From the print
കോട്ടയത്തിന് വേണം ഇനിയും വികസനം- സ്നേഹവിരുന്ന്
കേരളയാത്രയുടെ ഭാഗമായി കുമാരനല്ലൂര്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്നേഹവിരുന്നിലാണ് ജില്ലയുടെ സര്‍വോന്മുഖ വികസനം ചര്‍ച്ചയായത്.
കേരളയാത്ര കോട്ടയത്ത് എത്തിയപ്പോൾ
കോട്ടയം | കേരളത്തിലെ ആദ്യ സാക്ഷര ജില്ലയായ കോട്ടയത്തിന് ഇനിയും വികസനം ആവശ്യമാണെന്ന് സ്നേഹവിരുന്നില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ ഭാഗമായി കുമാരനല്ലൂര്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്നേഹവിരുന്നിലാണ് ജില്ലയുടെ സര്‍വോന്മുഖ വികസനം ചര്‍ച്ചയായത്.
ജില്ലാ ആസ്ഥാനമായ കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ്സ് നേതാവുമായ എം എ ഷാജി ആവശ്യപ്പെട്ടു. കോട്ടയം ടൗണില്‍ കഞ്ഞിക്കുഴി കടവ് ഭാഗത്ത് അഞ്ച് സ്റ്റോപ്പുകളാണുള്ളത്. ഇത് പുനഃക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് വിദ്യാര്‍ഥി പ്രതിനിധി ഫൈസല്‍ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുമായി ചേര്‍ന്നുനില്‍ക്കുന്ന ജില്ലയിലെ വിനോദ മേഖലയെ വികസിപ്പിച്ച് യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കണം. എരുമേലി എയര്‍പോര്‍ട്ട് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും ഏഷ്യയിലെ ആദ്യ റബ്ബര്‍ കൃഷിയുള്ള കേട്ടയത്ത് റബ്ബര്‍ വ്യവസായ ശാലയില്ലാത്തതിന് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് രാത്രി 8.30 കഴിഞ്ഞാല്‍ വാഹനം കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് റിട്ട. പോലീസ് കോണ്‍സ്റ്റബിളും നിലമംഗലം മുസ്്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എം നവാസ് പറഞ്ഞു.
വിദ്യാര്‍ഥികളില്‍ വ്യാപിക്കുന്ന ലഹരിക്കെതിരെ പള്ളി, ചര്‍ച്ച്, ക്ഷേത്ര കമ്മിറ്റികള്‍ സംയുക്തമായി ബോധവത്കരണം നടത്തണമെന്ന് നോബല്‍ കോളജ് എം ഡിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ നവാസ് അബ്ദുല്‍ ഖാദിര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ വൈക്കം റോഡില്‍ കൊവിഡിനു ശേഷം പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കണമെന്നും എറണാകുളം- കോട്ടയം റൂട്ടില്‍ രാത്രി ബസുകളില്ലാത്തതിന് പരിഹാരം കാണണമെന്നും അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ വൈക്കം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. മുഹമ്മദ് പറവൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുബൈര്‍ സഖാഫി കോട്ടയം, അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ കാഞ്ഞീര്‍പ്പള്ളി സംസാരിച്ചു.





