From the print
8,406 പേര്‍ വിശുദ്ധഭൂമിയിലെത്തി
ഇവരില്‍ 2,994 പുരുഷന്മാരും 5,412 സ്ത്രീകളുമാണ്. കരിപ്പൂര്‍ വഴി 4,306ഉം കൊച്ചി വഴി 1,720ഉം കണ്ണൂര്‍ വഴി 2,380ഉം ഹാജിമാരാണ് വിശുദ്ധഭൂമിയിലെത്തിയത്.

കരിപ്പൂർ ഹജ്ജ് ക്യാമ്പില്‍ ഇന്നലെ നടന്ന യാത്രയയപ്പ് സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി സംസാരിക്കുന്നു
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവരില്‍ പകുതിപേരും വിശുദ്ധഭൂമിയിലെത്തി. ഇന്നലെ വരെ സംസ്ഥാനത്തെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നായി 45 വിമാനങ്ങളില്‍ 8,406 പേരാണ് വിശുദ്ധഭൂമിയിലെത്തിയത്. ഇവരില്‍ 2,994 പുരുഷന്മാരും 5,412 സ്ത്രീകളുമാണ്.
കരിപ്പൂര്‍ വഴി 4,306ഉം കൊച്ചി വഴി 1,720ഉം കണ്ണൂര്‍ വഴി 2,380ഉം ഹാജിമാരാണ് വിശുദ്ധഭൂമിയിലെത്തിയത്. കരിപ്പൂരില്‍ നാളെ അര്‍ധരാത്രി ഹജ്ജ് ക്യാമ്പ് അവസാനിക്കുമെങ്കിലും മറ്റ് രണ്ട് ക്യാമ്പുകള്‍ തുടരും. കൊച്ചി, കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് 36 വിമാനങ്ങള്‍ സര്‍വീസ് നടത്താനുണ്ട്.
സംസ്ഥാനത്ത് നിന്ന് കാത്തിരിപ്പ് പട്ടികയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 16,064 പേര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചത്. 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഹജ്ജിന് പുറപ്പെട്ടത്. കൊച്ചി, കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഹാജിമാരെക്കാള്‍ വിമാന ടിക്കറ്റ് നിരക്കില്‍ 40,000 രൂപയുടെ അധിക ബാധ്യത കരിപ്പൂരില്‍ നിന്നുള്ള ഹാജിമാര്‍ക്ക് വഹിക്കേണ്ടിവന്നു.
കരിപ്പൂരില്‍ നാളെ മൂന്ന് വിമാനങ്ങള്‍ ഹാജിമാരെയും വഹിച്ച് പറക്കും. ഓരോ വിമാനത്തിലും 173 ഹാജിമാര്‍ വീതമായിരിക്കും പുറപ്പെടുക. കരിപ്പൂരില്‍ ഇന്നലെ പുലര്‍ച്ചെ 4.35ന് പുറപ്പെട്ട വിമാനത്തില്‍ 88 പുരുഷന്മാരും 83 സ്ത്രീകളുമുള്‍പ്പടെ 171 പേര്‍ വിശുദ്ധഭൂമിയിലെത്തി. ഇന്ന് പുലര്‍ച്ചെ 12.55നും വൈകിട്ട് ആറിനുമാണ് വിമാനങ്ങള്‍. ആദ്യ വിമാനത്തില്‍ 85 പുരുഷന്മുരം 88 സ്ത്രീകളും രണ്ടാമത്തെ വിമാനത്തില്‍ 84 പുരുഷന്മാരും 89 സ്ത്രീകളുമാണ് യാത്രയാകുക.
കണ്ണൂരില്‍ ഇന്ന് ഹജ്ജ് സര്‍വീസില്ല. ഈ മാസം 29 നാണ് കണ്ണൂരില്‍ നിന്നുള്ള അവസാന വിമാനം. കൊച്ചിയില്‍ ഇന്ന് ഒന്നും നാളെ മൂന്നും വിമാനങ്ങള്‍ സര്‍വീസ് നടത്തും.
കരിപ്പൂരില്‍ ഇന്നലെ നടന്ന യാത്രയയപ്പ് സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ഥന നടത്തി. ഹജ്ജ് കമ്മിറ്റി അംഗം അശ്കര്‍ കോറാട്, മുന്‍ ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം, ആയുര്‍വേദ മെഡിക്കല്‍ അസ്സോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. പി വി അരുണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് ഉഗ്രപുരം, ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍ യു അബ്ദുല്‍ കരീം അസ്സി. സെക്രട്ടറി ജഅ്ഫര്‍ കെ കക്കൂത്ത്, ഊരകം അബ്ദുര്‍റഹ്്മാന്‍ സഖാഫി, യൂസുഫ് പടനിലം, സയ്യിദ് മഅ്റൂഫ് മദനി ജിഫരി സംബന്ധിച്ചു.