From the print
തിരുനക്കരയിൽ ചരിത്ര സംഗമം
കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി പാലോട്ട് മൂസക്കുട്ടി ഹാജി നഗറിലെത്തിയപ്പോള്‍ മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തിലുള്ള ജനാവലി കാന്തപുരത്തെ ഷാള്‍ അണിയിച്ചു.
കേരളയാത്രാ നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് കോട്ടയത്തെ സ്വീകരണ യോഗത്തിൽ മന്ത്രി വി എൻ വാസവൻ ഉപഹാരം നൽകുന്നു.
കോട്ടയം | മതസൗഹാര്‍ദത്തിന്റെ കരുത്ത് വീണ്ടെടുക്കാന്‍ അക്ഷര നഗരി നേതൃത്വം വഹിക്കണമെന്ന് ആഹ്വാനം ചെയ്ത് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്ര. കാര്‍മേഘവും ചാറ്റല്‍മഴയും മാറിനിന്ന സായാഹ്നത്തില്‍ കേരളയാത്രക്ക് കോട്ടയം നഗരം ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.
ഗാന്ധിജി, പട്ടം താണുപിള്ള തുടങ്ങിയ മഹാന്മാരുടെ ചരിത്രഭാഷണത്തിന് സാക്ഷിയായ തിരുനക്കര മൈതാനത്തായിരുന്നു പണ്ഡിത കുലപതിക്ക് കോട്ടയത്തിന്റെ സ്നേഹാശ്ലേഷം. കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലി പാലോട്ട് മൂസക്കുട്ടി ഹാജി നഗറിലെത്തിയപ്പോള്‍ മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തിലുള്ള ജനാവലി കാന്തപുരത്തെ ഷാള്‍ അണിയിച്ചു.
ഹൈറേഞ്ചിലെ സ്നേഹവായ്പ് ഏറ്റുവാങ്ങിയ ശേഷം ഇന്നലെ രാവിലെ ഒന്പതോടെയാണ് യാത്ര കോട്ടയം ജില്ലയുടെ അതിര്‍ത്തിദേശമായ ഏറ്റുമാനൂര്‍ ബൈപാസ് ജംഗ്ഷനിലെത്തിയത്. സുന്നി പ്രവര്‍ത്തകരുടെ ആവേശോജ്ജ്വല സ്വീകരണമാണ് നേതാക്കള്‍ക്ക് അവിടെയും ലഭിച്ചത്. വൈകിട്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് എം റഫീഖ് അഹ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. കാന്തപുരം ഉസ്താദ് മുഖ്യഭാഷണം നടത്തി. യാത്രയുടെ ഉപനായകരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ, മുനിസിപല്‍ ചെയര്‍മാന്‍ സന്തോഷ് കുമാര്‍, ജയസൂര്യന്‍ ഭട്ടതിരിപ്പാട് പ്രസംഗിച്ചു.
ഇന്ന് രണ്ട് ജില്ലകളിലാണ് കേരളയാത്രയുടെ പര്യടനം. രാവിലെ ഒന്പതിന് തിരുവല്ലയില്‍ വരവേല്‍പ്പ് ഏറ്റുവാങ്ങുന്ന ജാഥക്ക് പിന്നീട് പത്തനംതിട്ടയില്‍ സ്വീകരണ സമ്മേളനം ഒരുങ്ങും. വൈകിട്ട് മൂന്നിന് ആലപ്പുഴ ആദിക്കാട്ട് കുളങ്ങരയിലെത്തുന്ന യാത്രക്ക് കായംകുളത്താണ് സ്വീകരണം.





