Connect with us

Uae

ഓഫര്‍ ലെറ്ററിലെ വ്യവസ്ഥകള്‍ കരാറിലുമുണ്ടായിരിക്കണം; യു എ ഇയില്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശവുമായി മൊഹ്‌റെ

തൊഴില്‍ പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിന് തൊഴിലുടമ ആദ്യം ജീവനക്കാരന് ഓഫര്‍ ലെറ്റര്‍ നല്‍കണം. ഇതില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പിന്നീട് നല്‍കുന്ന തൊഴില്‍ കരാറിലും ഉണ്ടാകണം.

Published

|

Last Updated

ദുബൈ | തൊഴില്‍ ഓഫറുകളിലെ നിബന്ധനകളും വ്യവസ്ഥകളും തൊഴില്‍ കരാറുകളിലും അതേപടി ഉള്‍ക്കൊള്ളിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം (മൊഹ്‌റെ) തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. തൊഴില്‍ പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിന് തൊഴിലുടമ ആദ്യം ജീവനക്കാരന് ഓഫര്‍ ലെറ്റര്‍ നല്‍കണം. ഇതില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പിന്നീട് നല്‍കുന്ന തൊഴില്‍ കരാറിലും ഉണ്ടാകണം.

തൊഴില്‍ കരാറിന്റെ സ്വഭാവം, ശമ്പളം, ആഴ്ചയിലെ അവധി ദിവസങ്ങള്‍, അറിയിപ്പ് കാലാവധി, മറ്റ് സുപ്രധാന വ്യവസ്ഥകള്‍ എന്നിവയെല്ലാം ഓഫറില്‍ വ്യക്തമാക്കണം. ഒരു ജീവനക്കാരന് ഒന്നിലധികം സ്ഥാപനങ്ങളില്‍ നിന്ന് ജോലി ഓഫറുകള്‍ ലഭിക്കാമെങ്കിലും, ഒരു സ്ഥാപനത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചതിനു ശേഷം മാത്രമേ അത് അനുവദിക്കൂ. അതുപോലെ, ഒരു ജീവനക്കാരന്റെ പേരില്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ കഴിയില്ല.

പുതിയ തൊഴില്‍ ഓഫര്‍ നല്‍കുന്നതിന് ചില രേഖകള്‍ മൊഹ്‌റെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കോപ്പി, അടിസ്ഥാന ശമ്പളം, മറ്റ് അലവന്‍സുകള്‍, കരാറിന്റെ സ്വഭാവം, തൊഴിലുടമയുടെ ഒറിജിനല്‍ ഇലക്ട്രോണിക് സിഗ്നേച്ചര്‍ കാര്‍ഡ്, മന്ത്രാലയത്തിലെ സ്ഥാപന നമ്പര്‍ കാണിക്കുന്ന ഒപ്പ് അംഗീകാര കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഇതില്‍ പ്രധാനമാണ്. ട്രാന്‍സ്ഫര്‍ പെര്‍മിറ്റിനുള്ള അപേക്ഷകളില്‍ 90 ദിവസത്തില്‍ താഴെ കാലാവധിയുള്ള പഴയ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതിന്റെ പകര്‍പ്പും ആവശ്യമാണ്.

ഡ്രൈവര്‍മാരുടെ ക്വാട്ട ആവശ്യമുണ്ടെങ്കില്‍ അപേക്ഷകന്റെ ഒറിജിനല്‍ ഐ ഡി കാര്‍ഡ്, വാഹനത്തിന്റെ രേഖകളും ഗതാഗത കമ്പനികള്‍ അല്ലെങ്കില്‍ കാര്‍ റെന്റല്‍ ഓഫീസുകള്‍ ആണെങ്കില്‍ ആവശ്യമായ ക്വാട്ടയുടെ വിശദാംശങ്ങളും നല്‍കണം. കൂടാതെ, മുന്‍ മാസത്തെ വെള്ളം, വൈദ്യുതി ബില്ലുകള്‍, വാടക കരാര്‍, ജോലിയുടെ വ്യാപ്തി തെളിയിക്കുന്ന രേഖകള്‍ (പ്രോജക്റ്റ് കരാറുകള്‍, കെട്ടിട ലൈസന്‍സുകള്‍, ഇന്‍വോയ്സുകള്‍) എന്നിവയും ഹാജരാക്കേണ്ടതുണ്ട്.

 

Latest