From the print
ഇറാനില്‍ മരണം രണ്ടായിരം; വെല്ലുവിളി, ഭയാനകം
ഇറാനുമായുള്ള നയതന്ത്രബന്ധം താത്കാലികമായി നിര്‍ത്തിവെച്ചെന്ന് ട്രംപ്.
തെഹ്‌റാന്‍ | സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. രണ്ടാഴ്ചയായി തുടരുന്ന സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ ആദ്യമായാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നത്. മരിച്ചവരില്‍ എത്ര പ്രതിഷേധക്കാരുണ്ടെന്നോ എത്ര സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്നോ വ്യക്തമാക്കിയിട്ടില്ല. നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതിനിടെ, ഇറാനില്‍ നടക്കുന്ന അക്രമങ്ങളില്‍ താന്‍ ഞെട്ടിപ്പോയെന്ന് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി വോള്‍കര്‍ ടര്‍ക് പ്രതികരിച്ചു.
അതിനിടെ, കടുത്ത വാക്പ്രയോഗങ്ങളുമായി ഇറാന്‍- യു എസ് നേതാക്കള്‍ വീണ്ടും രംഗത്തെത്തി. നേരത്തേ പരീക്ഷിച്ച സൈനിക നീക്കങ്ങള്‍ ആവര്‍ത്തിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറാന്‍ അതിന് സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ ഭരണകൂടത്തില്‍ നിന്ന് ലഭിച്ച രഹസ്യ സന്ദേശങ്ങളും അവരുടെ പരസ്യമായ പ്രസ്താവനകളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഇതിനോട് പ്രതികരിച്ചു. ആവശ്യമെന്നു തോന്നിയാല്‍ സൈനിക നടപടിക്ക് ഭയമില്ലാത്തയാളാണ് യു എസ് പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപെന്ന് ഇറാനേക്കാള്‍ നന്നായറിയുന്ന മറ്റൊരാളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്ര ചര്‍ച്ചകള്‍ മുതല്‍ സൈനിക നടപടികള്‍ വരെ ഉന്നത ഉദ്യോഗസ്ഥര്‍ പരിഗണിച്ചുവരികയാണെന്ന് യു എസ് വൈസ് പ്രസിഡന്റ്ജെ ഡി വാന്‍സിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വെളിപ്പെടുത്തി. ഇറാനുമായുള്ള നയതന്ത്രബന്ധം താത്കാലികമായി നിര്‍ത്തിവെച്ചതായി ട്രംപ് അറിയിച്ചു.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ ഉടലെടുത്ത ജനരോഷം, മൂന്ന് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇസ്റാഈലും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യം കടുത്ത അന്താരാഷ്ട്ര സമ്മര്‍ദത്തില്‍ തുടരുന്നതിനിടെയാണ് ആഭ്യന്തര പ്രക്ഷോഭം കൂടി രാജ്യത്തെ പിടിമുറുക്കുന്നത്. ഈ സമ്മര്‍ദം ഒന്നുകൂടി ശക്തമാക്കുകയാണ് അമേരിക്ക. പ്രധാന എണ്ണ കയറ്റുമതി രാജ്യമായ ഇറാനുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യത്തിന്റെയും ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇതോടൊപ്പം, ഇറാനുമേല്‍ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ട്രംപ് ആവര്‍ത്തിക്കുന്നു.
യു എസ് ഉപരോധങ്ങള്‍ക്കിടയിലും ഇറാനില്‍ നിന്ന് വലിയ തോതില്‍ ചൈനയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയ, ഇറാഖ്, യു എ ഇ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കും ഇറാനുമായി വ്യാപാര പങ്കാളിത്തമുണ്ട്. നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഉപരോധവും ഇതര രാജ്യങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റവും ശക്തമായി പ്രതിരോധിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.





