Connect with us

National

ഗള്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്ല; പ്രവാസി വിദ്യാര്‍ഥികളും പടിക്ക് പുറത്ത്

കഴിഞ്ഞ വര്‍ഷം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു.

Published

|

Last Updated

ദുബൈ | ഇന്ത്യക്ക് പുറത്തുള്ള നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയത്.

ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജന്‍സി ഇത്തവണ പ്രഖ്യാപിച്ചത്. ഇവയില്‍ ഗള്‍ഫിലെ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളുടെ പേരുകള്‍ ഇല്ല. കഴിഞ്ഞ വര്‍ഷം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു.

ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നതാണ് പുതിയ വാര്‍ത്ത. ഗള്‍ഫ് രാജ്യങ്ങളിലെ ഒമ്പത് കേന്ദ്രങ്ങളിലായി അയ്യായിരത്തില്‍ ഏറെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ക്ലേശരഹിതമായി പരീക്ഷ എഴുതിയത്. ഈ സൗകര്യം ഇല്ലാതാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക നീക്കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

ഐ സി എഫ്
ഇന്ത്യക്ക് പുറത്തുള്ള നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത് ഗള്‍ഫിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുമെന്നും ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ കത്തയച്ചു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് സെന്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമാവുകയും ചെയ്തിരുന്നു. പുതിയ ലിസ്റ്റില്‍ ഗള്‍ഫ് കേന്ദ്രങ്ങള്‍ അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ലെന്നും ഐ സി എഫ് കത്തില്‍ വ്യക്തമാക്കി.

ഓര്‍മ
രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്നും പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ഓര്‍മ പ്രസിഡന്റ് ഷിജു ബഷീര്‍, ജനറല്‍ സെക്രട്ടറി പ്രദീപ് തോപ്പില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയത് കാരണം നിരവധി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പുന്നക്കന്‍ മുഹമ്മദലി
നീറ്റ് പരീക്ഷക്ക് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും ആവശ്യപ്പെട്ടു. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാര്‍ച്ച് ഒമ്പതു വരെയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ സമയത്ത് നാല് സെന്ററുകള്‍ തിരഞ്ഞെടുത്താണ് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍ പ്രവാസി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. സെന്ററുകള്‍ പുനസ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.