International
ഇറാന്‍ ഇസ്‌റാഈലില്‍ കനത്ത മിസൈല്‍ ആക്രമണം നടത്തി; ഇസ്‌റാഈല്‍ ഇറാനില്‍ ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടു
ഇന്നലെ രാത്രി ടെല്‍ അവീവില്‍ ശക്തമായ ആക്രമണമാണു നടന്നത്. ഇസ്‌റാഈലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെട്ടു

ടെല്‍ അവീവ് | ഇസ്‌റാഈലില്‍ കനത്ത മിസൈല്‍ ആക്രമണം തുടരുന്ന ഇറാന്‍ മുന്നൂറിലേറെ മിസൈലുകള്‍ വര്‍ഷിച്ചതായി സൂചന. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു.
ഇന്നലെ രാത്രി ടെല്‍ അവീവില്‍ ശക്തമായ ആക്രമണമാണു നടന്നത്. ഇസ്‌റാഈലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് 350 മീറ്റര്‍ അരികെ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയതായി ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈലില്‍ പട്ടാള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ഇറാന്‍ അറിയിച്ചു. ടെല്‍ അവീവിന് പുറമേ ജറസലേമിലും ആക്രമണം നടന്നു. ഇസ്‌റാഈല്‍ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ടെല്‍ അവീവിലാകെ കനത്ത പുക ഉയരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. മിസൈലിനെ തടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇസ്‌റാഈലില്‍ വ്യോമസേന അറിയിച്ചു. ആക്രമണത്തില്‍ ആളപായമില്ലെങ്കിലും ഏഴുപേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ അറിയിച്ചു.
ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇറാനില്‍ ആക്രമണം നടത്തിതായി റിപ്പോര്‍ട്ടുണ്ട്. ടെഹ്റാനില്‍ ഫോര്‍ദോ ആണവകേന്ദ്രമാണ് ഇസ്‌റാഈല്‍ ലക്ഷ്യമിട്ടതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉടന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.