Connect with us

Articles

രാജ്യദ്രോഹ നിയമം ഇനിയും ഇഴകീറണം

രാജ്യദ്രോഹക്കുറ്റം താത്കാലികമായി റദ്ദ് ചെയ്തെങ്കിലും യു എ പി എ എന്ന കരിനിയമം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഐ പി സിയിലെ 124 എയോടൊപ്പം മിക്കവാറും പ്രതികളുടെ പേരില്‍ യു എ പി എയും ചുമത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് മോചനം ലഭിച്ചാലും ഇരകള്‍ക്ക് ജാമ്യം പോലും ലഭിക്കാന്‍ സാധ്യതയില്ല. അടിയന്തരമായും യു എ പി എ പിന്‍വലിക്കാനുള്ള ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമാണിത്.

Published

|

Last Updated

 

മറ്‌ഴൗെഴൗിമി@ഴാമശഹ.രീാ
വിചാരണ കൂടാതെ നിരപരാധികളെ തടങ്കലില്‍ വെക്കാനുള്ള എക്സിക്യൂട്ടീവിന്റെ കൈയിലുള്ള ആയുധമാണ് രാജ്യദ്രോഹക്കുറ്റം (124 എ). ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലം മുതല്‍ ഈ കരിനിയമം രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചു വരികയാണ്.

ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാം ഭാഗം മൗലികാവകാശങ്ങളെ സംബന്ധിച്ചുള്ളതാണ്. 24 വകുപ്പുകളാണിതിലുള്ളത്. വിവിധ രാജ്യങ്ങളിലെ ഭരണഘടനകളില്‍ മിക്കവാറും മൗലികാവകാശങ്ങളെപ്പറ്റി ഒരു അധ്യായം ഉണ്ടാകും. പക്ഷേ, ഇന്ത്യന്‍ ഭരണഘടന പോലെ ഇത്രയും വിശദരൂപത്തില്‍ ഈ അവകാശങ്ങള്‍ രേഖപ്പെടുത്താന്‍ മറ്റൊരു ഭരണഘടനയും തയ്യാറായിട്ടില്ല.
മൗലികാവകാശങ്ങളില്‍ ഏറ്റവും മൗലികമായത് വ്യക്തി സ്വാതന്ത്ര്യമാണ്. 19ാം വകുപ്പ് മുതല്‍ 22ാം വകുപ്പ് വരെ ഈ മൗലിക അവകാശത്തിന്റെ വിവിധ വശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മൊത്തത്തിലെടുത്താല്‍ ഈ നാല് വകുപ്പുകളും വ്യക്തിസ്വാതന്ത്ര്യങ്ങളുടെ ഒരധ്യായമായി തീരുന്നു. അത് തന്നെയാണ് മൗലികാവകാശങ്ങളുടെ നട്ടെല്ല്. ഇതില്‍ 19ാം വകുപ്പാണ് ഏറ്റവും പ്രധാനം. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും നല്‍കിയിട്ടുള്ള മൗലിക സ്വാതന്ത്ര്യങ്ങളുള്‍ക്കൊണ്ട സുപ്രധാന വകുപ്പാണിത്.

ഒരു ജനാധിപത്യ സമുദായത്തിനും ഈ സ്വാതന്ത്ര്യങ്ങളുടെ പ്രാധാന്യത്തില്‍ അതിശയോക്തി കലര്‍ത്താനാകില്ല. പൗരന്മാര്‍ പൊതുവെ ഈ സ്വാതന്ത്ര്യങ്ങള്‍ എത്രത്തോളം അനുഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പ്. എന്നാല്‍ ഈ മൗലികാവകാശങ്ങള്‍ക്ക് പല നിയന്ത്രണങ്ങളും ഇതിനകം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ അപ്പാടെ തടഞ്ഞുനിര്‍ത്തുന്നതാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ്. രാജ്യത്തിനെതിരെയുള്ള കുറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121 മുതല്‍ 130 വരെയുള്ള വകുപ്പുകളില്‍ വളരെ പ്രധാനപ്പെട്ടതാണ് രാജ്യദ്രോഹ വകുപ്പായ 124 എ.

ഭരണകൂടങ്ങളുടെ ഭരണപരമോ മറ്റു വിധത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളെപ്പറ്റി വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായ 124 എയില്‍ വരികയില്ലെന്ന് പീനല്‍ കോഡില്‍ അടിവരയിട്ട് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് ബ്രിട്ടീഷ് സര്‍ക്കാറും സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ അധികാരത്തിലിരുന്ന വിവിധ സര്‍ക്കാറുകളും എക്കാലവും ശ്രമിച്ചിട്ടുള്ളത്. ജാമ്യം നല്‍കാന്‍ വ്യവസ്ഥയില്ലാത്തതുകൊണ്ട് ആരെയും കുറെക്കാലം തടവിലാക്കാന്‍ ഈ വകുപ്പുകൊണ്ട് ഭരണത്തിലുള്ളവര്‍ക്ക് എപ്പോഴും സാധിക്കുന്നു. വിനോദ ദത്താ കേസില്‍ സര്‍ക്കാറിനെതിരെ വിമര്‍ശം നടത്താനും എഴുതാനും പൗരന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പൗരന്റെ പ്രസ്താവനയും എഴുത്തും ഒരു കലാപത്തിന് വഴിവെക്കുകയോ സംഘര്‍ഷം ഉണ്ടാക്കുകയോ ചെയ്യാത്തിടത്തോളം അത് രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുമുണ്ട്.

സ്വാതന്ത്ര്യ സമര പോരാളികളെ കല്‍ത്തുറുങ്കിലടക്കാന്‍ കൊണ്ടുവന്ന നിയമത്തിന്റെ രൂപഭേദമാണ് ഐ പി സി 124 എ. ഇന്നത്തെ നിലയില്‍ ഈ നിയമം പീനല്‍ കോഡിന്റെ ഭാഗമായത് 1898ലാണ്. 1950ല്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍ ഐ പി സിയിലെ 124 എ ഒഴിവാക്കണമെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു വന്നിരുന്നു. ഭരണഘടനാ ശില്‍പ്പികളില്‍ പ്രധാനിയായ സര്‍ദാര്‍ ഭോവിന്ദര്‍ സിംഗ്, പ്രൊഫ. യശ്വന്ത് റായി തുടങ്ങിയവര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യദ്രോഹം എന്ന പദം കൂട്ടിച്ചേര്‍ക്കുന്നതിനെ അതിരൂക്ഷമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. പീനല്‍ കോഡിലെ 124 എ എന്ന രാജ്യദ്രോഹക്കുറ്റം മൗലികമായി ഭരണഘടനാ വിരുദ്ധമാണെന്നാണ് ജവഹര്‍ലാല്‍ നെഹ്റു അഭിപ്രായപ്പെട്ടത്. ചരിത്രപരമായും പ്രായോഗികമായും 124 എ നിലനിര്‍ത്താന്‍ പാടില്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.

വളച്ചൊടിച്ച് ആര്‍ക്കെതിരെയും പ്രയോഗിക്കാം എന്ന സൗകര്യം ഈ വകുപ്പിനുണ്ട്. ഇന്ത്യന്‍ ഭരണഘടന വിമര്‍ശിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. പ്രശസ്ത അഭിഭാഷകനായ എ ജെ നൂറാനി ഒരിക്കല്‍ പറഞ്ഞത്, ഈ വകുപ്പനുസരിച്ച് ജനങ്ങള്‍ സര്‍ക്കാറിനെ എപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കണം, വെറുക്കാന്‍ പാടില്ല എന്നാണ്. രാജ്യദ്രോഹക്കുറ്റ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ ക്യാമ്പയിനുകള്‍ നമ്മുടെ രാജ്യത്ത് ദശാബ്ദങ്ങളായി നടക്കുകയാണ്. സുപ്രീം കോടതിയില്‍ തന്നെ നേരത്തേ ഇത് സംബന്ധിച്ച കേസുകള്‍ വിചാരണക്കെടുത്തിട്ടുള്ളതാണ്. ഏറ്റവും ഒടുവില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി രാജ്യദ്രോഹ നിമയം മരവിപ്പിച്ചുകൊണ്ട് ഐതിഹാസികമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124 എ വകുപ്പ് കേന്ദ്രം പുനഃപരിശോധിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രാധാന്യമുള്ള പരമോന്നത കോടതിയുടെ ഉത്തരവ് വന്നിരുന്നത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊളോണിയല്‍ കാലത്തുണ്ടാക്കിയ 152 വര്‍ഷം പഴക്കമുള്ള നിയമത്തിനാണ് അന്ന് സുപ്രീം കോടതി താത്കാലിക വിരാമമിട്ടത്. പുതിയ കാലത്തിന് യോജിക്കുന്നതല്ല നിയമമെന്ന നിരീക്ഷണവും കോടതി നടത്തി. ഐ പി സി 124 എ പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. നിലവില്‍ ഈ വകുപ്പ് പ്രകാരം തുടരുന്ന കേസുകളില്‍ നടപടികള്‍ താത്കാലികമായി മരവിപ്പിക്കുന്നു. ബന്ധപ്പെട്ട വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണവും തുടര്‍ നടപടികളും വകുപ്പിന്റെ പുനരവലോകനം പൂര്‍ത്തിയാകും വരെ മരവിപ്പിക്കുകയാണെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ കഴിയുന്നവര്‍ക്ക് ബന്ധപ്പെട്ട കോടതികളെ ജാമ്യത്തിനായി സമീപിക്കാം. ഈ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് പരിഹാരം തേടി കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണം ഇത്തരം ഹരജികള്‍ പരിഗണിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഇടക്കാല ഉത്തരവിന് പ്രാബല്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രകാരവും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കാവുന്നതാണെന്ന് ഉത്തരവ് വിശദീകരിക്കുന്നു.

കൊളോണിയല്‍ കാലത്തെ നിയമം സംബന്ധിച്ച് പുനരവലോകനം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടും വകുപ്പ് പുനഃപരിശോധിക്കുകയാണെന്ന കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തലും നിരീക്ഷിച്ച ശേഷമാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തോട് ആദ്യം അനുകൂല നിലപാടും പിന്നീട് നിയമം പുനഃപരിശോധിക്കാമെന്ന നിലപാടുമാണ് കേന്ദ്രം കോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി എത്ര പേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന് ബന്ധപ്പെട്ട അഭിഭാഷകരോട് കോടതി ചോദിച്ചു. ഈ വകുപ്പ് ചുമത്തി 13,000 പേര്‍ ജയിലുകളില്‍ ഉണ്ടെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ നല്‍കിയ മറുപടി.
2014 മുതല്‍ 2019 വരെ 326 രാജ്യദ്രോഹ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഝാര്‍ഖണ്ഡിലാണ്. 2014 മുതലുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്താണ് രാജ്യദ്രോഹ കേസുകള്‍ ഗണ്യമായി വര്‍ധിച്ചത്. ഇപ്പോള്‍ 800ലേറെ കേസുകളിലായി 13,000 പേരാണ് പ്രതികളായുള്ളത്. ഇന്ത്യയില്‍ അധികാരത്തിലിരുന്ന പാര്‍ട്ടികളെല്ലാം 124 എ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരായി ഈ നിയമം വ്യാപകമായി സര്‍ക്കാറുകളെല്ലാം ദുരുപയോഗം ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ രാജ്യദ്രോഹ നിയമം ഇഴകീറി പരിശോധിച്ചത് കേദാര്‍നാഥ് കേസിലായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ കേദാര്‍നാഥ് സിംഗ് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെ ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ചതാണ് കേസിന് വഴിവെച്ചത്. പ്രസംഗത്തിന്റെ പേരില്‍ 124 എ പ്രകാരം കീഴ്ക്കോടതികളും ഹൈക്കോടതിയും ശിക്ഷിച്ചതിനെ തുടര്‍ന്നാണ് കേദാര്‍നാഥ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടൊപ്പം സമാനമായ മറ്റു കേസുകളും പരിഗണിച്ചു അഞ്ചംഗ ഭരണഘടനാ ബഞ്ച്. വിമര്‍ശനാത്മക പ്രസംഗം രാജ്യദ്രോഹമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അന്ന് അടിവരയിട്ട് പറഞ്ഞു.

സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹക്കുറ്റം കേന്ദ്രത്തിന് വലിയ തിരിച്ചടിയാണ്. കോടതിയുടെ നടപടിയില്‍ കേന്ദ്ര നിയമ മന്ത്രി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ മറികടക്കാന്‍ പാടില്ലാത്ത ലക്ഷ്മണ രേഖയുണ്ട്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും അത് മാനിക്കണമെന്നുമായിരുന്നു നിയമ മന്ത്രിയുടെ പ്രതികരണം.
പൗര സ്വാതന്ത്ര്യത്തെ അപ്പാടെ നിഷേധിക്കുന്ന ഈ കരിനിയമം പീനല്‍ കോഡില്‍ നിന്ന് മാറ്റിയേ മതിയാകൂ. അതിനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമായി മാത്രമേ അടുത്തിടെയുണ്ടായ പരമോന്നത കോടതിയുടെ വിധിയെയും കാണാന്‍ കഴിയൂ. ആരെയും വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ പോലീസിന് അധികാരം നല്‍കുന്ന ഈ നിയമം എല്ലാ നിലയിലും കാലഹരണപ്പെട്ടതാണ്. പരമോന്നത കോടതിയില്‍ രാജ്യദ്രോഹക്കുറ്റത്തെ സംബന്ധിച്ച് തുടര്‍ന്നും നടക്കേണ്ട വിചാരണയില്‍ ജനകീയ വികാരവും ഭരണഘടനയുടെ സ്പിരിറ്റും മാനിക്കപ്പെടുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതിന്റെ ഭാഗമായി തന്നെയാണ് രാജ്യദ്രോഹക്കുറ്റം താത്കാലികമായി റദ്ദ് ചെയ്യാനുള്ള ഉത്തരവ് പരമോന്നത കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതും.

രാജ്യദ്രോഹക്കുറ്റം താത്കാലികമായി റദ്ദ് ചെയ്തെങ്കിലും യു എ പി എ എന്ന കരിനിയമം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഐ പി സിയിലെ 124 എയോടൊപ്പം മിക്കവാറും പ്രതികളുടെ പേരില്‍ യു എ പി എയും ചുമത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് മോചനം ലഭിച്ചാലും ഇരകള്‍ക്ക് ജാമ്യം പോലും ലഭിക്കാന്‍ സാധ്യതയില്ല. അടിയന്തരമായും യു എ പി എ പിന്‍വലിക്കാനുള്ള ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമാണിത്. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വ്യാപകമായി നിഷേധിക്കപ്പെട്ട ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇനിയെങ്കിലും രാജ്യദ്രോഹക്കുറ്റത്തില്‍ നിന്നും യു എ പി എയില്‍ നിന്നും മോചനം ലഭിച്ചേ മതിയാകൂ.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest