From the print
രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്
തുടര്‍ഭരണത്തിന് ഇന്ന് നാലാം പിറന്നാള്‍. നേട്ടങ്ങളും വിവാദങ്ങളും. കരിദിനമാചരിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടത് മുന്നണി സര്‍ക്കാറിന് ഇന്ന് നാലാം പിറന്നാള്‍. തുടര്‍ച്ചയായി ഒമ്പത് വര്‍ഷമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സര്‍ക്കാറിനെ നയിച്ചത്. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവുമുള്‍പ്പെടെ വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണത്തുടര്‍ച്ചക്കുള്ള ശ്രമത്തിലാണ്.
പതിറ്റാണ്ടുകള്‍ നീണ്ട വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം സാക്ഷാത്കരിച്ചതും സ്ഥലമേറ്റെടുക്കല്‍ കടമ്പ കടന്നുള്ള ദേശീയപാത വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ ഇച്ഛാശക്തിയുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു. ഈ വര്‍ഷം നവംബറോടെ രാജ്യത്തെ അതിദരിദ്രര്‍ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നാണ് മറ്റൊരു പ്രധാന നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതായും കേരളം കടക്കെണിയിലെന്നത് അപവാദ പ്രചാരണമാണെന്നുമാണ് മുഖ്യമന്ത്രി നാലാം വാര്‍ഷിക ആഘോഷച്ചടങ്ങുകളില്‍ പറഞ്ഞത്.
സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കിയതും വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നതും പൊതുവിദ്യാഭ്യാസത്തെ ജനകീയമാക്കി. സ്വകാര്യ സര്‍വകലാശാലക്കായി പഴയ നയങ്ങള്‍ മാറ്റുകയും ചെയ്തു. ക്ഷേമ പെന്‍ഷനുകള്‍ മുടക്കമില്ലാതെ നല്‍കാനായതും നേട്ടമാണ്. വലിയ പ്രകൃതി ദുരന്തങ്ങളെയും ഈ സര്‍ക്കാറിന്റെ കാലത്ത് അതിജയിക്കേണ്ടി വന്നു.
ഇതിനിടയില്‍ വിവാദങ്ങള്‍ക്കും കുറവൊന്നുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണവും അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങളുമടക്കം നിരവധി വിവാദ പരമ്പരകളാണ് സര്‍ക്കാറിനെ പിടിച്ചുലച്ചത്. മാസപ്പടി ആരോപണത്തില്‍ മകള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതിയും ദേശീയ ഏജന്‍സികളുടെ അന്വേഷണവും മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും പ്രതിച്ഛായക്ക് ചെറുതെങ്കിലും കളങ്കമായി.
എംആര്‍ അജിത് കുമാര്‍ മുതല്‍ കെ എം എബ്രഹാം വരെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ പലരുടെയും അഴിമതി പുറത്തുവന്നതും നാണക്കേടുണ്ടാക്കി. ലോക്്‌സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്നു. ആശാസമരം കേരളം ഏറ്റെടുത്തത് സര്‍ക്കാറിന് ക്ഷീണമുണ്ടാക്കി. ജീവനെടുക്കുന്ന വന്യജീവി ആക്രമണങ്ങള്‍ തലവേദനയായി.
ആഭ്യന്തര വകുപ്പ് പലപ്പോഴും പരാജയം സമ്മതിക്കേണ്ടി വന്നു. സാമ്പത്തിക ഞെരുക്കവും തുറന്നുസമ്മതിക്കേണ്ടി വന്നു. നേട്ടങ്ങളെണ്ണിപ്പറഞ്ഞ് സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷം കരിദിനമാചരിക്കുകയാണ്. സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.