Connect with us

From the print

മാണി കോണ്‍ഗ്രസ്സില്‍ മുന്നണിമാറ്റ സമ്മര്‍ദം

വെള്ളിയാഴ്ച നിര്‍ണായക യോഗം. സഭാ നേതൃത്വത്തിന് അനുകൂല നിലപാട്.

Published

|

Last Updated

കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ തിരിച്ചടിക്ക് പിന്നാലെ, കേരള കോണ്‍ഗ്രസ്സ് എമ്മില്‍ മുന്നണി മാറ്റത്തെ ചൊല്ലി ചര്‍ച്ച ചൂടുപിടിക്കുന്നു. അഭ്യൂഹങ്ങള്‍ പരസ്യമായി തള്ളുമ്പോഴും മുന്നണിമാറ്റ സാധ്യതകള്‍ ജില്ലാതലത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടി അവലോകനം ചെയ്തുകഴിഞ്ഞു. മുന്നണിമാറ്റം പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന വാദം ഒരു വിഭാഗം ഉന്നയിക്കുന്‌പോള്‍, മാണി കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിന് യു ഡി എഫിനൊപ്പം ചേരണമെന്ന ശക്തമായ അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കുമുള്ളത്.

മധ്യകേരളത്തിലും തിരുവിതാംകൂറിലും ഇനിയും തിരിച്ചടി നേരിട്ടാല്‍ പാര്‍ട്ടി സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന അഭിപ്രായം പ്രാദേശിക ഘടകങ്ങളില്‍ നിന്നടക്കം ഉയര്‍ന്നുവന്നു. മുന്നണി മാറ്റത്തിന് ക്രൈസ്തവ സഭാ നേതൃത്വത്തിന്റെയും എന്‍ എസ് എസിന്റെയും സമ്മര്‍ദമുള്ളതായും സൂചനയുണ്ട്. യു ഡി എഫിലേക്ക് പോകുന്നതിന് സഭാ നേതൃത്വം നേരത്തേ തന്നെ അനുകൂല സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്തുണയും അവര്‍ക്കുണ്ട്. ലീഗ് നേതൃത്വം ചില നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നും സൂചനയുണ്ട്. മാണി കോണ്‍ഗ്രസ്സിനെ സ്വാഗതം ചെയ്യുന്ന കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ലീഗ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാണി വിഭാഗത്തെ ഏത് വിധേനയും മുന്നണിയിലെത്തിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുമുള്ളത്. ഹൈക്കമാന്‍ഡുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിയെന്ന സൂചനയും കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ നല്‍കുന്നു. സീറ്റുകള്‍ സംബന്ധിച്ച് ജോസ് കെ മാണി ഉന്നയിച്ച ഉപാധികള്‍ ജോസഫ് വിഭാഗത്തിന് പ്രതികൂലമാകാതെ പരിഗണിക്കാമെന്ന ഉറപ്പ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

അതേസമയം, രാഷ്ട്രീയ കാരണം ഉയര്‍ത്തിക്കാട്ടാനില്ലാതെ തിരഞ്ഞെടുപ്പ് അടുക്കുന്‌പോള്‍ മറുകണ്ടം ചാടുന്നത് വഞ്ചനയായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്ക കേരളാ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പങ്കുവെക്കുന്നു. എല്‍ ഡി എഫിനൊപ്പം നില്‍ക്കണമെന്ന ഉറച്ച നിലപാടാണ് ചില നേതാക്കള്‍ക്കുള്ളത്.

യു ഡി എഫിലേക്ക് പോകുന്നതില്‍ ജോസഫ് ഗ്രൂപ്പിനുള്ള അതൃപ്തിയും ഈ നേതാക്കള്‍ വിഷയമാക്കുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് കേരളാ കോണ്‍ഗ്രസ്സ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കാന്‍ ചെയര്‍മാന്‍ ജോസ് കെ മാണിയെയും മന്ത്രി റോഷി അഗസ്റ്റിനെയും ചുമതലപ്പെടുത്തുമെന്നാണ് വിവരം.

എല്‍ ഡി എഫ് യോഗങ്ങളില്‍ നിന്ന് ജോസ് വിട്ടുനിന്നതും തിരുവനന്തപുരത്തെ കേന്ദ്രവിരുദ്ധ സമരത്തില്‍ എത്താതിരുന്നതും മേഖലാ ജാഥയില്‍ അദ്ദേഹം ക്യാപ്റ്റനാകില്ലെന്ന വിവരവുമാണ് മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കുന്നത്.

അഭ്യൂഹം തള്ളി ജോസ് കെ മാണി; ഇടത് മുന്നണിക്കൊപ്പം തുടരും
കൊച്ചി | കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം എല്‍ ഡി എഫ് വിടുമെന്ന പ്രചാരണം തള്ളി ചെയര്‍മാന്‍ ജോസ് കെ മാണി. ഇടതു മുന്നണിക്കൊപ്പം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇപ്പോഴുള്ള അഭിപ്രായ പ്രകടനങ്ങള്‍ ബോധപൂര്‍വം പാര്‍ട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജന്‍ഡയുടെ ഭാഗമാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതു മുന്നണിക്കൊപ്പമെന്ന് പലവട്ടം ആവര്‍ത്തിച്ചതാണ്. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് ഇടത് മുന്നണി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കാതിരുന്നത്. ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.
മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസത്തെ എല്‍ ഡി എഫ് സമരത്തിന്റെ ഫോട്ടോ റോഷിയും റാന്നി എം എല്‍ എ പ്രമോദ് നാരായണനും ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘തുടരും’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

അപ്രസക്തമായ വിഷയമെന്ന് ജോസഫ് വിഭാഗം
കോട്ടയം | കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിന്റെ യു ഡി എഫ് പ്രവേശം അപ്രസക്തമായ വിഷയമാണെന്നും ഇക്കാര്യത്തില്‍ ഔദ്യോഗികമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ. കഴിഞ്ഞ യു ഡി എഫ് യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. തങ്ങളെ വിശ്വാസത്തിലെടുത്തേ യു ഡി എഫ് മുന്നോട്ടുപോകൂ. യു ഡി എഫ് നേതൃത്വം നയം വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടി അഭിപ്രായം പറയും. മാണി വിഭാഗം പോയതുകൊണ്ട് യു ഡി എഫിന് തകര്‍ച്ച യുണ്ടായിട്ടില്ല. അവര്‍ ഇല്ലെങ്കിലും വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാകും.

മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിനെ എതിര്‍ത്തിട്ടില്ല. പക്ഷേ, ആരുടെയും പിന്നാലെ നടക്കരുതെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

 

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി