From the print
കോട്ടയത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തണം: കേരള മുസ്‌ലിം ജമാഅത്ത്
വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ എക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍
സഹകരണ മന്ത്രി വി എന്‍ വാസവന്‍ കേരളയാത്രാ നായകന്‍ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരെ പൊന്നാട അണിയിക്കുന്നു
കോട്ടയം | കോട്ടയം- എറണാകുളം റൂട്ടില്‍ മികച്ച യാത്രാ സൗകര്യങ്ങളുള്ള വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ എക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള കെ കെ എക്സ്പ്രസ്സ്, പാലരുവി, പരശുറാം എന്നിവക്ക് പുറമെ, വേണാട് എക്സ്പ്രസ്സ്, മലബാര്‍ എക്സ്പ്രസ്സ്, ഐലന്‍ഡ് എക്സ്പ്രസ്സ് എന്നിവക്ക് കൂടി അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണം.
അങ്കമാലിയില്‍ നിന്ന് എരുമേലിയിലേക്കുള്ള നിര്‍ദിഷ്ട ശബരി റെയില്‍ നിര്‍മാണവും ശബരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ത്വരിതഗതിയിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
എരുമേലിയില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. എരുമേലിയുടെ സമഗ്ര വികസനം വേഗത്തില്‍ നടപ്പാക്കണം. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണം തടസ്സങ്ങള്‍ നീക്കി ഉടന്‍ പൂര്‍ത്തിയാക്കണം. കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കേറിയ കഞ്ഞിക്കുഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേല്‍പ്പാലം നിര്‍മിക്കണം.
മെഡിക്കല്‍ കോളജിന് സമീപമുള്ള സംക്രാന്തിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം സി റോഡിനോട് ചേര്‍ന്നുള്ള പേരൂര്‍ റോഡ് വീതി കൂട്ടി നിലവിലുള്ള വണ്‍വേ സംവിധാനം ഒഴിവാക്കണം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്ന് മലബാര്‍ ഭാഗത്തേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കണം.
രാത്രി പത്തിന് ശേഷം എറണാകുളം- കോട്ടയം റൂട്ടില്‍ ഇരുവശത്തേക്കും കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കണമെന്നും കേരളയാത്രാ ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സെക്രട്ടറി എന്‍ അലി അബ്ദുല്ല, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്് കെ എസ് എം റഫീഖ് അഹ്മദ് സഖാഫി എന്നിവര്‍ ആവശ്യപ്പെട്ടു.





