Kerala
സഹപാഠി കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരം | കണ്ണൂരില്‍ സഹപാഠി കഞ്ചാവ് നല്‍കി ലഹരിക്കടിമയാക്കി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ എ സി പി. ടി കെ രത്‌നകുമാര്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ ഇരകളായിട്ടുണ്ടോയെന്നും പരിശോധിക്കും. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്തിട്ടുണ്ടെന്നും എ സി പി വ്യക്തമാക്കി. സമാന രീതിയില്‍ കെണിയിലായ 11 ഓളം പെണ്‍കുട്ടികളെ അറിയാമെന്ന് വിദ്യാര്‍ഥിനി സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടി സാമൂഹിക മാധ്യമം വഴി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. ലഹരി മാഫിയ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. കഴിഞ്ഞ നാല് മാസമായി ലഹരിക്കടിമയാണെന്നും നിരന്തരം പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പറയുന്നു. കഞ്ചാവ് തന്ന സഹപാഠി തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ലഹരി എത്തിക്കുന്നത് കക്കാട് പ്രദേശത്തു നിന്നാണെന്നും പെണ്‍കുട്ടി പറഞ്ഞു.