകുന്നത്. കുരച്ചുകൊണ്ടുവരുന്ന നായയെ കാണുമ്പോള്‍ കുട്ടികള്‍ ഭയന്നോടുന്നത് സ്വാഭാവികമാണ്. ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ നായ കുതിച്ചെത്തി കടിച്ചു പരുക്കേല്‍പ്പിക്കും. അയല്‍പക്കത്തെ നായ വന്ന് സ്വന്തം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ കടിച്ചുകീറിയ സംഭവം വരെ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകും. സ്വന്തം വീടുകളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയായിരിക്കും ഭൂരിഭാഗം പേരും നായ്ക്കളെ വളര്‍ത്തുന്നത്. മോഷ്ടാക്കളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യം തടയുന്നതിനായി നായ്ക്കളെ വളര്‍ത്തുന്നവരുമുണ്ട്. ഇതൊന്നുമല്ലാതെ സമ്പന്ന കുടുംബമാണെന്ന് ആളുകളെ ഓര്‍മിപ്പിച്ച് സ്വയം ആസ്വദിക്കുന്നതിനായി സ്റ്റാറ്റസ് സിംബലെന്ന നിലയില്‍ നായ്ക്കളെ പോറ്റുന്നവരും കുറവല്ല. നായ്ക്കളെ വളര്‍ത്തുന്നത് തെറ്റല്ലെന്ന് മാത്രമല്ല ഇതൊക്കെ അവരവരുടെ വ്യക്തിപരമായ ഇഷ്ടത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗം കൂടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇതുകൊണ്ട് ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടാകുന്നതെങ്കില്‍ നായ്ക്കളെ വളര്‍ത്തുന്ന രീതി തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. കടിക്കുന്ന നായ്ക്കളെ തുടലൂരി വിടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അയല്‍പക്ക ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. കടിയേല്‍ക്കുകയാണെങ്കില്‍ ബന്ധം വഷളാകുമെന്ന് മാത്രമല്ല ശത്രുതയിലേക്ക് വരെ പ്രശ്നം വളരുകയും ചെയ്യും. വളര്‍ത്തുനായ്ക്കളുടെ പേരില്‍ അയല്‍വാസികള്‍ തമ്മിലുണ്ടാകുന്ന കലഹങ്ങള്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. എല്ലാ സമയത്തും നായ്ക്കളെ കെട്ടിയിട്ട് വളര്‍ത്തുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ തന്റെ നായയെ കൊണ്ട് ആര്‍ക്കും ഒരു ഉപദ്രവവുമില്ലെന്ന് ഉറപ്പ് വരുത്താന്‍ ഉടമക്ക് കഴിയണം. ആ ഉറപ്പ് പാലിക്കപ്പെടുമോയെന്ന കാര്യം നിലവിലെ അവസ്ഥയില്‍ സംശയകരമാണ്.

ഏതെങ്കിലും സമയത്ത് ബന്ധനമുക്തമാകുന്ന വളര്‍ത്തുനായ പുറത്തുപോയി അക്രമണം നടത്തുന്നതിന് പുറമെ ഇവക്ക് തെരുവ് നായ്ക്കളുടെയും പേപ്പട്ടികളുടെയും കടിയേല്‍ക്കാനുള്ള സാധ്യതയേറെയാണ്. ഇങ്ങനെ പരുക്കേല്‍ക്കുന്ന വളര്‍ത്തുനായക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ പല ഉടമസ്ഥരും മിനക്കെടാറില്ല. വീടുകളില്‍ വെച്ചുതന്നെ മുറിവുകളില്‍ മരുന്ന് പുരട്ടി സ്വയം നിര്‍ണയിച്ച ശുശ്രൂഷയാണ് നല്‍കുക. വളര്‍ത്തുനായക്ക് വാക്സീന്‍ കുത്തിവെക്കാതിരുന്നതിനാലാണ് അത് കടിച്ചതു മൂലമുണ്ടായ മുറിവിലൂടെ ശ്രീലക്ഷ്മിക്ക് പേവിഷബാധയേറ്റതെന്ന് വ്യക്തമായിരുന്നു. വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷബാധയേല്‍ക്കാനുള്ള സാഹചര്യം എല്ലായിടത്തുമുണ്ട്. അതിനനുസരിച്ചുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉടമസ്ഥര്‍ വിമുഖത കാണിക്കുന്നു. തീര്‍ത്തും നിരുത്തരവാദപരമായി നായ്ക്കളെ വളര്‍ത്തുന്നവര്‍ പൊതുസമൂഹത്തിന് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. മനുഷ്യജീവനും ആരോഗ്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെ നിയമം കര്‍ശനമാക്കേണ്ടതുണ്ട്. എന്നാല്‍ നാളിതുവരെ ഇത്തരം കേസുകളില്‍ നിസ്സാര വകുപ്പ് ചുമത്തുന്നതിനാല്‍ ഉത്തരവാദികള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കാറില്ല. കേസുകള്‍ തള്ളിപ്പോകുന്ന സ്ഥിതിയുമുണ്ട്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും പല തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും വളര്‍ത്തുനായ്ക്കളെ ദുരുപയോഗം ചെയ്യുന്ന വാര്‍ത്തകള്‍ പതിവാകുകയാണ്. മദ്യം പിടികൂടാന്‍ പോകുന്ന എക്സൈസ് ഉദ്യോഗസ്ഥരെയും വാറണ്ട് പ്രതികളെയും മറ്റും പിടികൂടാന്‍ പോകുന്ന പോലീസ് ഉദ്യോഗസ്ഥരെയും വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് കടിപ്പിക്കുന്ന സംഭവങ്ങള്‍ കാസര്‍കോട് ജില്ലയിലടക്കം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങളുടെയും വ്യക്തിപരമായ പ്രശ്നങ്ങളുടെയും പേരിലും ആള്‍ക്കാരെ പട്ടികളെ വിട്ട് കടിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. തെരുവുനായ്ക്കളേക്കാള്‍ വളര്‍ത്തുനായ്ക്കള്‍ അപകടകാരികളായി മാറുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. വളര്‍ത്തുനായ്ക്കളുടെ ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാറിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗൗരവപൂര്‍വം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഇതിനെല്ലാം പുറമെ നായ്ക്കളെ വളര്‍ത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും കര്‍ശനമാക്കേണ്ടത് അനിവാര്യമാണ്. വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ബന്ധപ്പെട്ട നഗരസഭയിലോ പഞ്ചായത്തിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് 2021 ജൂലൈ 14ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റില്‍ നിയമം നിര്‍ബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സെക്രട്ടറിയും ഉത്തരവിറക്കിയിരുന്നു. നായ്ക്കളെ വളര്‍ത്താന്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ഉടമസ്ഥര്‍ ലൈസന്‍സ് സമ്പാദിക്കണമെന്ന നിയമം പാലിക്കാത്ത ഉടമസ്ഥര്‍ ഏറെയാണ്. എല്ലാ മൃഗങ്ങള്‍ക്കും ലൈസന്‍സ് വേണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. നായ്ക്കളുടെ രജിസ്ട്രേഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നായ്ക്കളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനും നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് തടയുന്നതിനും പേവിഷബാധ നിയന്ത്രിക്കുന്നതിനുമാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. ലൈസന്‍സിനായി റാബീസ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ വ്യവസ്ഥകളൊന്നും പാലിക്കാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ എവിടെയും നടപടി സ്വീകരിച്ചതായി അറിവില്ല.

നിയമവിരുദ്ധമായി നായ്ക്കളെ വളര്‍ത്തുന്നവര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് ഒരു സമൂഹം മൊത്തം അനുഭവിക്കുകയാണ്. 2018ല്‍ കല്‍പ്പറ്റ വൈത്തിരിയില്‍ രാജമ്മ എന്ന സ്ത്രീയെ അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം സംസ്ഥാനമൊട്ടുക്കും പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. രാജമ്മയെ കൊന്ന നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സുണ്ടായിരുന്നില്ല. കേരള നിയമസഭയില്‍ വരെ പ്രശ്നം ഉന്നയിക്കപ്പെടുകയുണ്ടായി. ആക്രമണ സ്വഭാവമുള്ള നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നത് തടയുന്നതിന് നിയമനിര്‍മാണം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതുവരെ അത്തരത്തിലൊരു നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല. ശ്രീലക്ഷ്മിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നിയമം കര്‍ശനമാക്കണം. രാക്ഷസനായ്ക്കളെ വളര്‍ത്തി ആളുകളെ വേട്ടയാടാന്‍ കാരണക്കാരാകുന്ന വ്യക്തികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. ഒരാളുടെ നായയുടെ കടിയേറ്റ് മറ്റൊരു വ്യക്തി മരിച്ചാല്‍ ബോധപൂര്‍വമല്ലാത്ത നരഹത്യ എന്ന ദുര്‍ബലമായ വകുപ്പാണ് കേസില്‍ ഉള്‍പ്പെടുത്താറുള്ളത്. ഇത് മാറ്റി കൊലക്കുറ്റം തന്നെ ഉള്‍പ്പെടുത്തി മാതൃകാപരമായ ശിക്ഷ നല്‍കണം. വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഹാനി വരുത്തുന്നവര്‍ക്കെതിരായ പരാതികള്‍ അധികൃതര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണം.