From the print
ഇ ഡിക്കെതിരെ പരാതി പ്രളയം; വിജിലന്‍സ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും
പരാതിക്കാരെ നേരില്‍ക്കണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യും.

കൊച്ചി | കേസൊതുക്കാന്‍ കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിക്കു പിന്നാലെ ഇ ഡിയുടെ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. കേസൊഴിവാക്കാന്‍ ഇടനിലക്കാര്‍ മുഖേന ഇ ഡി ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി കൂടുതല്‍ പരാതികള്‍ വിജിലന്‍സിന് ലഭിച്ചു. മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ നിജസ്ഥിതി പരിശോധിച്ചു വരികയാണെന്നും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.
അറസ്റ്റിലായവരുടെ മൊഴികള്‍ക്കു പുറമെ, കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് വിജിലന്‍സ്. ഫോണ്‍ വഴിയാണ് പരാതിക്കാര്‍ വിജിലന്‍സിനെ സമീപിച്ചത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പുതിയ പരാതികളില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. തെളിവുകളും മറ്റും ശേഖരിച്ച് കരുതലോടെ നീങ്ങാനാണ് തീരുമാനം. പരാതിക്കാരെ നേരില്‍ക്കണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.
കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇ ഡി കൊച്ചി ഓഫീസിലെ അസ്സിസ്റ്റന്റ്ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഒന്നാം പ്രതിയാണെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇദ്ദേഹത്തെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാലാം പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യരുടെ ഓഫീസില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉപകരണമടക്കം രേഖകള്‍ ലഭിച്ചത് നിര്‍ണായകമാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തിനകം ശേഖര്‍കുമാറിന് നോട്ടീസ് നല്‍കിയേക്കും.
കസ്റ്റഡിയിലുള്ള രഞ്ജിത്ത്, വിന്‍സണ്‍, മുകേഷ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അഞ്ച് ദിവസത്തേക്കാണ് ഇവരെ വിജിലന്‍സിന്റെ കസ്റ്റഡിയില്‍ കോടതി വിട്ടത്. ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് വിജിലന്‍സ് മധ്യമേഖലാ എസ് പി. എസ് ശശിധരന്‍ പറഞ്ഞു. പ്രതികളുടെ മൊഴികള്‍ ശേഖരിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.