Connect with us

National

രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചു

മെയ് 18ന് ഇതേ കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ള പ്രതികളും ഇതേ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി/ചെന്നൈ | രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചു. നളിനി, ആർപി രവിചന്ദ്രൻ എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും ഇന്നു തന്നെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എല്ലാ പ്രതികളെയും ജയിൽമോചിതരാക്കി. നളിനിയും രവിചന്ദ്രനും 30 വർഷത്തിലേറെ ജയിൽവാസമനുഷ്ടിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. ശ്രീഹരൻ, ശാന്തൻ, മുരുകൻ, റോബർട്ട് പയസ് എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികൾ.

മെയ് 18ന് ഇതേ കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ള പ്രതികളും ഇതേ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സർക്കാർ 2018ൽ ഗവർണറോട് ശുപാർശ ചെയ്‌തിരുന്ന കാര്യവും ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആറ് പ്രതികളുടെയും നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്‌നാട് സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസിൽ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേർക്കും ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിയിൽ വ്യക്തമാക്കി.

1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കവെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന തനു രാജീവിന് മുന്നിൽവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാജീവ് ഗാന്ധിക്ക് ഹാരമണിയിച്ച ശേഷം കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ രാജീവിന്റെ ശരീരം ഛിന്നഭിന്നമായി. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേരും തത്ക്ഷണം മരിച്ചിരുന്നു. 45ലധികം പേർക്ക് പരുക്കേറ്റു. ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ച രാജീവ് ഗാന്ധിയുടെ നടപടിയിൽ രോഷാകുലരായാണ് എൽടിടിഇ ഈ ക്രൂരകൃത്യം ചെയ്തത്.

രാജീവ് വധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട 26 പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. 1999 മേയിൽ സുപ്രീം കോടതി 19 പേരെ വെറുതെവിട്ടു. ബാക്കിയുള്ള ഏഴ് പ്രതികളിൽ നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു.

രാജീവ് ഗാന്ധിയുടെ ഭാര്യയും കോൺഗ്രസ് മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് 2000ൽ നളിനി ശ്രീഹരന്റെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. 2008ൽ വെല്ലൂർ ജയിലിൽ വച്ച് രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി നളിനിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. 2014ൽ മറ്റു ആറ് പ്രതികളുടെ ശിക്ഷയും ഇളവ് ചെയ്തു. അതേ വർഷം തന്നെ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അവരെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിൽ ഏറെ വൈകാരികത ഉയർത്തിയ കേസാണ് രാജീവ് ഗാന്ധി കൊലയാളികളുടെത്. പാർട്ടി വ്യത്യാസമില്ലാതെ സംസ്ഥാനത്ത് അധികാരത്തിലെത്തിയ എല്ലാ സർക്കാറുകളും ഇവരുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നു. രാജീവ് ഗാന്ധി വധത്തിൽ ഈ ഏഴ് പ്രതികൾക്കും കാര്യമായ പങ്കില്ലെന്നാണ് തമിഴ്നാട്ടുകാരുടെ വിശ്വാസം. തങ്ങൾക്ക് അധികം അറിയാത്ത ഒരു ഗൂഢാലോചനയിൽ ഇവർ അറിയാതെ പങ്കാളികളാകുകയായിരുന്നുവെന്നാണ് അവർ കരുതുന്നത്.

അതേസമയം, രാജീവ് ഗാന്ധിയുടെ ഘാതകരെ മോചിപ്പിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. പ്രതികളുടെ മോചനത്തിൽ കോടതി രാജ്യത്തിന്റെ വികാരം പരിഗണിച്ചിട്ടില്ലെന്ന് കോൺഗ്രസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.

എന്നാൽ മാനുഷിക പരിഗണന നൽകിയാണ് പ്രതികളെ വിട്ടയച്ചതെന്ന് നളിനിയുടെ സഹോദരൻ ഭാഗ്യനാഥൻ പ്രതികരിച്ചു. അവരുടെ മോചനത്തെ എതിർക്കുന്നവർ ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.