Connect with us

siraj editorial

ഫ്രാങ്കോ കേസ് വിധി വിമർശിക്കപ്പെടുന്നത്

പരാതിക്കാരിയുടെ വാക്കുകളെല്ലാം അവിശ്വസനീയമാണെന്നു സ്ഥാപിക്കാനും ജഡ്ജി വല്ലാതെ പണിപ്പെട്ടോയെന്നും സംശയിക്കാവുന്നതാണ്.

Published

|

Last Updated

വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി. സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസിൽ കേരളം കണ്ടത്. ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി സഭ നേരിട്ടു പ്രതിരോധത്തിനിറങ്ങിയപ്പോൾ നീതി തേടി കന്യാസ്ത്രീകൾക്ക് തെരുവിൽ വരെ ഇറങ്ങേണ്ടി വന്നു. അവർക്ക് പിന്തുണയുമായി പൊതു സമൂഹവും. സാക്ഷികളെ സ്വാധീനിക്കാൻ പ്രതിഭാഗം ശക്തമായ നീക്കം നടത്തിയതായി ആരോപണമുയർന്നെങ്കിലും ഒരു സാക്ഷി പോലും കൂറുമാറിയില്ല. പരമാവധി തെളിവുകൾ നൽകിയതായി പോലീസ് പറയുന്നു. എന്നിട്ടും ആരോപണം തള്ളിപ്പോയെന്നത് പൊതുസമൂഹത്തെയും നിയമവൃത്തങ്ങളെയും അത്ഭുതപ്പെടുത്തുന്നു. ബിഷപ് കുറ്റം ചെയ്‌തെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഇരയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും നിരീക്ഷിച്ചാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ ബിഷപിനെ വെറുതെ വിട്ടത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീയാണ് പരാതിക്കാരി. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഫ്രാങ്കോ മുളയ്ക്കൽ പല തവണ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. വൈദികർക്കെതിരെ നിരവധി പീഡന പരാതികൾ ഉയരാറുണ്ടെങ്കിലും ഒരു ബിഷപിനെതിരെ കേരളത്തിൽ ഇതാദ്യമാണ്. 2018 ജൂൺ ഏഴിനാണ് കന്യാസ്ത്രീ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകുന്നത്. പോലീസ് എഫ് ഐ ആർ ഇടുന്നത് 21 ദിവസങ്ങൾക്കു ശേഷം ജൂൺ 28നാണ്. ബിഷപിന്റെ അറസ്റ്റ് പിന്നെയും നീണ്ടു. പരാതിക്കാരിയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ സമരം ആരംഭിക്കുകയും അവർക്ക് പിന്തുണയുമായി പൊതു സമൂഹം രംഗത്തു വരികയും ചെയ്തതോടെയാണ് സെപ്തംബർ 21ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. കേസിൽ നിന്ന് പിന്തിരിപ്പിക്കാനും കന്യാസ്ത്രീയെയും ബന്ധുക്കളേയും സ്വാധീനിക്കാനും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശ്രമങ്ങളുണ്ടായി. കേസിൽ നിന്ന് പിൻമാറാൻ രൂപത അധികാരികൾ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി 2018 ജൂലൈ 25ന് കന്യാസ്ത്രീയുടെ സഹോദരനാണ് വെളിപ്പെടുത്തിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ഉപരോധവുമുണ്ടായി.

നീതിന്യായ വ്യവസ്ഥയിലെ അത്ഭുത വിധിയെന്നാണ്, ഫ്രാങ്കോയെ കുറ്റവിമുക്തമാക്കിയതിനോട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുൻ എസ് പിയുമായ എസ് ഹരിശങ്കറിന്റെ പ്രതികരണം. തികച്ചും ബാലിശവും വികലവും നിയമവ്യവസ്ഥയെ നാൽപ്പത് വർഷത്തോളം പിന്നോട്ടടിപ്പിക്കുന്നതുമായ വിധിയെന്നാണ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽപാഷ പറഞ്ഞത്. പരാതിക്കാരിയായ കന്യാസ്ത്രീയെ എങ്ങനെയെല്ലാം അവിശ്വസിക്കാം എന്നതിലാണ് ഗവേഷണം നടന്നത്. കന്യാസ്ത്രീയുടെ വാക്കുകൾക്ക് കുറേക്കൂടി വിശുദ്ധി നൽകണമായിരുന്നു നീതിപീഠമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ലെന്നത് ആശ്വാസത്തിന് വക നൽകുന്നുവെന്നാണ് അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ വിമർശം. പീഡനത്തിന് വിധേയമാകുന്ന സ്ത്രീ ക്രിമിനൽ നടപടി നിയമം അരച്ചു കലക്കി കുടിച്ചേ പരാതിയുമായി ഇറങ്ങാവൂ, അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവളാകുമെന്നാണ് സമൂഹത്തോടുള്ള ഈ വിധിയുടെ സന്ദേശമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിധി ഞെട്ടിക്കുന്നതാണെന്നും പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നുമാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ പ്രതികരിച്ചത്. നീതിയെന്നത് അധികാര സ്ഥാനത്തിരിക്കുന്നവർക്കും കൈയൂക്കുള്ളവർക്കും മാത്രം അവകാശപ്പെട്ടതാണോ എന്നാണ് സാമൂഹിക പ്രവർത്തക കെ അജിതയുടെ ചോദ്യം.
കുറ്റാരോപിതനായ ഒരു വ്യക്തിക്കു ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകുന്ന നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നു കൊണ്ടാണ് ഫ്രാങ്കോ കുറ്റവിമുക്തനായി പ്രഖ്യാപിക്കപ്പെട്ടതെന്നു കോടതിക്കു അവകാശപ്പെടാം. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിവാക്യവും പരിഗണിക്കേണ്ടതു തന്നെ. പൊതുമനസ്സാക്ഷി പരിഗണിച്ചു പ്രതികളെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നും ന്യായവാദവുമുയർത്താം. എന്നാലും ബിഷപ്പ് നിരപരാധിയാണെന്നു സ്ഥാപിക്കാൻ ജഡ്ജി തന്റെ അധികാര പരിധിക്കപ്പുറം പോയെന്ന സംശയം നിയമവൃത്തങ്ങൾ തന്നെ ഉയർത്തുന്നുണ്ട്. കന്യാസ്ത്രീയുടെ പരാതി ശരിയോ തെറ്റോ എന്നു കണ്ടെത്തലാണ് ജുഡീഷ്യറിയുടെ ബാധ്യത. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം ദുരുദ്ദേശ്യപരമായിരുന്നു, നീതി ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നു വിധിയിൽ എടുത്തു പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നുവെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ട്. പീഡനം കഴിഞ്ഞശേഷം കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും പീഡിത ബിഷപിനു ഇ മെയിൽ അയച്ചതും മറ്റും ചൂണ്ടിക്കാട്ടി ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നു സ്ഥാപിക്കാനും ശ്രമിച്ചിട്ടുണ്ട് വിധിയിൽ.

ലൈംഗിക കേസുകളിൽ എത്രനാൾക്കുള്ളിൽ പരാതിപ്പെടണമെന്നു നിയമവ്യവസ്ഥ പറയുന്നില്ലെന്നിരിക്കെ, പരാതിപ്പെടാൻ ഏതാനും മാസം വൈകിയെന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടിയതും സംശയാസ്പദമാണ്. പരാതിക്കാരിയുടെ വാക്കുകളെല്ലാം അവിശ്വസനീയമാണെന്നു സ്ഥാപിക്കാനും ജഡ്ജി വല്ലാതെ പണിപ്പെട്ടോയെന്നും സംശയിക്കാവുന്നതാണ്. ഒരു പക്ഷേ ബിഷപ് ഫ്രാങ്കോ നിരപരാധിയായിരിക്കാം. പരാതി ദുരുദ്ദേശപരവുമായിരിക്കാം. എങ്കിലും വിധിപ്രസ്താവം ഏകപക്ഷീയമാെണന്ന ധാരണക്കിടമില്ലാത്തതായിരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ അതു ബാധിക്കും.

---- facebook comment plugin here -----

Latest