Connect with us

Ongoing News

ബ്ലാസ്റ്റേഴിസിന് ആവേശകരമായ സ്വീകരണം നൽകി മഞ്ഞപ്പട

മഞ്ഞപ്പൂക്കളും മുദ്രാവാക്യവിളികളുമായാണ് ടീമിനെ സ്വീകരിച്ചത്.

Published

|

Last Updated

കൊച്ചി | ഐ എസ് എല്ലിൽ ബെംഗളൂരു എഫ് സിക്കെതിരെ നടന്ന വിവാദ പ്ലേ ഓഫ് മത്സരത്തിന് ശേഷം കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് ആവേശോജ്വല സ്വീകരണം നൽകി ഫുട്ബോൾ പ്രേമിമകൾ.  വിവാദ ഗോളിനു പിന്നാലെ മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മൈതാനം വിട്ടിരുന്നു.

എന്നാൽ, വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും കോച്ച് ഇവാന്‍ വുകോമനോവിച്ചും താരങ്ങളും പ്രതികരിക്കാൻ തയ്യാറായില്ല. റഫറിയുടെ തീരുമാനത്തെ മുഖവിലക്കെടുക്കാതെ കളി തീരും മുമ്പ് കളം വിട്ട ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കെതിരെയും താരങ്ങളെ തിരിച്ചുവിളിച്ച കോച്ചിനും എതിരെ വിലക്കുൾപ്പെടെയുള്ള നടപടികൾക്ക് സാധ്യതയുണ്ട്. എന്നാൽ, ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ബ്ലാസ്റ്റോഴ്സിനും കോച്ചിനുമുള്ള ഇടമാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടത്.

മഞ്ഞപ്പൂക്കളും മുദ്രാവാക്യവിളികളുമായാണ് ടീമിനെ സ്വീകരിച്ചത്.

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അധിക സമയത്തെ ആറാം മിനുട്ടില്‍ ബെംഗളൂരുവിന് അനുവദിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സ് വലയില്‍ പതിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തങ്ങള്‍ തയാറെടുക്കും മുമ്പാണ് കിക്കെടുത്തതെന്നാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി താരങ്ങള്‍ ബാക്കി സമയത്തെ കളി ബഹിഷ്‌കരിക്കുകയായിരുന്നു.

96ാം മിനുട്ടില്‍ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെടുത്ത ഫ്രീ കിക്കാണ് ഗോളായത്. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിന് പുറത്തു നിന്ന് ഛേത്രി അതിവേഗം കിക്കെടുക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയ്യാറായിരുന്നില്ല. ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍സിംഗ് ഗില്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ബോക്സിന് മുന്നിലെത്തിയ വേളയിലാണ് പന്ത് വലയില്‍ കയറിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെങ്കിലും ഗോള്‍ പിന്‍വലിക്കാന്‍ റഫറി തയ്യാറായില്ല. വിസില്‍ മുഴക്കിയിരുന്നുവെന്നാണ് റഫറിയുടെ വാദം. തുടര്‍ന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബെംഗളൂരു എഫ് സി താരങ്ങള്‍ മൈതാനത്ത് തുടര്‍ന്നു.

ഏറെ സമയത്തെ അനിശ്ചിതത്വത്തിനൊടുവില്‍ മാച്ച് ഒഫീഷ്യലുകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ, ബെംഗളൂരു സെമിയിലെത്തി. സെമിയില്‍ മുംബൈ സിറ്റിയാണ് ബെംഗളൂരുവിന്റെ എതിരാളി.

---- facebook comment plugin here -----

Latest