Connect with us

From the print

യാത്ര ഗമിക്കുന്നു, ഇവര്‍ കരുത്താകുന്നു

പ്രാസ്ഥാനിക മുന്നേറ്റങ്ങളെ വര്‍ഷങ്ങളായി കര്‍ട്ടന് പിന്നില്‍ നിന്ന് നയിക്കുന്ന നേതാക്കള്‍ തന്നെയാണ് മലയാളക്കരയുടെ മത, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന യാത്രയുടെ പിന്നിലും.

Published

|

Last Updated

കേരളയാത്ര കോട്ടയത്ത് എത്തിയപ്പോള്‍ നേതാക്കള്‍ അവലോകന യോഗത്തില്‍.

കോട്ടയം | കേരളത്തിന്റെ പൊതുമണ്ഡലത്തെ ഇളക്കിമറിച്ച് ചരിത്രം സൃഷ്ടിക്കുന്ന കേരള യാത്രയുടെ ആസൂത്രണവും അച്ചടക്കവും ചര്‍ച്ചയാകുന്നു. പ്രാസ്ഥാനിക മുന്നേറ്റങ്ങളെ വര്‍ഷങ്ങളായി കര്‍ട്ടന് പിന്നില്‍ നിന്ന് നയിക്കുന്ന നേതാക്കള്‍ തന്നെയാണ് മലയാളക്കരയുടെ മത, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടുന്ന യാത്രയുടെ പിന്നിലും. മാസങ്ങളോളം നീണ്ട ആസൂത്രണവും അവലോകനവുമാണ് ഈ വിജയം.

നൂറ് പ്രകാശ വര്‍ഷങ്ങള്‍ എന്ന പേരില്‍ സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് നടപ്പാക്കുന്ന കര്‍മ സാമയികം പദ്ധതികളുടെ സമാപനം കൂടിയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം വഹിക്കുന്ന കേരളയാത്ര. എ ഐ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളടക്കം ഉള്‍ക്കൊള്ളിച്ച് ചെത്തിമിനുക്കിയ ലളിത വാചകമായ മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം ഒരു മതസംഘടന ഉയര്‍ത്തിക്കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന മന്ത്രി പി രാജീവിന്റെ പ്രസംഗം മാത്രം മതി കേരളയാത്രയെ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കാന്‍.

യാത്രയിലെ ഒന്ന്, മൂന്ന് നമ്പര്‍ വാഹനങ്ങളാണ് ശരിക്കും യാത്രയുടെ കണ്ണും കാതും. കേരള മുസ്‌ലിം ജമാഅത്ത് നായകരായ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ കോഡൂര്‍, സലീം അണ്ടോണ എന്നിവരാണ് ഒന്നാം നമ്പര്‍ വാഹനത്തിലുള്ളത്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര എന്നിവരാണ് മൂന്നാം നമ്പര്‍ വാഹനത്തിലെ അംഗങ്ങള്‍. കൂടാതെ സ്ഥിരം അംഗമല്ലെങ്കിലും എസ് ശറഫുദ്ദീന്‍ മുഴുസമയം യാത്രയുടെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സജീവമാണ്. ഓരോ ജില്ലയിലെയും സെന്റിനറി ഗാര്‍ഡുകളെ ഏകോപിപ്പിക്കുന്നത് എം അബൂബക്കര്‍ പടിക്കലിന്റെ നേതൃത്വത്തിലാണ്.

ഓരോ നാടിനെയും തൊട്ടറിയുന്ന പ്രമേയങ്ങളാണ് അതതിടങ്ങളില്‍ കേരളയാത്ര മുന്നോട്ടുവെക്കുന്നത്. ഇത്തരം ആശയങ്ങള്‍ ചികഞ്ഞ് കടഞ്ഞെടുത്ത് അവതരിപ്പിക്കുന്നതില്‍ നേതാക്കള്‍ ഏറെ മികവ് പുലര്‍ത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്ന വിഷയങ്ങളില്‍ പലതും കേരളം സജീവമായി ചര്‍ച്ച ചെയ്തുതുടങ്ങി.

ഒന്നും രണ്ടും കേരളയാത്രകള്‍ക്ക് എണ്ണയിട്ട യന്ത്രങ്ങള്‍ പോലെ പ്രവര്‍ത്തിച്ച നേതാക്കള്‍ തന്നെയാണ് മൂന്നാം കേരളയാത്രയുടെയും റിമോര്‍ട്ട് കണ്‍ട്രോളര്‍മാര്‍ എന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും ചേരുന്ന അവലോകന യോഗങ്ങളാണ് യാത്രയിലെ പ്രതിസന്ധികളെ വകഞ്ഞുമാറ്റുന്നത്.

ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയുടെയും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുടെയും ഉപദേശ നിര്‍ദേശങ്ങളും യാത്രക്ക് മുതല്‍ക്കൂട്ടാണ്. എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന നേതാക്കളും യാത്രയില്‍ നിശ്ചിത ചുമതലകളില്‍ സജീവമാണ്.