Connect with us

Kerala

ദേശീയ മാനസികാരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നു

അഞ്ച് ജില്ലകളും നാല് നഗരങ്ങളും പട്ടികയില്‍

Published

|

Last Updated

പത്തനംതിട്ട | നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ്) നടത്തുന്ന ദേശീയ മാനസിക ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടം കേരളത്തില്‍ ആരംഭിക്കുന്നു. ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗവും, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവുമാണ് ഈ സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. മുതിര്‍ന്നവരിലും കൗമാര പ്രായക്കാരിലും കാണുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് മനസിലാക്കുക, മാനസികാരോഗ്യ പ്രശ്നങ്ങള്‍ മൂലമുള്ള വൈകല്യത്തിന്റെ അളവ്, സാമൂഹ്യ സാമ്പത്തിക ആഘാതം, കുടുംബത്തിന്റേയും പരിചരിക്കുന്നവരുടേയും മാനസിക സമ്മര്‍ദ്ദത്തിന്റെ തോത്, ഇപ്പോള്‍ നിലവിലുള്ള മാനസികാരോഗ്യ സംവിധാനത്തിന്റെ പര്യാപ്തത എന്നിവയാണ് സര്‍വേ വിഷയങ്ങള്‍.

കേരളത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, പാലക്കാട് ജില്ലകളും തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് നഗരങ്ങളുമാണ് സര്‍വേയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രാഗഡെയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി വിശ്വനാഥന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന അംഗങ്ങളാണ്.

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. വിധു കുമാര്‍ കെ, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രഫ. ഡോ. വിശ്വകല വി എസ് എന്നിവരാണ് പ്രധാന ഗവേഷകര്‍. ഡോ. സുമേഷ് ടി പി (അസി. പ്രൊഫസര്‍, സൈക്യാട്രി വിഭാഗം), ഡോ. മറിയം രാജി അലക്സ് (അസി. പ്രൊഫസര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം) ഡോ. രമ്യ ജി(അസി. പ്രൊഫസര്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം) ഡോ. ഗംഗ ജി കൈമള്‍ (അസി. പ്രൊഫസര്‍ സൈക്യാട്രി വിഭാഗം), ഡോ. ഷാലിമ എസ് (അസി. പ്രൊഫസര്‍, സൈക്യാട്രി വിഭാഗം) എന്നിവരാണ് സഹ ഗവേഷകര്‍. മാനസികാരോഗ്യ തോതും പ്രാദേശികമായുള്ള മാനസികാരോഗ്യ വെല്ലുവിളികളും തിരിച്ചറിയാനും അതനുസരിച്ച് നടപടി സ്വീകരിക്കാനും ഈ സര്‍വേ സഹായിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Latest