editorial
തിര. കമ്മീഷന്റെ ഒഴിഞ്ഞുമാറ്റം ജനാധിപത്യവിരുദ്ധം
ജനാധിപത്യത്തിന്റെ നിലനില്‍പ്പും കാര്യക്ഷമതയും കമ്മീഷന്റെ നിഷ്പക്ഷതയെയും സ്വതന്ത്ര നിലപാടിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണ് ബിഹാറിലെ തിര. കമ്മീഷന്റെ നിലപാട്.

ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കാത്തതാണ് ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകളും അവരെ നീക്കം ചെയ്തതിന്റെ കാരണങ്ങളും വെളിപ്പെടുത്തുകയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒഴിവാക്കിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാനും നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കാനും കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ നിഷേധാത്മകമായ ഈ നിലപാട് സ്വീകരിച്ചത്.
നിയമം അങ്ങനെ അനുശാസിക്കുന്നില്ലെന്നാണ് തിര. കമ്മീഷന്റെ വാദം. 1950ലെ ജനപ്രാതിനിധ്യ നിയമവും വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച 1960ലെ നിയമവും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാനോ കാരണങ്ങള്‍ വ്യക്തമാക്കാനോ നിര്‍ദേശിക്കുന്നില്ലത്രെ. പേര് ഒഴിവാക്കിയതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പുതുതായി പേര് ചേര്‍ക്കാനുള്ള ഫോറം-ആറ് പ്രകാരം അപേക്ഷ നല്‍കട്ടെയെന്നാണ് കമ്മീഷന്റെ നിര്‍ദേശം. സുതാര്യമല്ല കമ്മീഷന്റെ ഈ നിലപാട്. നിയമത്തിലെ പഴുതുപയോഗിച്ച് പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് ഓടിയൊളിക്കരുത് ഉത്തരവാദപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനം.
ആസന്നമായ ബിഹാര്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ നിലവിലുണ്ടായിരുന്ന 65 ലക്ഷത്തിലധികം പേരെയാണ് വെട്ടിമാറ്റിയത്. ഇവരില്‍ ഏറെയും ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരുമാണ്. മരണപ്പെട്ടവരോ ബിഹാര്‍ വിട്ട് മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിര താമസമാക്കിയവരോ കണ്ടെത്താന്‍ കഴിയാത്തവരോ രണ്ടിടങ്ങളില്‍ പേര് കാണപ്പെട്ടവരോ ആണ് നീക്കം ചെയ്ത വോട്ടര്‍മാരെന്നാണ് തിര. കമ്മീഷന്‍ പറയുന്ന ന്യായീകരണം. 22 ലക്ഷം പേര്‍ മരണപ്പെട്ടു. 35.68 ലക്ഷം പേര്‍ ബിഹാറിനു പുറത്തേക്ക് സ്ഥിരതാമസമാക്കി. ഏഴ് ലക്ഷത്തിലേറെ പേരുകള്‍ ഒന്നിലധികം ഇടങ്ങളില്‍ കാണപ്പെട്ടു. 1.2 ലക്ഷം പേരെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് കമ്മീഷന്റെ വിശദീകരണം. ഇതെത്രത്തോളം വസ്തുതാപരമാണെന്നറിയുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിശോധന നടത്തുകയും ചെയ്യണമെങ്കില്‍ ഒഴിവാക്കപ്പെട്ട ഓരോരുത്തരും എന്ത് കാരണത്താല്‍ ഒഴിവാക്കപ്പെട്ടു എന്നറിയേണ്ടതുണ്ട്. മൊത്തക്കണക്ക് കൊണ്ടായില്ല. ഇതടിസ്ഥാനത്തിലാണ് ഒഴിവാക്കപ്പെട്ടവരുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കുകയും ചെയ്യണമെന്നാവശ്യപ്പെടുന്നത്. ബൂത്ത് തലത്തില്‍ ഇത്തരമൊരു പട്ടിക തയ്യാറാക്കുന്നത് അത്ര പ്രയാസകരമായ കാര്യമല്ലെന്നിരിക്കെ കമ്മീഷന്‍ കാണിക്കുന്ന നിസ്സഹകരണത്തിന്റെ താത്പര്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.
ദേശീയ പൗരത്വ രജിസ്റ്റര്‍, കുടുംബ രജിസ്റ്റര്‍, പട്ടികജാതി-പട്ടിക വര്‍ഗ സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങി പതിനൊന്ന് രേഖകളാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബിഹാറില്‍ തിര. കമ്മീഷന്‍ ആവശ്യപ്പെടുന്നത്. സാധാരണക്കാരുടെ കൈവശമില്ലാത്തതാണ് ഈ രേഖകള്‍ മിക്കതും. അതേസമയം സാധാരണക്കാര്‍ പൊതുവെ കൈവശം സൂക്ഷിക്കുന്നതും ഭരണകൂടം രേഖകളായി അംഗീകരിച്ചതുമായ ആധാര്‍, വോട്ടര്‍ ഐ ഡി, റേഷന്‍ കാര്‍ഡ് എന്നിവ തിര. കമ്മീഷന്‍ സ്വീകരിക്കുന്നുമില്ല. സുപ്രീം കോടതി ഇത് ചോദ്യം ചെയ്തപ്പോള്‍, ആധാറും വോട്ടര്‍ ഐ ഡിയും വ്യാജമായി നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കമ്മീഷന്റെ മറുപടി. എന്നാല്‍ ജസ്റ്റിസുമാരായ സൂര്യകാന്ത് ശർമ, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ചോദിച്ചതു പോലെ വ്യാജമായി നിര്‍മിക്കാന്‍ പറ്റാത്ത ഏത് രേഖയാണ് ലോകത്തുള്ളത്?
അതിനിടെ വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പരാതിയില്ലെന്ന പ്രസ്താവനയുമായി രംഗത്തു വന്നു തിര. കമ്മീഷന്‍ വൃത്തങ്ങള്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി 1,60,813 ബൂത്തുതല ഏജന്റുമാരാണ് ബിഹാറിലുള്ളത്. ഇവരില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലത്രെ. ഈ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് ബൂത്തുതല ഏജന്റുമാര്‍ പറയുന്നു. അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയതില്‍ പരാതി നല്‍കിയിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് അവര്‍ വ്യക്തമാക്കി. പരാതിയുമായി എത്തുന്നവരോട് കന്നി വോട്ടര്‍മാര്‍ക്കുള്ള ഫോറം ആറ് പ്രകാരം പുതിയ അപേക്ഷ നല്‍കാനാണത്രെ തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ നിര്‍ദേശിക്കുന്നത്.
ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിനിടെ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി തെളിവു സഹിതം നേരത്തേ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് രാഹുല്‍ ഗാന്ധി പുറത്തുവിട്ട വീഡിയോയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോമുകള്‍ ആളുകളുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വയം ചേര്‍ക്കുന്നത് കാണാം. ഈ ആരോപണത്തിന് തിര. കമ്മീഷനില്‍ നിന്ന് ഇതുവരെ മറുപടി വന്നിട്ടില്ല.
യോഗ്യരല്ലാത്ത ഒരു വോട്ടറും പട്ടികയില്‍ കടന്നുകൂടാതിരിക്കാനാണത്രെ ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തുന്നത്. നല്ലതു തന്നെ. ഇതോടൊപ്പം യോഗ്യതയുള്ള ഒരു വോട്ടറും പുറത്തു പോകാതിരിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും കാണിക്കേണ്ടതുണ്ട് കമ്മീഷന്‍.
ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് അര്‍ഹതപ്പെട്ട വോട്ടര്‍മാരെയാണ് ബിഹാറില്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുന്നത്. ഇത് കേന്ദ്ര ഭരണകക്ഷിയുടെ താത്പര്യപ്രകാരമാണെന്ന് ആരോപിക്കപ്പെടുന്നു. സര്‍ക്കാറിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ വാലായി മാറാതെ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനാധിപത്യത്തിന്റെ നിലനില്‍പ്പും കാര്യക്ഷമതയും കമ്മീഷന്റെ നിഷ്പക്ഷതയെയും സ്വതന്ത്ര നിലപാടിനെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതാണ് ബിഹാറിലെ തിര. കമ്മീഷന്റെ നിലപാട്.