Connect with us

From the print

മതങ്ങള്‍ തമ്മില്‍ ശത്രുത അരുത്: കാന്തപുരം

മതേതരത്വത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹൃദവും ബഹുമാനവുമുണ്ടാക്കാനുള്ള മാര്‍ഗമായി വികസിപ്പിച്ച നാടാണ് നമ്മുടേത്.

Published

|

Last Updated

കേരളയാത്രക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കോട്ടയം | മതേതരത്വത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹൃദവും ബഹുമാനവുമുണ്ടാക്കാനുള്ള മാര്‍ഗമായി വികസിപ്പിച്ച നാടാണ് നമ്മുടേതെന്നും കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം ഈ സൗഹൃദമാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരളയാത്രക്ക് കോട്ടയം തിരുനക്കര മൈതാനത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതേതര കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്ന് നാടിന്റെ യശസ്സിനെ വീണ്ടെടുക്കണം. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും ഇന്ന് ചിലര്‍ മനുഷ്യരെ അകറ്റാനും വിദ്വേഷം പ്രചരിപ്പിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. നാം ജാഗ്രത പാലിക്കണം. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വേദനകള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഛിദ്ര ചിന്തകള്‍ നമ്മെ സ്വാധീനിക്കരുത്. മതം വെറുക്കാനല്ല കൂട്ടിയിണക്കാനാണ് പരിശീലിപ്പിക്കുന്നതെന്നും ഉസ്്താദ് പറഞ്ഞു.

സഹജീവികള്‍ക്ക് കാരുണ്യം ചൊരിഞ്ഞ് ജീവിതം സാര്‍ഥകമാക്കണമെന്നുള്ളവര്‍ക്ക് മതം അനുകമ്പയുടെ മനസ്സ് നല്‍കും. മറ്റൊരാളെ പരിഗണിക്കുന്നത് അവരുടെ ജാതിയും മതവും നോക്കിയാകരുത്. മതം പോലെ തന്നെ പ്രധാനമാണ് സാക്ഷരതയും വിദ്യാഭ്യാസവും. അതും മനുഷ്യരെ പരസ്പരം പരിഗണിക്കാനാണ് പ്രചോദിപ്പിക്കേണ്ടത്. വര്‍ഗീയമായ ചേരിതിരിവുകളില്ലാതാക്കാനാണ് സാക്ഷരത വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അക്ഷരത്തിന് നശിക്കാത്തത് എന്ന അര്‍ഥമുണ്ട്. നശിക്കാത്ത വൈദഗ്ധ്യമാണ് അറിവ്. അത് സഹജീവിയെ നശിപ്പിക്കാനല്ല, അവരെ സഹായിക്കാനാണ് ഉപയോഗിക്കേണ്ടത്. അറിവ്, സാക്ഷരത, വിദ്യാഭ്യാസം ഇതെല്ലാം മനുഷ്യനിലുണ്ടാക്കേണ്ട മൂല്യബോധത്തെ കുറിച്ചായിരിക്കണം. അറിവ് കൂടുമ്പോള്‍ വിവേകം ഇല്ലാതായിപ്പോകരുത്. മനസ്സുകളെ ചേര്‍ത്തുനിര്‍ത്താനാണ് അറിവ് ഉപയോഗിക്കേണ്ടതെന്നും കാന്തപുരം പറഞ്ഞു.

പ്രകൃതി മനോഹരമായ കായലുകളുടെ നാടാണ് കോട്ടയം. ജലാശയങ്ങളുടെ സംരക്ഷണം വളരെ പ്രധാനമാണ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം ഗൗരവത്തോടെ കാണണം. അവ മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും കാന്തപുരം വ്യക്തമാക്കി.