Connect with us

local body election 2025

ചിത്രം തെളിഞ്ഞു; ഇനി പ്രചാരണം

ജില്ലയില്‍ മത്സരരംഗത്തുള്ളത് 7786 പേര്‍.

Published

|

Last Updated

മലപ്പുറം | നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ ആരൊക്കെ കളത്തിലെന്നത് തെളിഞ്ഞു. സ്ഥാനാർഥി ആര്, വിമതനാര് എന്നെല്ലാം തെളിഞ്ഞതോടെ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും പ്രചാരണ കളത്തിലിറങ്ങാം. അവസാന കണക്കില്‍ ജില്ലയില്‍ 7786 പേരാണ് മത്സരരംഗത്തുള്ളത്. 4018 പുരുഷന്മാരും 3768 സ്ത്രീകളും.

ജില്ലയിൽ പല തദ്ദേശ സ്ഥാപനങ്ങളിലായി മുന്നണി സ്ഥാനാർഥികൾക്ക് തലവേദനയായി മൂന്ന് ഡസണോളം വിമത സ്ഥാനാർഥികളുണ്ട്. യു ഡി എഫ് സ്ഥാനാർഥികൾക്കാണ് വിമതശല്യം ഏറെയുള്ളത്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്രാവശ്യം വിമതശല്യം കുറവാണെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത്.

94 ഗ്രാമപഞ്ചയാത്തുകൾ, 12 നഗരസഭകൾ, 15 ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത് എന്നിവ ഉൾക്കൊള്ളുതാണ് മലപ്പുറത്തെ തദ്ദേശ സ്ഥാപനങ്ങൾ. ഇവിടേക്കാണ് 11ന് വോട്ടെടുപ്പ് നടക്കുക. 2001 നഗരസഭ വാർഡുകളിലേക്കും 505 നഗരസഭ വാർഡുകളിലേക്കും 33 ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും 250 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായിരുന്നത് ആകെ 2512 വാർഡുകളായിരുന്നു. ഇത്തവണ 2789 വാർഡുകളായി. 277 വാർഡുകളുടെ വർധന ഇത്തവണയുണ്ടായി. 2789 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനായി 3574802 വോട്ടർമാരാണ് ബൂത്തിലെത്തുക.

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് 33 ഡിവിഷനിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ 32 ഡിവിഷനുകളിൽ 21 ഇടത്ത് മുസ്‍ലിം ലീഗും ആറിടത്ത് കോൺഗ്രസ്സുമാണ്. അഞ്ച് അംഗങ്ങളാണ് ഇടതിനുള്ളത്.
12 നഗരസഭകളിൽ ഒമ്പതെണ്ണം യു ഡി എഫും മൂന്നെണ്ണം എൽ ഡി എഫും ഭരിക്കുന്നു. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഇടത്ത് യു ഡി എഫും മൂന്നിടത്ത് എൽ ഡി എഫും ഭരിക്കുന്നു. 68 ഗ്രാമപഞ്ചായത്തുകൾ ഭരിക്കുന്നത് യു ഡി എഫാണ്. തിരഞ്ഞെടുപ്പിൽ 63 ഗ്രാമപഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചിരുന്നത്. പിന്നീട് തുല്യശക്തികളായി വന്ന അഞ്ച് പഞ്ചായത്തുകൾകൂടി യു ഡി എഫിനൊപ്പം നിന്നു.

മുസ്‍ലിം ലീഗിന്റെ കരുത്തിൽ യു ഡി എഫിന് ശക്തമായ അടിത്തറയുള്ള മലപ്പുറം ജില്ലയില്‍ വിമതശല്യം തിരഞ്ഞെടുപ്പിനെ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് കണ്ടറിയാം.

Latest