Connect with us

Prathivaram

നീതിയുടെ ശബ്ദം

നിയമജ്ഞയായിരുന്നപ്പോഴും ഗവർണർ ആയിരുന്നപ്പോഴും ജസ്റ്റിസ് ഫാത്വിമ ബീവി തന്റെ പ്രവർത്തനങ്ങൾക്ക് അവലംബമായി കണ്ടിരുന്നത് ഇന്ത്യൻ ഭരണഘടനയെയായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അവർ ഒരുക്കമായിരുന്നില്ല. ഗവർണർ സ്ഥാനം വിട്ടൊഴിഞ്ഞതും ആ മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു. ഗവർണർ ആയിരിക്കെ ഭരണഘടനയിലെ അഗാധ പാണ്ഡിത്യം പല അവസരങ്ങളിലും അവർ ഉപയോഗപ്പെടുത്തി.

Published

|

Last Updated

വാജ്പയ് സർക്കാറിന്റെ അപ്രീതിക്ക് വിധേയായിരുന്നില്ല എങ്കിൽ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി, ഇന്ത്യയിലെ ആദ്യ മുസ്്ലിം വനിതാ ഗവർണർ എന്നീ പദവികൾക്കൊപ്പം അന്തരിച്ച ജസ്റ്റിസ് ഫാത്വിമ ബീവി രാജ്യത്തെ പ്രഥമ വനിതാ രാഷ്ട്രപതി, ആദ്യത്തെ മുസ്്ലിം വനിതാ രാഷ്ട്രപതി എന്നീ വിശേഷണങ്ങളിലും അറിയപ്പെടുമായിരുന്നു. 2002ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് ഫാത്വിമ ബീവിയുടെ പേര് ഉയർന്നുവന്നിരുന്നു. അവർ തമിഴ്നാട് ഗവർണർ ആയിരിക്കെ സംസ്ഥാന ഗവൺമെന്റിനെതിരെ കേന്ദ്ര സർക്കാർ ആഗ്രഹിച്ച രീതിയിലുള്ള റിപ്പോർട്ട് സമർപ്പിക്കാതിരുന്നത് കേന്ദ്ര സർക്കാറിന്റെ അപ്രീതിക്കു കാരണമായിത്തീർന്നു. കേന്ദ്ര സർക്കാർ ഗവർണർ ഫാത്വിമ ബീവിയിൽ നിന്ന് ജയലളിത സർക്കാറിനെതിരെ ഒരു റിപ്പോർട്ടാണ് ആഗ്രഹിച്ചത്. എന്നാൽ കേന്ദ്ര സർക്കാറിന് ഗവർണറിൽ നിന്ന് കിട്ടിയ റിപ്പോർട്ട് മറിച്ചായിരുന്നു. ഇത് അന്നത്തെ എൻ ഡി എ സർക്കാറിനെ പ്രകോപിപ്പിച്ചു. പിന്നീട് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.

നിയമജ്ഞയായിരുന്നപ്പോഴും ഗവർണർ ആയിരുന്നപ്പോഴും ജസ്റ്റിസ് ഫാത്വിമ ബീവി തന്റെ പ്രവർത്തനങ്ങൾക്ക് അവലംബമായി കണ്ടിരുന്നത് ഇന്ത്യൻ ഭരണഘടനയെയായിരുന്നു. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അവർ ഒരുക്കമായിരുന്നില്ല. ഗവർണർ സ്ഥാനം വിട്ടൊഴിഞ്ഞതും ആ മൂല്യം ഉയർത്തിപ്പിടിച്ച് കൊണ്ടായിരുന്നു. ഗവർണർ ആയിരിക്കെ ഭരണഘടനയിലെ അഗാധ പാണ്ഡിത്യം പല അവസരങ്ങളിലും അവർ ഉപയോഗപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ തീരുമാനമെടുക്കും മുമ്പേ തെറ്റ് സംഭവിക്കരുതേ എന്ന പ്രാർഥനയോടെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കും, അതായിരുന്നു ജസ്റ്റിസ് ഫാത്വിമ ബീവിയുടെ രീതി.
ഝാൻസി ഭൂമി ഇടപാട് കേസിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത കൽപ്പിച്ചിരുന്നു. എന്നാൽ 2001ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 234ൽ 196 സീറ്റുകളിൽ ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡി എം കെ വിജയിച്ചു. അംഗങ്ങൾ എം എൽ എ അല്ലാത്ത ജയലളിതയെ നിയമസഭാ പാർട്ടി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു. തന്നെ നേതാവായി തിരഞ്ഞെടുത്തത് രേഖാമൂലം ജയലളിത രാജ്ഭവനിൽ ചെന്നു ഗവർണർ ജസ്റ്റിസ് ഫാത്വിമ ബീവിയെ അറിയിച്ചു. നിയമസഭാ അംഗമല്ലാത്ത ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചാൽ ആറ് മാസത്തിനകം എം എൽ എയായി തിരഞ്ഞെടുക്കപ്പെടണം. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യത നേരിടുന്ന ജയലളിതയെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശക്തമായ രാഷ്ട്രീയ എതിർപ്പ് ഉയർന്നു. ജസ്റ്റിസ് ഫാത്വിമ ബീവി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഇഴകീറി പരിശോധിച്ച് അണ്ണാ ഡി എം കെ എം എൽ എമാരുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് ജയലളിതയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ക്ഷണിച്ചു. അന്ന് ആ തീരുമാനം കൈക്കൊള്ളുമ്പോഴുണ്ടായിരുന്ന മാനസിക സംഘർഷത്തെ കുറിച്ചും ആ സംഘർഷം തരണം ചെയ്ത രീതിയെ കുറിച്ചും കെ ടി അശ്റഫ് എഴുതിയ ജസ്റ്റിസ് ഫാത്വിമ ബീവിയുടെ ജീവചരിത്ര ഗ്രന്ഥമായ ” ജസ്റ്റിസ് ഫാത്വിമ ബീവിയുടെ നീതിയുടെ ധീര സഞ്ചാരം’ എന്നതിൽ വിവരിക്കുന്നുണ്ട്.

“ജയലളിതയുടെ പാര്‍ട്ടിയുടെ വിജയം ഗവര്‍ണര്‍ എന്ന നിലയിൽ തന്നെ ആശങ്കപ്പെടുത്തുകയുണ്ടായി. ജീവിതത്തിൽ നിർണായകമായ തീരുമാനമെടുക്കേണ്ട ഘട്ടങ്ങളിൽ മൂന്ന് കാര്യങ്ങളാണ് ചെയ്യാറുള്ളത്. വിഷയങ്ങൾ ശേഖരിച്ചു നോട്ട് തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം കുറിച്ചു വെക്കും. ദൈവത്തേയും അത്ത ( പിതാവ് ) യേയും മാതാവിനെയും മനസ്സിൽ കണ്ടുവരും വരായ്്കകൾ ദൈവത്തിൽ സമർപ്പിച്ചു രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കും, ഇക്കാര്യത്തിലും താൻ അതാണ് പിന്തുടർന്നത്’.

ഡോ. ചെന്ന റെഡ്ഡിയുടെ മരണത്തെ തുടർന്ന് 1997 ജനുവരി ഏഴിനാണ് ഫാത്വിമ ബീവി തമിഴ്നാട് ഗവർണർ ആയി ചുമതലയേൽക്കുന്നത്. അന്ന് പ്രധാനമന്ത്രി ദേവഗൗഡയും തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയും ആയിരുന്നു. ദേശീയതലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന നാളുകളായിരുന്നു. ചുരുങ്ങിയ കാലത്ത് രാജ്യത്ത് ദേവഗൗഡക്ക് പുറമെ ഐ കെ ഗുജറാൽ, എ ബി വാജ്പയ് എന്നീ മൂന്ന്് പ്രധാനമന്ത്രിമാരുണ്ടായി. തമിഴ്നാട് രാഷ്ട്രീയവും വ്യത്യസ്തമായിരുന്നില്ല. ഡി എം കെയും അണ്ണാ ഡി എം കെയും ബി ജെ പിയുമായും കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായും മാറി മാറി ചങ്ങാത്തം കൂടിയ നാളുകൾ. കളർ ടി വി അഴിമതി കേസിൽ ജയലളിതയെ ഡി എം കെ സർക്കാർ ഒരു മാസം ജയിലിലടച്ചു. ജയലളിതയുടെ സ്വത്തുകൾ പിടിച്ചെടുക്കുകയും ഒാഫീസുകളിൽ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദർഭം. ഗവർണറായി ചുമതലയേറ്റ ജസ്റ്റിസ് ഫാത്വിമ ബീവി ആദ്യം ഒപ്പിട്ടത് അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മുഖ്യമന്ത്രി ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിക്കൊണ്ടുള്ള ഫയലിലായിരുന്നു.

ജയലളിതയെ കുറ്റ വിചാരണ നടത്താൻ അനുമതി നൽകിയ ജസ്റ്റിസ് ഫാത്വിമ ബീവി പടിയിറങ്ങിയത് ജയലളിതയെ സംരക്ഷിച്ചു എന്ന ആരോപണം നേരിട്ടു കൊണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങൾ വരച്ചുകാട്ടുന്നത് ഭരണഘടനയോടുള്ള ജസ്റ്റിസ് ഫാത്വിമ ബീവിയുടെ പ്രതിബദ്ധതയെയാണ്. ജയലളിതക്കെതിരെ നടപടി സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും അവർ ആശ്രയിച്ചത് ഭരണഘടനയുടെ ഏടുകളെയായിരുന്നു. 2001 ജൂൺ 30ന് അർധരാത്രി മുൻ മുഖ്യമന്ത്രി എം കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലി മാരൻ , ടി ആർ ബാലു എന്നിവരെ അവരുടെ വീടുകളിൽ അതിക്രമിച്ചു കടന്ന് ജയലളിതയുടെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ട അറസ്റ്റ് ആയിരുന്നു അത്. ഡി എം കെ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറിച്ച് ഗവർണറിൽ നിന്നു റിപ്പോർട്ട് തേടി. കേന്ദ്രമന്ത്രിമാരടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ജയലളിത സർക്കാറിനെ പിരിച്ചുവിടാനുള്ള പഴുതു തേടിയാണ് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഗവർണറിൽ നിന്ന് ലഭിച്ച റിപ്പോർട്ട് ആഗ്രഹിച്ചത് പോലുള്ളതായിരുന്നില്ല.
തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് ഗവർണർ ജസ്റ്റീസ് ഫാത്വിമ ബീവി വിവാദത്തിൽ അകപ്പെട്ടു . ഇതോടെ നിയമമന്ത്രി അരുൺ ജെയ്റ്റ്‌ലി ഫാത്വിമ ബീവിയുടെ രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തി. ഇതേ തുടർന്ന് 2001 ജൂലൈ ഒന്നിന് ജസ്റ്റിസ് ഫാത്വിമ ബീവി ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ചു.ഗവർണർ സംസ്ഥാന സെക്രട്ടറി നൽകിയ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുകയായിരുന്നു. അതേക്കുറിച്ച് ജസ്റ്റിസ് ഫാത്വിമ ബീവിയുടെ ജീവചരിത്രത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“സംസ്ഥാനത്തിന്റെ തലവൻ എന്ന അർഥത്തിൽ അതിന്റെ കീഴിൽ വരുന്ന സംവിധാനങ്ങളെ ആശ്രയിക്കുകയേ മാർഗമുള്ളൂ. സ്വന്തം നിലക്ക് അന്വേഷണം നടത്താനുള്ള സംവിധാനങ്ങൾ രാജ്ഭവനില്ല. അതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ല’.
തമിഴ്്നാട്ടിലെ ചെങ്കേട്ടയിൽ നിന്നു വർഷങ്ങൾക്കു മുമ്പ് കുടിയേറിയ റാവുത്തർ കുടുംബത്തിലെ അംഗമായ എം ഫാത്വിമ ബീവി, സർക്കാർ ഉദ്യോഗസ്ഥനായ അന്ന വീട്ടിൽ മീരാ സാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ട് മക്കളിൽ മൂത്തവളായി 1927 ഏപ്രിൽ 30ന് പത്തനംതിട്ടയിൽ ജനിച്ചു .
പത്തനംതിട്ട ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ചു. തിരുവനന്തപുരത്തെ വനിതാ കോളജിൽ നിന്ന് കെമിസ്ട്രിയിൽ ബി എസ്‌സി നേടി. പിതാവിന്റെ ആഗ്രഹപ്രകാരം തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജിൽ ചേർന്നു ബി എൽ ബിരുദം നേടി.

1950 നവംബർ 14 ന് ഫാത്വിമ ബീവി അഭിഭാഷകയായി എൻറോൾ ചെയ്തു. 1950ൽ ബാർ കൗൺസിൽ പരീക്ഷയിൽ സ്വർണ മെഡൽ നേടി ഒന്നാമതായി. കേരളത്തിലെ ലോവർ ജുഡീഷ്യറിയിലാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. 1958 മെയ് മാസത്തിൽ അവർ കേരള സബ്-ഓർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫായി നിയമിതയായി. 1968 ൽ സബ് ഓർഡിനേറ്റ് ജഡ്ജിയായും 1972ൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായും 1974ൽ ജില്ലാ സെഷൻസ് ജഡ്ജിയായും സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 1983 ആഗസ്റ്റ് 4ന് ഹൈക്കോടതി ജഡ്ജിയായി. 1989 ഏപ്രിലിൽ വിരമിച്ചു. ആറ് മാസത്തിനു ശേഷം സുപ്രീം കോടതി ജഡ്ജിയായി നിയമിതയായി. 1992 ഏപ്രിൽ 29ന് സുപ്രീം കോടതിയിൽനിന്ന് വിരമിച്ചു. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023ൽ അവരെ സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന പുരസ്കാരമായ കേരളപ്രഭ നൽകി കേരള സർക്കാർ ആദരിച്ചു.