Kerala
കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു
കോട്ടപ്പള്ള എം ഇ എസ് ആശുപത്രിപ്പടി വാലിപ്പറമ്പന്‍ ഉമര്‍ (65) ആണ് മരിച്ചത്.

പാലക്കാട് | എടത്തനാട്ടുകര പൊന്‍പാറ ചോലമണ്ണില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടപ്പള്ള എം ഇ എസ് ആശുപത്രിപ്പടി വാലിപ്പറമ്പന്‍ ഉമര്‍ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഉമറിനെ കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
കോട്ടപ്പള്ളയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ മലയില്‍ വനത്തിലൂടെ ചെന്ന് എത്തിച്ചേരാവുന്ന ജനവാസ കേന്ദ്രമാണ് ചോലമണ്ണ്. ഇവിടെ സ്വന്തം റബ്ബര്‍ തോട്ടത്തില്‍ രാവിലെ ടാപ്പിംഗിന് പോയതായിരുന്നു ഉമര്‍. വൈകിട്ടും തിരിച്ചെത്താത്തതോടെ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. അതിനിടെ, ആന ചിന്നം വിളിക്കുന്നത് കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട ഭാഗത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
സുലൈഖയാണ് ഉമറിന്റെ ഭാര്യ. മക്കള്‍: ഷൈനി, ജഷിയ, സാനിഫ. മരുമക്കള്‍: ശൗക്കത്ത്, ഹമീദ്, ഹനീഫ.